ജ്യോതിര്‍മയി ശങ്കരന്‍
അഹില്യാബായി ക്ഷേത്രത്തെക്കുറിച്ചു പറയുന്നതിനു മുന്‍പായി മഹാ റാണി അഹില്യാ ബായിയെക്കുറിച്ച് അല്‍പ്പം പറയേണ്ടിയിരിക്കുന്നു.മാൾവയുടെ രാജ്ഞിയായിരുന്നു അഹില്യാ ബായി ഹോള്‍ക്കര്‍ .ജനസമ്മതയായ, ഹിന്ദുമതത്തെ സംരക്ഷിയ്ക്കുന്നതിൽ ഏറെ താത്പര്യം പ്രകടിപ്പിച്ച രാജ്ഞി. ഫിലോസഫർ- ക്യൂൻ എന്നാണിവരെപ്പറ്റി എഴുതപ്പെട്ടിട്ടുള്ളത്. യുദ്ധക്കളത്തിൽ ആദ്യം ഭർത്താവും പിന്നീട് അദ്ദേഹത്തിന്റെ പിതാവും കൊല്ലപ്പെട്ടപ്പോൾ അനാഥമായ രാജ്യത്തിന്റെ സാരഥ്യം അതിവിദ്ഗ്ധമാം വിധം നിർവഹിച്ച ഈ വീരവനിത മുഗൾ ആക്രമണത്തെ വീറോടെ ചെറുത്തു നിന്നു.യുദ്ധക്കളത്തിൽ തന്റെ സേനയെ നയിച്ചു. തന്റെ രാജ്യത്തും ചുറ്റുപാടുമായി ഒട്ടനവധി ക്ഷേത്രൺഗളും ധർമ്മശാലകളും ഇവർ പണി കഴിപ്പിച്ചു.
സോമനാഥക്ഷേത്രം മുഗള്‍ ചക്രവര്‍ത്തിമാരാല്‍ തകര്‍ത്തുടയ്ക്കപ്പെട്ട സമയത്ത് അഹല്യാബായിയ്ക്ക് ആ ക്ഷേത്രം വീണ്ടും നിര്‍മ്മിയ്ക്കാനായി സാക്ഷാല്‍ സോമനാഥേസ്വരൻ സ്വപ്നത്തിലൂടെ ആദേശം നല്‍കിയെന്നും വീണ്ടും നിര്‍മ്മിച്ചാല്‍ അത് തകര്‍ക്കുമെന്ന ഭയം കാരണം ശരിയായ സ്ഥലത്തു നിന്നും അൽപ്പം മാറി ഈ ക്ഷേത്രം പണി കഴിപ്പിയ്ക്കപ്പെട്ടെന്നും പറയപ്പെടുന്നു. ഇതാണു ശരിയായ സോമനാഥക്ഷേത്രമെന്നായിരുന്നു പിന്നീട് ഇരുനൂറോളം വര്‍ഷത്തോളം കാലം കരുതപ്പെട്ടിരുന്നത്. മുഗ്ഗൾ ആക്രമണത്തെക്കുറിച്ച അറിയാനിടയായതിനാൽ ശരിയായ വിഗ്രഹം ഇങ്ങോട്ട് മാറ്റി പ്രതിഷ്ഠിച്ചുവെന്നും പറയപ്പെടുന്നു. എന്തായാലും പഴയ സോമനാഥക്ഷേത്രം എന്നാണിതിപ്പോൾ അറിയപ്പെടുന്നത്.ഇവിടെ ഇപ്പോഴും ശിവപൂജയും അഭിഷേകവും പഴയതുപോലെ തന്നെ തുടരുന്നു. ഇവിടെ പാലഭിഷേകം നടത്തുന്നത് അത്യുത്തമമാണെന്നു കരുതപ്പെടുന്നു.
ഇന്നലെ സോമനാഥക്ഷേത്രത്തിലെ ആരതി തൊഴുതപ്പോള്‍ തന്നെ ഒരിയ്ക്കല്‍ക്കൂടി തൊഴണമെന്ന മോഹം മനസ്സില്‍ ഉല്‍ക്കടമായുണ്ടായിരുന്നതിനാല്‍ വേഗം കുളിച്ചു തയ്യാറായി മുറിയില്‍ നിന്നും താഴെയെത്തി.എല്ലാവരും ഇതിനകം തയ്യാറായി താഴത്തെ ലോബിയിലെത്തിക്കഴിഞ്ഞിരുന്നു.എല്ലാവരുടെ മുഖത്തും അതിയായ സന്തോഷം.ആർക്കും ഉറക്കച്ചടവൊന്നും കാണാനായില്ല.
