KeralaLatest NewsNews

അന്താരാഷ്ട്ര വിക്ക് ബോധവല്‍ക്കരണ ദിനത്തില്‍ വിക്കുള്ള ആളുകളെ ഉള്‍പ്പെടുത്തി തകര്‍പ്പന്‍ പരിപാടിയുമായി റേഡിയോ മിര്‍ച്ചി

കൊച്ചി: അന്താരാഷ്ട്ര വിക്ക് ബോധവല്‍ക്കരണ ദിനമായ ഒക്ടോബര്‍ 22ന് വളരെ വ്യത്യസ്ഥമായ പരിപാടി അവതരിപ്പിക്കാനൊരുങ്ങി റേഡിയോ മിര്‍ച്ചി എഫ്എം റേഡിയോ. ഒക്ടോബര്‍ 22ന്
റേഡിയോ മിര്‍ച്ചിയിലെ എല്ലാ ഷോകളും അവതരിപ്പിക്കുന്നത് പരമ്പരാഗത ആശയവിനിമയ മാനദണ്ഡങ്ങളെ വെല്ലുവിളിച്ചുകൊണ്ട് , വിക്കുള്ള ആളുകളാണ്. വിക്കുള്ള ആളുകളില്‍ അവബോധം വളര്‍ത്തുന്നതിനായാണ് റേഡിയോ മിര്‍ച്ചി ഇത്തരത്തില്‍ വ്യത്യസ്തമായ രീതിയില്‍ പരിപാടി അവതരിപ്പിക്കുന്നത്.

Read Also: പ്രശാന്തിനെ ജോലിയില്‍ നിന്നും പുറത്താക്കും: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

‘സാധാരണയായി, വിക്കുള്ള ആളുകളെ ഒരുപാട് സംസാരം ആവശ്യമുള്ള ജോലികള്‍ ചെയ്യാന്‍ കഴിവില്ലാത്തവരായി കണക്കാക്കപ്പെടുന്നു,’ മോര്‍ണിംഗ് ഷോ അവതാരകനായ മാര്‍ത്തോമ്മാ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അരുണ്‍ വിനോദ് പറഞ്ഞു. ‘എന്നാല്‍ അത് ശരിയല്ല എന്നതിന്റെ ജീവിക്കുന്ന തെളിവാണ് ഞാന്‍ – ഞാന്‍ ഒരു അധ്യാപകനും ഇപ്പോള്‍ ഒരു ആര്‍ജെയുമാണ്!’.

യുജിസി NET നു വേണ്ടി തയ്യാറെടുക്കുന്ന ഗായികയും മോട്ടിവേഷണല്‍ സ്പീക്കറുമായ അഞ്ജലി മരിയ പറഞ്ഞു, ‘എന്റെ വിക്ക് കാരണം ഒരിക്കല്‍ ഞാന്‍ ഒരു കരിയര്‍ കൗണ്‍സിലിംഗ് ജോലിയില്‍ നിന്ന് നിരസിക്കപ്പെട്ടു. എന്നാല്‍ അതിനുശേഷം മൂവായിരത്തോളം വരുന്ന ജനക്കൂട്ടത്തോടും ഇപ്പോള്‍ ആയിരക്കണക്കിന് ശ്രോതാക്കളോടും ഞാന്‍ സംസാരിച്ചു. ആശയവിനിമയത്തിന് പരിമിതികളില്ല.’ അഞ്ജലിയാണ് മിഡ് മോര്‍ണിംഗ് ഷോ അവതരിപ്പിക്കുന്നത്.

‘സിനിമയെയും സംഗീതത്തെയും കുറിച്ച് ഞാന്‍ മൈക്കിന് മുന്നില്‍ സംസാരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല,” ഉച്ചക്ക് ശേഷമുള്ള അവതാരകനായ കോഴിക്കോട് ഗവ എച്ച്എസ്എസ്, മെഡിക്കല്‍ കോളേജ് കാമ്പസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അല്‍ സാബിര്‍ പറഞ്ഞു.

നമുക്ക് ചുറ്റുമുള്ള ആളുകള്‍ക്ക് നിരവധി വൈകല്യങ്ങളുണ്ട്. എന്നാല്‍ ഈ വൈകല്യങ്ങളെ കരുത്തായി മാറ്റുമ്പോള്‍, നമുക്ക് മുന്നോട്ട് പോകാനാകും,’ മാള്‍ട്ടയിലെ ഗതാഗത ജീവനക്കാരനായ റോമിയോ പറഞ്ഞു. റോമിയോയാണ് ഈവനിംഗ് ഷോ അവതരിപ്പിക്കുന്നത്.

ദേശീയ അവാര്‍ഡ് ജേതാവായ നടി സുരഭി ലക്ഷ്മി, സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍, നടി ശിവദ എന്നിവര്‍ ഈ പ്രത്യേക സംപ്രേക്ഷണത്തില്‍ പങ്കെടുത്തിരുന്നു. സംസാര വൈകല്യമുള്ള വ്യക്തികള്‍ പലപ്പോഴും വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തുന്നുണ്ടെന്ന് നടി ശിവദ പറഞ്ഞു,

സംസാര വൈകല്യങ്ങള്‍ക്കിടയിലും ആശയവിനിമയത്തിന് പരിമിതികളില്ലെന്ന് ഈ കാമ്പെയിന്‍ ഊന്നിപ്പറയുന്നു – റേഡിയോ മിര്‍ച്ചിയുടെ തമിഴ്നാട്, കേരള ബിസിനസ് ഡയറക്ടര്‍ അജിത്. യു. പറഞ്ഞു. ”ഈ വ്യക്തികള്‍ക്ക് സ്റ്റീരിയോടൈപ്പുകള്‍ തകര്‍ക്കാനും മറ്റുള്ളവരെ പ്രചോദിപ്പിക്കാനും ഒരു വേദി നല്‍കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button