
തിരുവനന്തപുരം: ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രത്യേക സംഘം നോട്ടീസ് നൽകിയതിനെ തുടർന്ന് നടൻ സിദ്ദിഖ് ഇന്ന് പോലീസിനു മുന്നിൽ ഹാജരാകും. ബലാൽസംഗ കേസിലെ പ്രതിയായ നടന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടർന്ന് താൻ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറാണെന്ന് കാണിച്ച് നടൻ പോലീസിന് ഇമെയിൽ അയച്ചിരുന്നു. ഇതെതുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണറാണ് നോട്ടീസ് നൽകിയത്. ചോദ്യം ചെയ്യലിനു ശേഷം സിദ്ദിഖിനെ വിട്ടയക്കും.
ഇടക്കാല ജാമ്യം കിട്ടി ദിവസങ്ങൾ കഴിഞ്ഞിട്ടും ചോദ്യം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകാത്ത സാഹചര്യത്തിലായിരുന്നു സിദ്ദിഖ് കത്ത് നൽകിയത്. വരുന്ന 22ന് മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും പരിഗണിക്കുമ്പോൾ കത്ത് നൽകിയ കാര്യം അറിയിക്കാനായിരുന്നു സിദ്ദിഖിന്റെ നീക്കം. ഇതിനിടെയാണ് പ്രത്യേക സംഘം ഹാജരാകാൻ നോട്ടീസ് നൽകിയത്.
യുവനടിയിൽ നിന്ന് മൊഴി രേഖപ്പെടുത്തിയ പ്രത്യേക സഘം കോടതി വഴി രഹസ്യമൊഴിയെടുത്തിരുന്നു. 2016ൽ മസ്ക്കറ്റ് ഹോട്ടലിൽ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്ന പരാതിയിലാണ് കേസ്. നിള തിയറ്ററിൽ സിദ്ദിഖിൻെറ ഒരു സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോഴാണ് സിദ്ദിഖിനെ കണ്ടെതെന്നും ഇതിനു ശേഷം സിനിമ ചർച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് മൊഴി.
തിരുവനന്തപുരത്ത് വെച്ച് പരാതിക്കാരിയായ യുവതിയെ കണ്ടിരുന്നതായി സിദ്ദിഖ് സമ്മതിച്ചിട്ടുണ്ട്. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്ന് ഒളിവിൽ പോയ സിദ്ദിഖ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നു. ഇതിനു പിന്നാലെ സുപ്രീംകോടതി രണ്ടാഴ്ച്ചത്തേക്ക് സിദ്ദിഖിൻ്റെ അറസ്റ്റ് തടഞ്ഞിരുന്നു. പിന്നീട് സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവോടെയാണ് ഒളിവിലായിരുന്ന സിദ്ദിഖ് പുറത്തിറങ്ങിയത്.
Post Your Comments