ഋഷി നാഗകുളത്തപ്പൻ എറണാകുളത്തപ്പനായ കഥ: ഐതീഹ്യം ഇങ്ങനെ

പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ കേരളത്തിലെ 108 ശിവ ക്ഷേത്രങ്ങളിലൊന്നാണ് എറണാകുളത്തപ്പന്‍ ക്ഷേത്രമെന്നാണ് ചരിത്രം. ഋഷി നാഗകുളത്തപ്പനാണ് എറണാകുളത്തപ്പനായി മാറിയത്. അതിന്റെ ഐതീഹ്യം ഇങ്ങനെ :ദ്വാപരയുഗത്തില്‍, ഹിമാലയപ്രാന്തങ്ങളില്‍ തപസ്സനുഷ്ഠിച്ചിരുന്ന കുലമുനിയുടെ മൂന്നു കുമാരന്മാരില്‍ ഒരാളായിരുന്നു ദേവലന്‍. ഹോമദ്രവ്യങ്ങള്‍ ശേഖരിയ്ക്കാന്‍ കാട്ടില്‍ പോയ ദേവലന്‍, തന്നെ ദംശിച്ച ഒരു പാമ്ബിനെ കൊല്ലാനിടയായി.
ഈ ഹിംസയ്ക്ക് ദേവലനെ, പാമ്ബിന്റെ ശിരസും മനുഷ്യന്റെ ഉടലുമുള്ള ഭീകരജീവിയാകട്ടെ എന്ന് ഗുരു ശപിച്ചു. ദേവലന്‍ നാഗര്‍ഷിയായി.

പിന്നീട് ശാപമോക്ഷം കൊടുത്തു: കിഴക്ക് ദിക്കില്‍, മന്ഥര പര്‍വതത്തില്‍ ഇലഞ്ഞിമരച്ചുവട്ടില്‍ നാഗം പൂജ ചെയ്യുന്ന ശിവലിംഗം കണ്ടെത്തുക. ആ വിഗ്രഹം വാങ്ങി പൂജചെയ്യുക. ദക്ഷിണ ദിക്കിലേക്ക് സഞ്ചരിക്കുക. പൂജയ്ക്കിടെ എവിടെവെച്ച്‌ പൂജാവിഗ്രഹം ഉറച്ചു പോകുന്നുവോ, അവിടെ നീ ശാപമോചിതനാകും.
ദക്ഷിണ ദിക്കിലേക്കു യാത്ര തിരിച്ച നാഗര്‍ഷി എറണാകുളത്തെത്തി. ഒരു വൃക്ഷത്തണലില്‍ വിഗ്രഹം വച്ച്‌, അടുത്തുളള കുളത്തിലിറങ്ങി കുളിച്ചു വന്ന് പൂജ ആരംഭിച്ചു. ചിലര്‍ കുളക്കടവില്‍ ഭീകരജീവിയെ കണ്ട് ഉപദ്രവിക്കാനാരംഭിച്ചു. നാഗര്‍ഷി വിഗ്രഹമെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വിഗ്രഹം അവിടെ ഉറച്ചു പോയിരുന്നു.

ശിവലിംഗത്തിന് മുന്നില്‍ സാഷ്ടാംഗപ്രണാമം നടത്തിയ നാഗര്‍ഷി ശാപമോചിതനായി. ദേശാധിപനായ തൂശത്തുകൈമള്‍ വിവരങ്ങള്‍ അറിഞ്ഞ് ശിവലിംഗം ഇരുന്ന സ്ഥാനത്ത് പണിയിച്ച ക്ഷേത്രമാണ് എറണാകുളം മഹാശിവക്ഷേത്രം. ക്ഷേത്രത്തിനു വടക്കുകിഴക്കെ ക്ഷേത്രക്കുളം ഋഷിനാഗകുളം എന്നാണ് അറിയപ്പെടുന്നത്. ഋഷിനാഗകുളം പിന്നീട് എറണാകുളമായെന്നും കരുതപ്പെടുന്നു.പ്രധാനമൂർത്തിയായ ശിവൻ പാർവ്വതീസമേതനായി പടിഞ്ഞാട്ട് ദർശനമായി വാഴുന്നു. പ്രധാനവിഗ്രഹം സ്വയംഭൂവാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ആദ്യം ഇവിടത്തെ ശിവൻ കിഴക്കോട്ട് ദർശനമായിരുന്നത്രേ.

