India

തനിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് തെളിയിക്കാൻ ഹോസ്റ്റലിൻറെ നാലാം നിലയിൽ നിന്ന് ചാടി: 19കാരന് സംഭവിച്ചത്

അമാനുഷിക ശക്തിയുണ്ടെന്ന് തെളിയിക്കാൻ കോളേജ് ഹോസ്റ്റലിൻറെ നാലാം നിലയിൽ നിന്ന് ചാടിയ പത്തൊൻപതുകാരന് ​ഗുരുതര പരിക്ക്. കോയമ്പത്തൂരിലെ മാലുമിച്ചാംപട്ടിക്ക് സമീപം മൈലേരിപാളയത്ത് സ്വകാര്യ എഞ്ചിനീയറിംഗ് കോളജിലെ വിദ്യാർത്ഥിയായ ഈറോട് സ്വദേശി പ്രഭു ആണ് കെട്ടിടത്തിൽ നിന്നും ചാടിയത്. മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ പ്രഭു തിങ്കളാഴ്ച്ച വൈകിട്ടാണ് കോളേജ് ഹോസ്റ്റലിൻറെ നാലാം നിലയിൽ നിന്നും ചാടിയത്.

ഈറോഡ് ജില്ലയിലെ പെരുന്തുറയ്ക്കടുത്തുള്ള മേക്കൂർ സ്വദേശിയായ പ്രഭു ബിടെക് (ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് ഡേറ്റ സയൻസ്) മൂന്നാം വർഷ വിദ്യാർഥിയാണ്. കോളേജ് ഹോസ്റ്റലിലാണ് പ്രഭു താമസിച്ചിരുന്നത്. അമാനുഷിക ശക്തിയുണ്ടെന്നായിരുന്നു വിദ്യാർത്ഥിയുടെ അവകാശവാദം. ഇതു തെളിയിക്കാനായാണ് ഹോസ്റ്റലിൻറെ നാലാം നിലയിൽ നിന്ന് ചാടിയത്. താഴെ വീണ് പ്രഭുവിൻറെ കാലും കയ്യും ഒടിഞ്ഞു. യുവാവിൻറെ തലയ്ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. തനിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് ഇയാൾ സഹപാഠികളോട് പറഞ്ഞിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.

ഏത് കെട്ടിടത്തിൽ നിന്നും തനിക്ക് ചാടാൻ കഴിയുമെന്നും പ്രഭു സഹപാഠികളോട് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥി നാലാം നിലയിൽ നിന്നും താഴേക്ക് ചാടിയത്. പ്രഭു കെട്ടിടത്തിൽ നിന്ന് ചാടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച താൻ മന്ത്രവാദത്തിൻറെ സ്വാധീനത്തിലായിരുന്നുവെന്ന് സുഹൃത്തുക്കളോടും കൂടെ താമസിക്കുന്നവരോടും പ്രഭു പറഞ്ഞതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. തനിക്ക് മഹാശക്തിയുണ്ടെന്നും യുവാവ് പറഞ്ഞിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button