സമസ്തയുടെ സംഭാവനകള്‍ കേരളത്തിന്റെ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തും, ജിഫ്രി തങ്ങളെ സന്ദർശിച്ച്‌ വാര്യർ

സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ച് സന്ദീപ് വാര്യര്‍. മലപ്പുറം കഴിശ്ശേരിയിലെ ജിഫ്രി തങ്ങളുടെ വീട്ടിലെത്തിയാണ് സന്ദീപ് വാര്യര്‍ കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍ ഭരണഘടനയുടെ കയ്യെഴുത്ത് പതിപ്പ് സന്ദീപ് വാര്യര്‍ ജിഫ്രി തങ്ങള്‍ക്ക് കൈമാറി.

സമസ്തയുടെ സംഭാവനകള്‍ കേരളത്തിന്റെ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തുന്നതാണെന്നും ആ ഒരു ആദരവ് കൂടിയാണ് അര്‍പ്പിക്കുന്നതെന്നും സന്ദീപ് വാര്യര്‍ പ്രതികരിച്ചു. അദ്ദേഹത്തിന്റെ അനുഗ്രഹം മുന്നോട്ടുള്ള പ്രയാണത്തില്‍ ആവശ്യമുണ്ടെന്നും പറഞ്ഞു.ഇവരൊക്കെ വലിയ പ്രകാശ ഗോപുരങ്ങളാണ്. അത്തരം ആളുകളെ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ എന്ന നിലയ്ക്ക് കാണുക, അനുഗ്രഹം വാങ്ങുക എന്നതൊക്കെ നല്ല കാര്യമാണ്.

മുഖ്യമന്ത്രി സന്തോഷിക്കണം. മൂന്നരക്കോടി മലയാളികളുടെ മുഖ്യമന്ത്രിയാണദ്ദേഹമെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. അതേസമയം, സമസ്ത മതസൗഹാര്‍ദത്തിന് ഊന്നല്‍ നല്‍കുന്ന സംഘടനയാണെന്ന് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രതികരിച്ചു. വിഭാഗീയത വളര്‍ത്താന്‍ ഒരിക്കലും സമസ്ത ശ്രമിച്ചിട്ടില്ല. തുറന്ന പുസ്തകമാണ് സമസ്തയുടെ ചിരിത്രമെന്ന് എല്ലാവര്‍ക്കും അറിയാം.

ഇന്ത്യാ രാജ്യത്ത് നന്മ ചെയ്യുന്ന എല്ലാവരോടും യോജിക്കും. പത്രത്തില്‍ ആര് പരസ്യം തന്നാലും സ്വീകരിക്കും – തങ്ങള്‍ വ്യക്തമാക്കി.ഏതെങ്കിലും മുന്നണിയെയോ പാര്‍ട്ടിയെയോ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന പാരമ്പര്യം സമസ്തക്കില്ലെന്ന് സമസ്ത നേതാക്കള്‍ പറഞ്ഞു. ‘ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ കഷ്ടം’ എന്ന തലക്കെട്ടില്‍ സന്ദീപ് വാര്യരുടെ ഫോട്ടോ വെച്ച് വന്ന പരസ്യം വിവാദമായിരുന്നു.

Share
Leave a Comment