സൗരാഷ്ട്രയിലൂടെ
ജ്യോതിർമയി ശങ്കരൻ
വൈകുന്നേരത്തെ ആരതി സമയത്ത് സോമനാഥക്ഷേത്രത്തിലെത്താനായി ഞങ്ങള്‍ താമസിയ്ക്കുന്ന ഹോട്ടലില്‍ നിന്നും നിന്നും ബസ്സില്‍ത്തന്നെയാണ് പോയത്. അധികം ദൂരമില്ല.സങ്കല്പത്തിലെ സോമനാഥക്ഷേത്രം മനസ്സിലേറ്റിക്കൊണ്ട് ദര്‍ശനത്തിന്നായി പോകുമ്പോള്‍ 12 ജ്യോതിര്‍ലിംഗങ്ങളിലൊന്നാണിതെന്നോര്‍മ്മ വന്നു. ദ്വാദശ ജ്യോതിര്‍ലിംഗങ്ങള്‍!മനസ്സില്‍ ദ്വാദശ ജ്യോതിര്‍ലിംഗസ്തുതി അറിയാതെ പൊങ്ങി വന്നു:
സൗരാഷ്ട്രേ സോമനാഥം ച ശ്രീശൈലേ മല്ലികാർജുനം.
ഉജ്ജയിന്യാം മഹാകാലം ഓംകാരമമലേശ്വരം.
പരല്യാം വൈദ്യനാഥം ച ഡാകിന്യാം ഭീമശങ്കരം.
സേതുബന്ധേ തു രാമേശം നാഗേശം ദാരുകാവനേ.
രണസ്യാം തു വിശ്വേശം ത്ര്യംബകം ഗൗതമീതടേ.
ഹിമാലയേ തു കേദാരം ഘുഷ്മേശം ച ശിവാലയേ..
ഏതാനി ജ്യോതിർലിംഗാനി സായം പ്രാതഃ പഠേത് നരഃ.
സപ്തജന്മകൃതം പാപം സ്മരണേന വിനശ്യതി.
ഏതേശാം ദർശനാദേവ പാതകം നൈവ തിഷ്ഠതി.
കർമക്ഷയോ ഭവേത്തസ്യ യസ്യ തുഷ്ടോ മഹേശ്വരഃ.
ഇതി ദ്വാദശ ജ്യോതിർലിംഗസ്തോത്രം സംപൂർണ്ണം.
ആദിശങ്കരനാല്‍ വിരചിതമായ ഈ ദ്വാദശ ജ്യോതിര്‍ലിംഗ സ്തോത്രം പന്ത്രണ്ട് ജ്യോതിർലിംഗങ്ങളെക്കുറിച്ചും അവയുടെ സ്ഥാനത്തെകുറിച്ചുമുള്ളതാണ്.ഇത് എനിയ്ക്ക് മൂന്നാമത്തെ ജ്യോതിര്‍ലിംഗ ദര്‍ശനമാണ്. ഇതിനു മുന്‍പ് മഹാരാഷ്ട്രയിലെ ത്രംബകേശ്വറിലും ഘൃഷ്ണേശ്വറിലും പോകാനായിട്ടുണ്ട്.ഇപ്പോഴിതാ ഗുജറാത്തിന്റെ പടിഞ്ഞാറന്‍ തീരത്തെ വെരാവല്‍ ജില്ലയിലെ പ്രഭാസത്തിലെ ജ്യോതിര്‍ലിംഗദര്‍ശനത്തിന്നായെത്തിയിരിയ്ക്കുകയാണല്ലോ. 12 ജ്യോതിര്‍ലിംഗങ്ങളും ദര്‍ശിയ്ക്കാനുള്ള ഭാഗ്യം എന്നെങ്കിലും കിട്ടുമോ? മനസ്സ് വെറുതെ കൊതിച്ചു കൊണ്ടിരിയ്ക്കുന്നു.
