ബെലഗാവി: ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചെന്ന് കരുതുന്ന 47 കാരനായ വ്യവസായിയുടെ മരണത്തില്‍ ദുരൂഹത പ്രകടിപ്പിച്ച് മകള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ബുധനാഴ്ച പുറത്തെടുത്തു.
Read Also: ഇറച്ചിയും മീനും ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടത് ഇങ്ങനെ
മാലമാരുതിയിലെ മഹന്തേഷ് നഗറിലെ ആഞ്ജനേയ നഗര്‍ നിവാസിയായ സന്തോഷ് ദുണ്ടപ്പ പദ്മന്നവര്‍ എന്നയാളുടെ മൃതദേഹമാണ് ബുധനാഴ്ച അസിസ്റ്റന്റ് കമ്മീഷണറുടെ സാന്നിധ്യത്തില്‍ പുറത്തെടുത്തത് . ഒക്ടോബര്‍ 9 ന് ആയിരുന്നു സന്തോഷ് ദുണ്ടപ്പ മരണപ്പെടുന്നത് . മുന്‍നിശ്ചയിച്ച പ്രകാരം നേത്രദാനത്തിന് ശേഷം അദ്ദേഹത്തിന്റെ സംസ്‌കാരം അടുത്ത ദിവസം സദാശിവനഗര്‍ ശ്മശാനത്തില്‍ നടത്തുകയും ചെയ്തു .
അതേസമയം , ബെംഗളൂരുവില്‍ എന്‍ജിനീയറിങ്ങിന് പഠിക്കുന്ന മൂത്തമകള്‍ സഞ്ജന പദ്മന്നവര്‍ വീട്ടില്‍ എത്തി സംഭവ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ശ്രമിച്ചെങ്കിലും അമ്മ ഉമ അവളെ ശകാരിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തതായി സഞ്ജന കണ്ടെത്തി. തുടര്‍ന്നാണ് അമ്മയെയും രണ്ട് വീട്ടുജോലിക്കാരെയും മറ്റ് രണ്ട് പേരെയും പേരെടുത്ത് പറഞ്ഞ് യുവതി പരാതി നല്‍കിയത്.
‘ഞാന്‍ ശ്മശാനത്തില്‍ നിന്ന് മടങ്ങിയ ശേഷം, കുളിക്കാന്‍ പറഞ്ഞതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ കുളികഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും ഒരു മണിക്കൂറോളം സിസിടിവി ദൃശ്യങ്ങള്‍ മായ്ച്ചിരുന്നു. ഇത് എനിക്ക് സംശയം ജനിപ്പിക്കുകയും രണ്ട് വീട്ടുജോലിക്കാര്‍ ഉള്‍പ്പടെ വീട്ടിലുണ്ടായിരുന്ന എല്ലാവരുടെയും പേരുകള്‍ പറഞ്ഞ് ഞാന്‍ പരാതി നല്‍കുകയും ചെയ്തു. അജ്ഞാതരായ രണ്ട് പേര്‍ വീടിന് പുറത്തേക്ക് പോകുന്നത് എതിര്‍ വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ കാണാം. എന്റെ അമ്മ സിസിടിവി ദൃശ്യങ്ങള്‍ ഇല്ലാതാക്കി. എന്റെ അച്ഛന്‍ മരിക്കുമ്പോള്‍ എന്റെ രണ്ട് ഇളയ സഹോദരന്മാരെ ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു-ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേ സഞ്ജന വെളിപ്പെടുത്തി .
സഞ്ജനയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ശരവണ്‍ കുമാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, എഫ്എസ്എല്‍ സംഘം എന്നിവരുടെ സാന്നിധ്യത്തിലാണ് സന്തോഷ് പദ്മന്നവറിന്റെ മൃതദേഹം പുറത്തെടുത്തത്. സംഭവത്തില്‍ മലമരുതി പോലീസ് സ്റ്റേഷനില്‍ കേസെടുത്ത പോലീസ് സന്തോഷ് പദ്മന്നവറിന്റെ ഭാര്യ ഉമയെ ചോദ്യം ചെയ്തുവരികയാണ്.
Post Your Comments