സോമനാഥക്ഷേത്രത്തിൽ രാവിലെ 7 മണിയ്ക്കും, ഉച്ചയ്യ്ക്ക് 12 മണിയ്ക്കും വൈകീട്ട് 7 മണിയ്ക്കും ആരതി സമയമാണ്.ദര്‍ശന സമയം രാവിലെ ആറുമുതല്‍ രാത്രി ഒമ്പതര വരെയും. രാവിലത്തെ ആരതി കഴിഞ്ഞ് അവിടെ തൊട്ടു തന്നെയുള്ള അഹല്യാദേവി മന്ദിരത്തിലും പോകാമെന്ന് ഗൈഡ് തലെ ദിവസം തന്നെ പറഞ്ഞിരുന്നതാണല്ലോ. ആരതി സമയത്തിനു മുന്‍പു തന്നെ ഞങ്ങള്‍ ക്ഷേത്ര മുറ്റത്തെത്തി. സെക്യൂരിറ്റി ചെക്കിനു ശേഷം നടയിലെത്തി, അകത്തു കടന്ന് ക്യൂവില്‍ നിന്ന് നന്ദിയെ തൊട്ടുതൊഴുത് ഭഗവാന്റെ മുന്നിലെത്തി വണങ്ങി. ഇപ്പോള്‍ തികച്ചും വ്യത്യസ്തമായ ദര്‍ശനമാണു കിട്ടിയത്.ഒരേ ഭഗവാന്റെ രണ്ടു വ്യത്യസ്തമായ ഭാവങ്ങൾ! സ്വര്‍ണ്ണ പീഠത്തിലിരിയ്ക്കുന്ന ശിവലിംഗത്തെ അതിമനോഹരമായി അലങ്കരിയ്ക്കുന്നത് നേരില്‍ക്കാണാനും സാധിച്ചു.
എത്രമനോഹരമായിട്ടാണു ഭഗവാന്റെ വിഗ്രഹത്തെ ഇവർ അലങ്കരിയ്ക്കുന്നത്?.ഇപ്പോള്‍ വെള്ളിയിലെ ഗോളകയ്ക്കു പകരം നേരിട്ട് ശിവലിംഗത്തില്‍ അലങ്കരിച്ചിരിയ്ക്കുന്നു. പൂക്കളും സുഗന്ധസാമഗ്രികളും കൊണ്ടു മനോഹരമാക്കപ്പെട്ട വിഗ്രഹം ഗാംഭീര്യമാര്‍ന്ന് മനസ്സിലെ ശൈവഭക്തിയെയുണര്‍ത്തി.ഇന്നലത്തെ അർദ്ധനിമീലിതാക്ഷനായ സുന്ദര രൂപത്തിനു പകരം മനസ്സിൽ വിശ്വേശ്വരനായ മഹാദേവൻ പ്രതിഷ്ഠ്ഹിയ്ക്കപ്പെടുന്നതുപോലെ. ആരതി തുടങ്ങിയപ്പോളുള്ള ശംഖനാദവും കൂട്ടമണിയും പെരുമ്പറയും ഭക്തജനങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയരുന്ന ശബ്ദവും ചേര്‍ന്നു സൃഷ്ടിച്ച അവാച്യമായ അനുഭൂതി ജീവിതത്തിലൊരിയ്ക്കലും മനസ്സില്‍ നിന്നും മായില്ല. പുറത്തെ അനന്തമായ സാഗരം പോലും ഇപ്പോൾ തിരമാലക്കൈകളാല്‍ ഭഗവാനെ സ്തുതിയ്ക്കുന്നുണ്ടാകുമെന്നു മനസ്സിലോര്‍ത്തു.
ആരതി സമയത്ത് ആർക്കും മന്ദിരത്തിന്നകത്തേയ്ക്കോ പുറത്തേയ്ക്കോ പോകാനാവില്ല. പ്രധാന കവാടങ്ങളെല്ലാം തന്നെ ഈ സമയം അടയ്ക്കുന്നതായി കണ്ടു. ഹാളിന്നകത്ത് ഫ്രെഷ് ആയ വായു കടത്തിവിടുന്ന അനേകം കുഴലുകൾ കണ്ടു. അകത്തു കടക്കാനാകാത്തവർക്കും നേരിട്ട് ഭഗവൽ വിഗ്രഹം കണാൻ പറ്റാത്തവർക്കുമായി ഹാളിനകത്തും പുറത്തെ കോമ്പൌണ്ടിലും ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷനുകൾ സ്ഥാപിച്ചിരിയ്ക്കുന്നു. ആരതിയ്ക്കു ശേഷം വീണ്ടും തൊഴുത് പുറത്തു വന്ന് കടലിനെയും നോക്കി കുറെ നേരം നിന്നു. ഗൈഡ് തിരക്കു കൂട്ടിയപ്പോള്‍ പുറത്തു കടന്നു. വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി നടക്കുമ്പോള്‍ ഇവിടം സന്ദര്‍ശിയ്ക്കാന്‍ കഴിഞ്ഞതിലുള്ള ഭാഗ്യം എന്നെ സന്തോഷിപ്പിച്ചു.