സോമനാഥക്ഷേത്രത്തിനു ഈ പേരുവരാനുള്ള പുരാണകഥ ഗൈഡ് രാജു ഞങ്ങള്‍ക്കു പറഞ്ഞു തന്നു. ഈ ക്ഷേത്രം ആദ്യമായി നിര്‍മ്മിച്ചത് ചന്ദ്ര(സോമ)ദേവനാണത്രേ!. പിന്നീട് പലപ്പോഴും തകര്‍ത്തുടയ്ക്കപ്പെട്ടെങ്കിലും പുതിയതായി വീണ്ടും നിര്‍മ്മിയ്ക്കപ്പെടുകയും ചെയ്ത ക്ഷേത്രം .ചന്ദ്രദേവന് 27 ഭാര്യമാരുണ്ട്. ദക്ഷപ്രജാപതിയുടെ 27 പെണ്മക്കളായ അശ്വതിമുതല്‍ രേവതി വരെയുള്ള നക്ഷത്രങ്ങളാണവര്‍ . ഇവരില്‍ രോഹിണിയോട് ചന്ദ്രന് പ്രത്യേക പ്രതിപത്തി കാണിയ്ക്കുന്നത് ഇവര്‍ക്കിടയില്‍ മാത്സര്യത്തിനും അശാന്തിയ്ക്കും കാരണമായി. കുപിതനായ ദക്ഷപ്രജാപതി ചന്ദ്രനെ ശപിയ്ക്കുകയും ശാപത്താല്‍ ശോഭ നഷ്ടപ്പെട്ട ചന്ദ്രന് അത്യന്ത ദു:ഖിതനാകുകയും ശാപമോക്ഷത്തിന്നായി ബ്രഹ്മാവിനെ സമീപിയ്ക്കുകയും ചെയ്യുന്നു.
ലോകത്തെ ഏറ്റവും പുണ്യസ്ഥലമായ പ്രഭാസത്തിലെ ത്രിവേണീ സംഗമസ്ഥലത്ത് എത്തി സ്നാനം ചെയ്ത് ശിവനെ തപസ്സു ചെയ്തു പ്രത്യക്ഷപ്പെടുത്തി ശാപമോക്ഷം നേടാന്‍ ബ്രഹ്മാവ് ഉപദേശിയ്ക്കുന്നു. അതനുസരിച്ച് ചന്ദ്ര ഭഗവാന് പ്രഭാസത്തിലെത്തി തീര്‍ത്ഥത്തില്‍ മുങ്ങിക്കുളിച്ച് ശിവനെ പ്രസാദിപ്പിയ്ക്കാനായി തപസ്സു ചെയ്യുകയും ശിവന് പ്രത്യക്ഷനാകുകയും ചെയ്യുന്നു. ശിവന്റെ അനുഗ്രഹത്താല്‍ ചന്ദ്രന് ദിനം പ്രതി തിളക്കം കൂടി വന്ന് പൂര്‍ണ്ണ ശോഭ കിട്ടുമെന്നും ശാപത്തെ പൂര്‍ണ്ണമാായി നീക്കാനാവാത്തതിനാല്‍ വീണ്ടും തിളക്കം കുറഞ്ഞു കുറഞ്ഞു വന്ന് നിഷ്പ്രഭനായി മാറുന്ന അവസ്ഥ കൈ വരുമെന്നും ശിവന് അനുഗ്രഹിയ്ക്കുന്നു. ഈ അവസ്ഥ ഇന്നും തുടരുന്നുവല്ലോ?( Waning and Waxing effect of Moon) മനസ്സിലോര്‍ത്തു, അങ്ങിനെയാണെങ്കില്‍ പണ്ടൊക്കെ എന്നും പൂര്‍ണ്ണചന്ദ്രന്മാരുണ്ടായിരുന്നിരിയ്ക്കണം.
