KeralaLatest NewsNews

തേങ്കുറിശ്ശി ദുരഭിമാനക്കൊല: പ്രതികള്‍ക്ക് ജീവപര്യന്തം

പാലക്കാട്: തേങ്കുറുശ്ശി ദുരഭിമാനക്കൊലക്കേസില്‍ പ്രതികളായ പ്രഭുകുമാര്‍ (43), കെ.സുരേഷ്‌കുമാര്‍ (45) എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷ. ഇതരജാതിയില്‍പെട്ട യുവതിയെ വിവാഹം ചെയ്തതിനാണ്, വിവാഹത്തിന്റെ 88-ാം ദിവസം ഇലമന്ദം കൊല്ലത്തറയില്‍ അനീഷിനെ (27) കൊലപ്പെടുത്തിയത്. അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനാണ് പ്രഭുകുമാര്‍. കെ.സുരേഷ്‌കുമാര്‍ അമ്മാവനും.

Read Also: നവാസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: മൂന്ന് പേര്‍ അറസ്റ്റില്‍

2020 ഡിസംബര്‍ 25നാണ് കൊലപാതകം നടന്നത്. പാലക്കാട് അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി ആര്‍.വിനായക റാവു ആണു കേസ് പരിഗണിച്ചത്. പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍കണമെന്നും കൊല്ലപ്പെട്ട അനീഷിന്റെ കുടുംബാംഗങ്ങള്‍ക്കു ധനസഹായം നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നടന്നത് അതിക്രൂരമായ കൊലപാതകം അല്ലെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വം അല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതികള്‍ക്കു പരമാവധി ശിക്ഷ തന്നെ നല്‍കണമെന്ന് അനീഷിന്റെ ഭാര്യ പി.ഹരിത, മാതാപിതാക്കളായ ഇ.കെ.ആറുമുഖന്‍, കെ.രാധ എന്നിവര്‍ ആവശ്യപ്പെട്ടു.

2020 ഡിസംബര്‍ 25നു വൈകിട്ട് ആറരയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. വലിയ വിവാദമായ കേസ് അന്വേഷിച്ചതു ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന സി.സുന്ദരനാണ്. അനീഷിന്റേതു ദുരഭിമാനക്കൊലയെന്നു വ്യക്തമാക്കി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി.ജോണ്‍ 2024 മാര്‍ച്ചില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഹരിത, അനീഷിന്റെ സഹോദരന്‍ അരുണ്‍ എന്നിവര്‍ ഉള്‍പ്പെടെ 59 സാക്ഷികളെ വിസ്തരിച്ചു. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണു ചുമത്തിയത്. കേസില്‍ കൃത്യമായ സാക്ഷിമൊഴികളും തെളിവുകളും ഹാജരാക്കാന്‍ കഴിഞ്ഞതായി പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ പി.അനില്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button