അടുത്തു തന്നെയാണു റാണി അഹല്യാബായ് ക്ഷേത്രം.തകര്‍ന്നു കിടക്കുന്ന സോമനാഥക്ഷേത്രം കണ്ട് ദു:ഖിതയായി 1782ല്‍ അന്നത്തെ ഇന്‍ഡോറിലെ രാജമാതാവായിരുന്ന അഹല്യാഭായി ഹോള്‍ക്കര്‍ നിര്‍മ്മിച്ച ക്ഷേത്രമാണിത്.പിങ്കു നിറത്തിൽ പെയിന്റു ചെയ്യപ്പെട്ടിരിയ്ക്കുന്ന ക്ഷേത്രത്തിലേയ്ക്കുള്ള ഇടുങ്ങിയ വഴിയിലേയ്ക്കു പ്രവേശിച്ചപ്പോൾ തന്നെ പാലും പൂക്കളും വിൽക്കുന്നവരെ കാണാൻ സാധിച്ചു. അവിടെ പാലഭിഷേകം നടത്തുന്നത് ഏറെ മംഗളകരമാണെന്നും വേണ്ടവര്‍ പാല്‍ വാങ്ങി കൈവശം വയ്ക്കണമെന്നും ഗൈഡ് പറഞ്ഞിരുന്നു.കോപതാപാദികള്‍ മാറി ശാന്തതയുണ്ടാകാനും, ദീര്‍ഘായുസ്സിനുമായാണല്ലോ നാം ക്ഷേത്രങ്ങളില്‍ പാലുകൊണ്ട് അഭിഷേകം ചെയ്യുന്നത്.
അമ്പലത്തില്‍ പ്രവേശിയ്ക്കുന്നതിനു മുന്‍പായി തൂക്കുപാത്രങ്ങളില്‍ പാലുമായി വന്നവരില്‍ നിന്നും പാല്‍ വാങ്ങി. വില തിരിച്ചു പോകുമ്പോള്‍ കൊടുത്താല്‍ മതി. പൂജയും അഭിഷേകവും ഇവിടെ സ്വയം ചെയ്യാം. ശിവലിംഗത്തെ തൊട്ടു വണങ്ങാം.വിഗ്രഹം സ്ഥിതിചെയ്യുന്ന ശ്രീകോവിലിലേയ്ക്കു പടികൾ ഇറങ്ങിപ്പോകണം. പടികള്‍ ഇറങ്ങി ശിവനെ തൊട്ടു വണങ്ങി പാല്‍ അഭിഷേകം ചെയ്ത് പ്രാര്‍ത്ഥിച്ച് വലം വെച്ച് പുറത്തു കടന്നു. പാത്രം തിരികെ കൊടുത്ത് പൈസയും കൊടുത്ത് അഹല്യാഭായി ക്ഷേത്രത്തില്‍ നിന്നുംപുറത്തു കടക്കുമ്പോൾ ഫോട്ടോയെടുക്കാനും പുസ്തകങ്ങളും സോമനാഥേശ്വരന്റെ പലതരം ഫോട്ടോകളും വിഗ്രഹങ്ങളും വിൽക്കാനുമായി പലരും പിന്നാലെക്കൂടി.വിശപ്പു തുടങ്ങിക്കഴിഞ്ഞിരുന്നു. ഹോട്ടലിലേയ്ക്കായി ബസ്സില്‍ കയറി. ഇന്നു കുറയേറെ സ്ഥലങ്ങളില്‍ പോകാനുള്ളതിനാൽ അധികം വൈകിപ്പിയ്ക്കരുതെന്ന ഗൈഡിന്റെ വാക്കുകൾ ഓർമ്മ വന്നു.
പ്രഭാതഭക്ഷണത്തിനുശേഷം ശേഷം 10 മണിയോടെ ഞങ്ങള്‍ പ്രഭാസത്തിലെ ത്രിവേണീ സ്നാനത്തിന്നായി പുറപ്പെട്ടു. 10 പേര്‍ക്കു വീതം കയറാവുന്ന വലിയ ഓട്ടോ റിക്ഷകളിലാണവിടേയ്ക്കു തിരിച്ചത്. ബസ്സിനു പോകാന്‍ പറ്റാത്തിടങ്ങളാണെന്നും അല്‍പ്പം ബുദ്ധുമുട്ടുണ്ടെങ്കിലും 10 പേര്‍ വീതം റിക്ഷയില്‍ പോകാമെന്നും നേരത്തെ തന്നെ പറഞ്ഞിരുന്നു.കുറെയേറെ റിക്ഷകള്‍ അതിനായി തയ്യാറായി നിന്നിരുന്നു. പുറകിലെ സീറ്റിലിരുന്നുള്ള കാഴ്ച്ചകള്‍ ഏറെ ആസ്വാദ്യകരമായിരുന്നു.
Post Your Comments