അതായത് ശുക്ല-കൃഷ്ണ പക്ഷങ്ങളേ ഇല്ലാത്ത കാലം. അമ്പിളിക്കീറുകള്‍ അന്ന് ഉണ്ടായിരുന്നിരിയ്ക്കില്ല എന്നൊക്കെ ഓര്‍ക്കുമ്പോള്‍ ഈ പുരാണകഥകള്‍ രസം തരുന്നു. അന്നത്തെ പ്രഭാസമാണ് ഇന്ന് ഗുജറാത്തിലെ ജൂനാഗഢിലെ പ്രഭാസം.അന്ന് സന്തുഷ്ടനായ ചന്ദ്രഭഗവാനാണ് ഇവിടെ ആദ്യമായി ഒരു ശിവക്ഷേത്രം നിര്‍മ്മിച്ചത്. അത് സ്വര്‍ണ്ണത്തിലായിരുന്നെന്നും, അതിനു ശേഷം ത്രേതായുഗത്തില്‍ ശിവനെ പ്രീണിപ്പിയ്ക്കാന്‍ രാവണന് ഇവിടെ വെള്ളികൊണ്ട് ക്ഷേത്രം പണിതെന്നും പിന്നീട് ദ്വാപരയുഗത്തില്‍ സാക്ഷാല്‍ കൃഷ്ണഭഗവാന് ഇവിടെ ചന്ദനം കൊണ്ട് ക്ഷേത്രം പണി തീര്‍ത്തുവെന്നൊക്കെ പുരാണങ്ങളില്‍ കാണുന്നു. അങ്ങിനെയാണെങ്കില്‍ ഇതിനകം എത്ര പ്രാവശ്യം ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ഇവിടെ നടന്നു കാണണം?
പുരാണം വിട്ട് ചരിത്രത്തിലൂടെ നോക്കിയാല്‍ ഇത് പല പ്രാവശ്യങ്ങളിലായുള്ള ബാഹ്യശക്തികളുടെ ആക്രമണങ്ങളില്‍ തകര്‍ക്കപ്പെട്ട ശേഷം ഇവിടെ നിര്‍മ്മിയ്ക്കപ്പെട്ട ക്ഷേത്രമാണെന്നു കരുതപ്പെടുന്നു. A.D 480 – 768ല്‍ വല്ലഭി രാജാവ് ഇതിനെ പുരുദ്ധരിച്ചെന്നും വീണ്ടുമത് അറബ് ആക്രമണത്തില്‍ തകര്‍ന്നപ്പോള്‍ നാഗഭട്ട് രണ്ടാമനാല്‍ പുരുദ്ധരിയ്ക്കപ്പെട്ടെന്നും ചരിത്രം രേഖപ്പെടുത്തുന്നു.1024ല്‍ മുഹമ്മദ് ഘസ്നിയാല്‍ മന്ദിരവും ഇവിടത്തെ പ്രതിഷ്ഠയും തകര്‍ക്കപ്പെട്ടു.ക്ഷേത്രത്തിലെ സ്വത്തു മുഴുവനും കൊള്ളയടിയ്ക്കപ്പെടുകയും ചെയ്തു. പിന്നീട് 1299 ല്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ ആക്രമണമുണ്ടായി.1308ല്‍ ക്ഷേത്രം വീണ്ടും പുതുക്കിപ്പണിതു.1305ല്‍ സഫര്‍ ഖാന് ഈ ക്ഷേത്രത്തെ ആക്രമിച്ചു, 1451 മഹമൂദ് ബേഗദായും.1546ല്‍ പോര്‍ട്ടുഗീസുകാരും 1665ല്‍ മുഗള്‍ സ്വേച്ഛാപതി ഔറംഗസീബും ക്ഷേത്രം തകര്‍ത്തു ഇങ്ങനെ 17പ്രാവശ്യം തകര്‍ക്കപ്പെട്ടുവെന്നാനു വിശ്വാസം.
തകര്‍ക്കപ്പെട്ടപ്പോഴെല്ലാം തന്നെ ഈ ക്ഷേത്രം പുതുചൈതന്യത്തോടെ പുനരുദ്ധരിയ്ക്കപ്പെട്ടുവന്നു. ഇന്നു കാണുന്ന ക്ഷേത്രവും ശിവലിംഗവും പുതുക്കപ്പെട്ടത് 1951ല്‍ മാത്രമാണല്ലോ.കൊത്തുപണികള്‍ക്കുംശില്‍പ്പവേലയ്ക്കും ഇതിനകം പ്രസിദ്ധമായിത്തീര്‍ന്നിരിയ്ക്കുന്നു, ഇവിടം.ബസ്സില്‍ നിന്നും ഇറങ്ങി വീതി കുറഞ്ഞ റോഡിലൂടെ നടന്ന് തിരുനടയിലെത്തവേ അകലെ ഗാംഭീര്യത്തോടെ, അതിബൃഹത്തായ രൂപത്തില്‍ പ്രാദേശികമായ ലൈം സ്റ്റോണില്‍ അതിസങ്കീര്‍ണ്ണമായ കൊത്തുപണികള്‍ ചെയ്ത ക്ഷേത്രം കാണാനായി. ബെല്‍ ട്ട്, ബാഗ് , ചെരുപ്പ് തുടങ്ങിയ തോലില്‍ ഉണ്ടാക്കിയ സാധനങ്ങളും, മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് സാധനങ്ങളും, ക്ഷേത്രത്തില്‍ അനുവദനീയമല്ല. കര്‍ശനമായ സെക്യൂറിറ്റി ചെക്ക് കഴിഞ്ഞ് ക്ഷേത്രമുറ്റത്തു പ്രവേശിച്ചു.
