ഝാൻസി: ഉത്തർപ്രദേശിൽ മെഡിക്കൽ കോളജിലുണ്ടായ തീപിടുത്തത്തിൽ പത്ത് നവജാത ശിശുക്കൾ വെന്തുമരിച്ചു. ഉത്തർപ്രദേശിലെ ഝാൻസിയിലെ മഹാറാണി ലക്ഷ്മിഭായ് മെഡിക്കൽ കോളജിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തി (എൻഐസിയു)ലാണ് അഗ്നിബാധയുണ്ടായത്. 10 നവജാത ശിശുക്കൾ മരിക്കുകയും 16 കുഞ്ഞുങ്ങൾക്ക് പൊള്ളലേൽക്കുകയും ചെയ്തെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട് എന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വെള്ളിയാഴ്ച രാത്രി 10.35 ഓടെയാണ് തീപിടിത്തമുണ്ടായത്. ഉടനടി 37 കുട്ടികളെ സുരക്ഷിതമായി രക്ഷപ്പെടുത്തി. എന്നാൽ പത്ത് കുഞ്ഞുങ്ങൾ മരണപ്പെട്ടു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രഥമിക നിഗമനം. തീപിടിത്തത്തിൻ്റെ കാരണം അന്വേഷിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ആറ് ഫയർ എഞ്ചിനുകൾ സ്ഥലത്തുണ്ടെന്നും ഝാൻസി കളക്ടർ അവിനാഷ് കുമാർ പറഞ്ഞു. മെഡിക്കൽ കോളേജിൽനിന്ന് രോഗികളെ ഒഴിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ചേർന്ന് ജനലുകൾ തകർത്ത് രോഗികളെ രക്ഷിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഝാൻസി മെഡിക്കൽ കോളേജിലെ എൻഐസിയുവിലുണ്ടായ അപകടത്തിൽ കുട്ടികളുടെ മരണം അങ്ങേയറ്റം ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്സിൽ കുറിച്ചു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Comment