KeralaLatest News

വയനാട്ടിൽ പലസ്ഥലങ്ങളിലും കനത്തമഴ, വീണ്ടും മണ്ണിടിച്ചില്‍ സാധ്യതയെന്ന് മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട് മാറ്റി ഓറഞ്ചാക്കി

കല്‍പ്പറ്റ: വയനാട്ടിൽ പലയിടങ്ങളിലും കനത്ത മഴ. ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടാക്കിയ നാശനഷ്ടങ്ങൾക്ക് പിന്നാലെയാണ് മഴ കനക്കുന്നത്. സുല്‍ത്താന്‍ബത്തേരി കല്ലൂര്‍ തേക്കമ്പറ്റയില്‍ ഇന്നലെ കനത്തെ മഴയെ തുടര്‍ന്ന് മലവെള്ളപാച്ചിലുണ്ടായിരുന്നു. ഇന്നും വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴ പെയ്യുകയാണെന്നാണ് വിവരം. ഉച്ച വരെ തെളിഞ്ഞ കാലാവസ്ഥയായിരുന്നെങ്കിലും മൂന്നുമണിയോടെ ആകാശം മേഘാവൃതമായി. കുറഞ്ഞ നേരമാണെങ്കിലും ശക്തമായ പെയ്ത്തില്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വെള്ളക്കെട്ട് രൂപപ്പെടുകയാണ്.

ഇന്നലെ ബത്തേരി നഗരത്തില്‍ കനത്ത് പെയ്ത മഴയില്‍ ഗതാഗതം അടക്കം താറുമാറായി. അതിനിടെ ജില്ലയില്‍ യെല്ലോ അലര്‍ട്ടായിരുന്നത് ഓറഞ്ചിലേക്ക് മാറ്റി. നാല് മണിക്ക് ശേഷമാണ് ഓറഞ്ച് അലര്‍ട്ടിലേക്ക് മാറ്റിയത്. രാത്രിയും ജില്ലയില്‍ ശക്തമായ മഴ ഉണ്ടായേക്കുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മണ്ണിടിച്ചില്‍ സാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവരും, വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണം. ശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്ന സാഹചര്യത്തില്‍ വാര്‍ഡ് അംഗം മുതലുള്ള അധികൃതരെ അറിയിക്കണമെന്നും ജില്ല ദുരന്തനിവാരണ സമിതി അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് വയനാടടക്കം ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്‍ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button