എന്നാൽ ഉഗ്രമൂർത്തിയായ ശിവന്റെ കോപം കാരണം കിഴക്കുഭാഗത്തുള്ള നിരവധി സ്ഥലങ്ങൾ അഗ്നിക്കിരയാകുകയും തുടർന്ന് വില്വമംഗലം സ്വാമിയാരുടെ അഭ്യർത്ഥനപ്രകാരം ശിവൻ സ്വയം പടിഞ്ഞാട്ട് ദർശനമാകുകയും ചെയ്തു. ക്ഷേത്രത്തിന് കിഴക്കുള്ള ‘കരിത്തറ’ എന്ന സ്ഥലത്തിന് ആ പേരുവരാൻ തന്നെ കാരണം ശിവന്റെ കോപാഗ്നിയാണത്രേ. കിഴക്കേനടയിൽ പാർവ്വതീസാന്നിദ്ധ്യമുള്ളതായി വിശ്വസിയ്ക്കപ്പെടുന്നു. ആ നട തുറക്കാറില്ല. ഇതും വില്വമംഗലം സ്വാമിയാരുടെ അഭ്യർത്ഥനപ്രകാരമാണുണ്ടായതത്രേ. ഇന്ന് അവിടെ പാർവ്വതിയുടെ ചെറിയൊരു കണ്ണാടിവിഗ്രഹമുണ്ട്.

അവിടെ ദിവസവും വിളക്കുവപ്പുമുണ്ട്. ക്ഷേത്രത്തിന് പടിഞ്ഞാറും കിഴക്കുമായി രണ്ട് ഗോപുരങ്ങളുണ്ട്. ക്ഷേത്രേശന്റെ ദർശനം പടിഞ്ഞാട്ടായതിനാൽ പടിഞ്ഞാറുഭാഗത്തുള്ളതാണ് പ്രധാനം. രണ്ടുനിലകളുള്ള പടിഞ്ഞാറേ ഗോപുരത്തിന് ഇരുവശവും ത്രികോണാകൃതിയിൽ ചെരിഞ്ഞുനിൽക്കുന്ന മേൽക്കൂരയും ഒരുവശത്തേയ്ക്ക് തെന്നിമാറിനിൽക്കുന്ന ജനാലകളുമുണ്ട്. കിഴക്കേഗോപുരം ഈയിടെയാണ് നവീകരിച്ചത്. രണ്ടുഭാഗത്തും ആനക്കൊട്ടിലുകളുണ്ട്. ദർശനവശമായ പടിഞ്ഞാറുഭാഗത്ത് വളരെ ഉയരം കൂടിയ ഒരു സ്വർണ്ണക്കൊടിമരമുണ്ട്. ശ്രീകോവിൽ വൃത്താകൃതിയിലാണ്. വടക്കുഭാഗത്ത് മറ്റൊരു ശിവപ്രതിഷ്ഠയുണ്ട്. കിരാതമൂർത്തിഭാവത്തിലുള്ള പ്രതിഷ്ഠയാണ്.

പടിഞ്ഞാട്ടുതന്നെയാണ് ഇതിന്റെയും ദർശനം. അർജുനൻ പൂജിച്ചതാണ് ഈ ശിവലിംഗമെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഈ ശിവലിംഗമാണ് ആദ്യത്തെ പ്രതിഷ്ഠ. അർജുനന് പാശുപതാസ്ത്രം നൽകാൻ ശിവനെടുത്ത രൂപമാണ് കിരാതമൂർത്തി എന്ന് മഹാഭാരതം പറയുന്നു. തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായി ഗണപതി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. നാലമ്പലത്തിനുപുറത്ത് തെക്കുപടിഞ്ഞാറുഭാഗത്തായി അയ്യപ്പൻ, നാഗങ്ങൾ എന്നിവർ പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു.ഒരു തമിഴ് ബ്രാഹ്മണനായിരുന്ന കൊച്ചി ദിവാൻ വെങ്കടസ്വാമിയുടെ കാലത്താണ് ഈ ദേവാലയം നിർമ്മിച്ചത്. കൊച്ചിയിലെ തമിഴ് ബ്രാഹ്മണസഭയുടെ വകയാണ് ഈ ദേവാലയം.

തമിഴ് താന്ത്രികാചാരപ്രകാരമാണ് നിത്യപൂജകൾ നടക്കുന്നത്. വള്ളി, ദേവസേന എന്നീ രണ്ട് പത്നിമാരോടുകൂടിയ സുബ്രഹ്മണ്യസ്വാമിയാണ് പ്രധാന പ്രതിഷ്ഠ. കിഴക്കോട്ട് ദർശനം. വിഷ്ണു, ഗണപതി, ദക്ഷിണാമൂർത്തി, ദുർഗ്ഗ എന്നിവരാണ് ഉപപ്രതിഷ്ഠകൾ.ക്ഷേത്രത്തിനു വടക്കുകിഴക്കായാണ് ക്ഷേത്രക്കുളം. ഋഷിനാഗക്കുളം എന്നാണിതിന്റെ പേർ. നാഗർഷി ശിവപൂജയ്ക്കുമുമ്പ് കുളിച്ച കുളമായതിനാലാണ് ഋഷിനാഗക്കുളം എന്ന പേരുവന്നത്. ഋഷിനാഗക്കുളം ലോപിച്ച് എറണാകുളമായതാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. 200 വർഷം പഴക്കമുള്ള ഒരു അരയാൽ കുളക്കരയിലുണ്ട്.

Share
Leave a Comment