തൂണുകളുടെ എണ്ണവും പടിപടിയായുള്ള വിധമുള്ള ഗോപുര നിര്‍മ്മാണരീതിയും ശരിയ്ക്കും വിസ്മയാവഹം തന്നെ.ചാലൂക്യ ക്ഷേത്ര നിര്‍മ്മാണ രീതി( കൈലാസ് മഹാമേരു പ്രാസാദം) യിലാണിതു നിര്‍മ്മിയ്ക്കപ്പെട്ടിരിയ്ക്കുന്നതെന്നു മനസ്സിലാക്കാനായി. ഒരു നിമിഷം മുന്നില്‍ക്കണ്ട മഹാത്ഭുതത്തെ നോക്കി നിന്നു.പ്രഭാസം എന്നാല്‍ ദീപ്തി, ശോഭ എന്നൊക്കെയാണല്ലോ അര്‍ത്ഥം. ഇതിലേറെ ശോഭ പൊഴിയ്ക്കുന്ന മറ്റൊരു കാഴ്ച്ച എവിടെക്കിട്ടാന്‍? ശ്രീ കോവിലിലിരിയ്ക്കുന്ന ഭഗവാനെയും അവിടെ നടക്കുന്ന അലങ്കാരാദികളും ആരതിയുമെല്ലാം പുറത്തു നില്‍ക്കുന്നവര്‍ക്കും തടസ്സം കൂടാതെ ലൈവ് ആയി വലിയ ടീ.വി. ഡിസ്പ്ളേയിലൂടെ കാണാകും. അകത്തും ചെറിയ ഡിസ്പ്ളേ ഉണ്ട്.
പടിയില്‍ തൊട്ടു തൊഴുത് കയറി ഉള്ളില്‍ക്കടന്ന് നന്ദിയെ തൊട്ടു തൊഴുത് ചെവിയില്‍ സ്വകാര്യമായി സങ്കടമുണര്‍ത്തി മറ്റുള്ളവര്‍ക്കൊത്ത് തിരക്കിലൂടെ വരിയില്‍ നിന്ന് വഴിപാടിട്ട് സോമനാഥേശ്വര ദര്‍ശനം നടത്തി. ഒരു നിമിഷം ശ്രീകോവിലിലും വിഗ്രഹത്തിലും നിര്‍ന്നിമേഷയായി നോക്കി നിന്നു പ്രാര്‍ത്ഥിയ്ക്കുമ്പോള്‍ ആ മനോഹരമായ ദൃശ്യത്തെ മനസ്സിലും ഒപ്പിയെടുക്കുകയായിരുന്നു. ആഹാ! എത്ര സുന്ദരം! എത്ര ഗംഭീരം!വിചാരിക്കാതിരിയ്ക്കാനായില്ല.
