തിരുവനന്തപുരം: കേരളത്തിൽ മഴ ശക്തമായി തുടരുന്നു. ഇന്നും പരക്കെ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിനെ തുടർന്ന് ആറു ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശമുള്ളത്. യെല്ലോ അലർട്ടാണ് ഈ ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുള്ളത്. കേരള തീരത്ത് മീൻ പിടിക്കുന്നതിനും വിലക്കുണ്ട്.
അതേസമയം, വയനാട്ടിൽ ശക്തമായ മഴ തുടരുകയാണ്. മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവരും, വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ഇന്നലെ നൂൽപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ രാജീവ് ഗാന്ധി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥിനികളുടെ ഹോസ്റ്റലിൻ്റെ മതിൽ തകർന്നിരുന്നു. തേക്കുംപ്പറ്റ നാല് സെൻറ് കോളനിയിലെ വീടുകളിലേക്കും വെള്ളം ഇരച്ചുകയറിയതിനെ തുടർന്ന് ഒരു കുടുംബത്തെ മാറ്റി പാർപ്പിച്ചു.
Post Your Comments