ചേലക്കര മണ്ഡലത്തില്‍ നിര്‍ത്തിയത് നല്ല സ്ഥാനാര്‍ത്ഥിയെ : ആരോപണങ്ങളെ പ്രതിരോധിച്ച് കെ സുധാകരൻ

സരിന്‍ ചതിയനാണെന്നും നിര്‍ണായക സമയത്ത് പാര്‍ട്ടിയെ വഞ്ചിച്ചുവെന്നും വിമര്‍ശിച്ച കെ സുധാകരന്‍ സരിന്‍ തിരിച്ചുവന്നാലും കോണ്‍ഗ്രസ് എടുക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു

കൊച്ചി: ചേലക്കരയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വീഴ്ചയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് പ്രതികരണം.

സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തന്നോട് ആരും പരാതി പറഞ്ഞിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. അണികള്‍ക്കിടയില്‍ പരാതിയുണ്ടോ എന്ന് തനിക്കറിയില്ല. ഭൂരിപക്ഷം കുറയ്ക്കാനായത് പ്രവര്‍ത്തനത്തിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തില്‍ നിര്‍ത്തിയത് നല്ല സ്ഥാനാര്‍ത്ഥിയെ തന്നെയാണെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.

കൂടാതെ കോണ്‍ഗ്രസ് എസ്ഡിപിഐ പിന്തുണ തേടിയെന്ന ആരോപണത്തില്‍ തങ്ങള്‍ ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നാണ് കെ സുധാകരന്‍ പ്രതികരിച്ചത്. ആഹ്ലാദപ്രകടനം അവര്‍ ആഗ്രഹിച്ച സ്ഥാനാര്‍ത്ഥിയുടെ വിജയം കൊണ്ടാകാം. സരിന്‍ ചതിയനാണെന്നും നിര്‍ണായക സമയത്ത് പാര്‍ട്ടിയെ വഞ്ചിച്ചുവെന്നും വിമര്‍ശിച്ച കെ സുധാകരന്‍ സരിന്‍ തിരിച്ചുവന്നാലും കോണ്‍ഗ്രസ് എടുക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

നേരത്തെ രമ്യ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ മണ്ഡലത്തിനുള്ളിലെ നേതാക്കള്‍ തന്നെയാണ് രംഗത്തെത്തിയത്.

Share
Leave a Comment