വിശാലമായ ശ്രീകോവിലിന്റെ വാതിലുകള്‍ സ്വര്‍ണ്ണം പൂശിയവയാണ്. കഴിഞ്ഞ വര്‍ഷത്തിലാണിവ ഉണ്ടാക്കപ്പെട്ടതത്രേ!.ശ്രീ കോവിലിനകത്തെ ചുമരുകളും അവയിലെ കൊത്തുപണികളും അലങ്കാരങ്ങളൊക്കെത്തന്നെയും സ്വര്‍ണ്ണപ്രഭയില്‍ മുങ്ങിക്കുളിച്ചു തന്നെ നില്ക്കുന്നു. ചുമരുകള്‍ക്കിടയിലുണ്ടാക്കപ്പെട്ടിരിയ്ക്കുന്ന പ്രത്യേകം സ്ഥാനങ്ങളില്‍ ഉപദേവതമാരായി സൂര്യനാരായണന്,വിഷ്ണു, പാര്‍വ്വതി, ബ്രഹ്മാവ്, ദുര്‍ഗ്ഗ, ഗംഗ എന്നിവരുണ്ട്.സ്വര്‍ണ്ണം പൊതിഞ്ഞ പീഠത്തിലാണ് പടുകൂറ്റന്‍ ശിവലിംഗം പ്രതിഷ്ടിയ്ക്കപ്പെട്ടിരിയ്ക്കുന്നത്.ആരതി സമയമായതിനാല്‍ അതിമനോഹരമായി അലങ്കരിച്ചിട്ടുണ്ട്. വെള്ളി ഗോളകയണിയിപ്പിച്ച സോമനാഥ ഭഗവാന്റെ പുറകുവശത്തായി ഫണം വിടര്‍ത്തി ശരീരത്തെ വളയങ്ങളാക്കി നിവര്‍ന്നു നില്ക്കുന്ന സുവര്‍ണ്ണ നിറമാര്‍ന്ന ശേഷനാഗം. രണ്ടുവശത്തും തൂണുപോലുള്ള രണ്ടു വിളക്കുകള്‍ പ്രകാശം ചൊരിയുന്നു. ചുമരില്‍ നിറയെ സ്വര്‍ണ്ണത്താമരപ്പൂക്കളും വൃക്ഷലതാദികളും കൊത്തിവയ്ക്കപ്പെട്ടിരിയ്ക്കുന്നു.
വെള്ളിയില്‍ത്തീര്‍ത്ത അതിമനോഹരമായ ഗോളകയും അതിനോടൊത്തു തന്നെ കഴുത്തിലായി ഫണമുയര്‍ത്തി നില്ക്കുന്ന നാഗവും കറുപ്പു നിറമാര്‍ന്ന തിരുജടയും അമ്പിളിക്കീറും പട്ടു വസ്ത്രവും പൂക്കളും നെറ്റിയിലെ കുറികളിലൊളിച്ചു നില്ക്കുന്ന മൂന്നാം തൃക്കണ്ണും തുടുത്ത അധരങ്ങളും അര്‍ദ്ധനിമീലിതഭാവത്തോടൊത്തുള്ള ശാന്തതയും ചേര്‍ന്ന മനോഹരരൂപം മറക്കാനാകില്ല . സോമനാഥ ഭഗവാന് ശരിയ്ക്കും ഉള്ളില്‍ ഭക്തിയുണര്‍ത്തി. ആരതി സമയത്തെ പ്രത്യേകതരത്തിലെ വാദ്യഘോഷങ്ങളും ഭക്തജനങ്ങളുടെ സ്തുതികളും ഒരിയ്ക്കലും മറക്കാനാവില്ല.
ആരതിയ്ക്കുശേഷം ഭഗവാനെ ഒരിയ്ക്കല്‍ക്കൂടി വണങ്ങി പുറത്തുകടന്നു. വിശാലമായ മുറ്റത്തിന്നപ്പുറം പരന്നു കിടക്കുന്ന ഇന്ത്യന്‍ മഹാസമുദ്രം താളാത്മകമായി ഗര്‍ജ്ജിയ്ക്കുന്നു. തിരമാലകളും ആരതിയ്ക്കൊത്ത് ശബ്ദം മുഴക്കുന്നതുപോലെ.ക്ഷേത്രാങ്കണത്തില്‍ നിന്നും ഒരിയ്ക്കല്‍ക്കൂടി സാന്‍ഡ് സ്റ്റോണില്‍ നിര്‍മ്മിയ്ക്കപ്പെട്ട ഈ ശില്‍പ്പത്തെ നോക്കിനിന്നു. സന്ധ്യ വിട പറയുന്ന നേരം. ഒരു വശത്ത് മനസ്സു കവരുന്ന സാഗരക്കാഴ്ച്ച. മറുവശത്ത് മനം കവരുന്ന കൊത്തുപണികളുള്ള ക്ഷേത്രഗോപുരം. അകത്തെ ഭഗവാന് സന്തുഷ്ടനാകാന്‍ മറ്റെന്തു വേണം? പതിനായിരക്കണക്കിനു പറവകള്‍ ക്ഷേത്രഗോപുരത്തിനു മുകളിലായി ചേക്കേറിയപ്പോള്‍ ക്ഷേത്രഗോപുരത്തിന്മേല്‍ നടത്തിയ അലങ്കാരം പോലെ കാണപ്പെട്ടു.
