Kerala

വയനാട് പുനരധിവാസം : ടൗണ്‍ഷിപ്പിനായി മേപ്പാടി പഞ്ചായത്ത് പ്രാഥമിക പട്ടിക തയ്യാറാക്കി

നിലവില്‍ പുന്നപ്പുഴയില്‍ നിന്ന് 50 മീറ്റര്‍ ദൂരപരിധി നിശ്ചയിച്ചാണ് ടൗണ്‍ഷിപ്പിനുള്ള ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തിയിട്ടുള്ളത്

വയനാട് : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷം പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിക്കാന്‍ പദ്ധതിയിടുന്ന ടൗണ്‍ഷിപ്പിനായി മേപ്പാടി പഞ്ചായത്ത് പ്രാഥമിക പട്ടിക തയ്യാറാക്കി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് മേപ്പാടി പഞ്ചായത്ത് പട്ടിക തയ്യാറാക്കിയത്.

ആദ്യഘട്ട പട്ടികയില്‍ 504 കുടുംബങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പട്ടികയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദുരന്തബാധിതരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിച്ചിരിക്കുകയാണ് മേപ്പാടി പഞ്ചായത്ത്. 983 കുടുംബങ്ങളാണ് ഇപ്പോള്‍ വാടക വീടുകളില്‍ താമസിക്കുന്നതെന്നാണ് കണക്ക്.

അര്‍ഹരായ കുടുംബങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടാതെ പോയിട്ടുണ്ടെങ്കില്‍ ആക്ഷേപം ഉന്നയിക്കാനും അവസരം നല്‍കും. കൂടാതെ ടൗണ്‍ഷിപ്പിനായി തയ്യാറാക്കിയ പ്രാഥമിക പട്ടികയില്‍ 520 കുടുംബങ്ങളെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ 16 കുടുംബങ്ങളിലെ എല്ലാവരും മരിച്ചുപോയവരാണ്. ആ കുടുംബങ്ങളെ ഒഴിവാക്കിയാണ് 504 പേരുടെ പട്ടിയ തയ്യാറാക്കിയത്.

നിലവില്‍ പുന്നപ്പുഴയില്‍ നിന്ന് 50 മീറ്റര്‍ ദൂരപരിധി നിശ്ചയിച്ചാണ് ടൗണ്‍ഷിപ്പിനുള്ള ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പദ്ധതിയുടെ കരടു പട്ടിക ആയിട്ടില്ലെന്നും ചൊവ്വാഴ്ച സര്‍വ്വകക്ഷി യോഗത്തിനുശേഷമേ കരടു പട്ടിക പൂര്‍ണ്ണമാകൂ എന്നും അധികൃതര്‍ അറിയിച്ചു. ടൗണ്‍ഷിപ്പിനായുള്ള ഭൂമി നിയമക്കുരുക്കിലാണ് അത് ഏറ്റെടുക്കുന്നതിനുള്ള നടപടികളും ആയിട്ടില്ലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button