Kerala

ഷാരോൺ കൊലപാതകം: കഷായത്തിൽ വിഷം ചേർത്ത് കൊടുത്ത കൊടും ക്രൂരതയുടെ വിചാരണ ഇന്ന്

തിരുവനന്തപുരം: കേരളക്കരയെ ആകെ ഒന്നായിരുന്നു ഷാരോണിന്റെ കൊലപാതകം. കഷായത്തിൽ വിഷം കലക്കി നൽകി കാമുകി തന്നെ ആണ് ഷാരോണിന്റെ ജീവനെടുത്തത്. ഷാരോൺ രാജ് കൊല്ലപ്പെട്ട് രണ്ട് വർഷത്തിന് ശേഷം കേസിൽ വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും. നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ ആണ് വിചാരണ നടപടി. 131 സാക്ഷികളെയാണ് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ കേസില്‍ വിചാരണ ചെയ്യുന്നത്. ഷാരോണ്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളും ആണ് ഉള്ളത്.

മറ്റൊരാളെ വിവാഹം കഴിക്കാൻ കേസിലെ ഒന്നാം പ്രതിയായ ​ഗ്രീഷ്മ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് കാമുകനായ ഷാരോണിന്റേതെന്നാണ് പാറശ്ശാല പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. മരിച്ച ഷാരോണും ​ഗ്രീഷ്മയും തമ്മിൽ വർഷങ്ങളായി പ്രണയത്തിലായിരുന്നു. മറ്റൊരാളുമായി വിവാഹം തീരുമാനിച്ചതോടെ യുവാവിനെ ഒഴിവാക്കാൻ പ്രതി ശ്രമിക്കുകയായിരുന്നു. പലപ്പോഴായി ജ്യൂസിൽ വിഷം കലർത്തി നൽകിയ ശേഷമായിരുന്നു കൊലപാതകം.

ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഷാരോൺ പിന്നീട് സുഖം പ്രാപിച്ചിരുന്നു. ഇതോടെ വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകുകയായിരുന്നു. സാവധാനം ആന്തരിക അവയവങ്ങളെ ബാധിക്കുന്ന വിഷം ഇന്റർനെറ്റിൽ പരതി കണ്ടെത്തിയിരുന്നു. ചികിത്സയിലിരിക്കെ 11 ദിവസത്തിന് ശേഷമാണ് ഷാരോൺ ആശുപത്രിയിൽ മരിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കൊലപാതകമെന്ന സംശയം ബലപ്പെട്ടത്.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ​ഗൂഢാലോചനയിൽ അമ്മ സിന്ധു, അമ്മാവൻ നിർമ്മല കുമാരൻ നായർ എന്നിവരും ഉൾപ്പെട്ടിരുന്നു, 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചു. ഗ്രീഷ്മയുടെ വീട് തമിഴ്നാട് പളുകയിൽ ആയതിനാൽ കുറ്റപത്രം പരിഗണിക്കാൻ നെയ്യാറ്റിൻകര സെഷൻസ് കോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും തള്ളി. മൂന്നു പ്രതികളും ജാമ്യത്തിലാണ്. മൂന്നാഴ്ച മുമ്പ് പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button