ഏറെ നേരം അലകടലിനെ നോക്കി നിന്ന് കടലിന്റെ അനന്തതയെക്കുറിച്ച് പതിവുപോല്‍ അത്ഭുതം പൂണ്ടു.ഒരുപക്ഷേ ദിവസങ്ങളോളം ഇതുപോലെ നിന്നു നോക്കിയാലും ബോറടിയ്ക്കുകയില്ലെന്നു തോന്നി. കടല്‍ ഭിത്തിയ്ക്കു തൊട്ടു നില്ക്കുന്ന ഒരുചൂണ്ടുപലക സൌത്ത് പോളിലേയ്ക്കുള്ള തടസ്സമില്ലാത്ത വഴിയെക്കാണിയ്ക്കുകയാണെന്നറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി.അതായത് ഈ സ്ഥലത്തിനും അന്റാര്‍ട്ടിയ്ക്കക്കും ഇടയില്‍ ഭൂമിയുടെ ഒരു കഷ്ണം പോലും ഇല്ലെന്ന സത്യം അമ്പരപ്പിയ്ക്കാതിരിയ്ക്കുന്നതെങ്ങനെ?
അമ്പലത്തിനെ വലം വച്ച് 12 ജ്യോതിര്‍ലിംഗങ്ങളേയും സൂചിപ്പിയ്ക്കും വിധം തീര്‍ത്ത ശൈവ വിഗ്രഹങ്ങളുള്ള ഗാലറിയിലൂടെ നടന്ന് വിഗ്രഹങളെയോരോന്നും നമശ്ശിവായ: ജപിച്ചു നമിയ്ക്കുമ്പോള്‍ ഭഗവാന്റെ രൂപസൌകുമാര്യം ശ്രദ്ധിയ്ക്കാതിരിയ്ക്കാനായില്ല.ഹരി പോലും പൂജിയ്ക്കുന്ന ഹരന് മറ്റാരും തന്നെയല്ലല്ലോ. ഇവിടെ നിന്നുമാണല്ലോ ഭഗവാന് കൃഷ്ണന് തന്റെ അവസാന യാത്ര തുടങ്ങിയതെന്നും മനസ്സിലോര്‍ത്തു. പുറത്തുള്ള ഗണപതിയെ തൊഴുതു, സ്തുതിച്ചു. ‘ കഷ്ട ഭഞ്ജന്‍ ഹനുമാ‘ നു മുന്നില്‍ ഹനുമത് സ്തോത്രം ചൊല്ലി തൊഴുതു പുറത്തു കടക്കുമ്പോള്‍ നാളെ രാവിലെ വീണ്ടും വരാനാകുമല്ലോ എന്ന വിചാരം മനസ്സില്‍ സന്തോഷം നിറച്ചു. സത്യമായും ഇനിയുമിനിയും ഇവിടെയെത്താന്‍ മോഹം തോന്നുന്നതില്‍ അത്ഭുതമില്ല, തീര്‍ച്ച.
ജയ് സോംനാാഥ് ഭഗവാന് കീ …
തിരികെ ഹോട്ടലിലെത്തി ഡിന്നര്‍ കഴിച്ച ശേഷം മുറിയിലെത്തി ഫ്രെഷ് ആയി ഉറങ്ങാന്‍ കിടക്കുമ്പോഴും ആരതിയുടെ ശബ്ദങ്ങള്‍ കേള്‍ക്കുന്നതുപോലെ. അലയടിച്ചു തീരത്ത് തല്ലിച്ചിതറുന്ന തിരമാലക്കൂട്ടങ്ങളുതിര്‍ക്കുന്ന വെളുത്ത പത കണ്മുന്നില്‍ക്കാണുന്നതുപോലെ. എല്ലം മനസ്സില്ക്കണ്ടുകൊണ്ടിരിയ്ക്കെ എപ്പോഴോ ഉറങ്ങിപ്പോയിട്ടുണ്ടാാകണം, രാവിലെ ബെഡ് ടീ യുടെവിളി കേട്ടാണുണര്‍ന്നത്.
Post Your Comments