11കാരന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവം: സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അറസ്റ്റില്‍

കാലില്‍ എന്തോ കടിച്ചെന്ന് കുട്ടി പറഞ്ഞെങ്കിലും അധ്യാപകര്‍ അവഗണിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിവെ ബര്‍ദ്ദവാനില്‍ സ്‌കൂളില്‍ 11കാരന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അറസ്റ്റില്‍. കളിക്കുന്നതിനിടെ എന്തോ കടിച്ചത് പോലയുള്ള വേദന അനുഭവപ്പെട്ട സംഭവം അധ്യാപകരോട് പറഞ്ഞിരുന്നുവെങ്കിലും ആരും അതിനെ കാര്യമായി എടുത്തിരുന്നില്ലെന്ന ബന്ധുക്കളുടെ പരാതിക്ക് പിന്നാലെയാണ് ഹെഡ്മാസ്റ്റര്‍ അറസ്റ്റിലായത്. കോശിഗ്രാം യൂണിയന്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ഇന്ദ്രഡിത് മജ്ഹിയാണ് ചൊവ്വാഴ്ച പാമ്പ് കടിയേറ്റ് മരിച്ചത്.

Read Also: ആകാശവാണി മുന്‍ വാര്‍ത്താ അവതാരകനും കൗതുക വാര്‍ത്ത അവതരണത്തിലൂടെ ശ്രദ്ധേയനുമായ എം.രാമചന്ദ്രന്‍ അന്തരിച്ചു

ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് സ്‌കൂള്‍ ഗ്രൌണ്ടില്‍ കളിക്കുന്നതിനിടയിലാണ് കുട്ടിയെ പാമ്പ് കടിച്ചത്. കാലില്‍ വേദനിക്കുന്നതായി കുട്ടി പരാതിപ്പെട്ടെങ്കിലും അധ്യാപകര്‍ കാര്യമാക്കിയില്ല. വീട്ടിലെത്തിയപ്പോഴേയ്ക്കും അവശനിലയിലായ കുട്ടി രക്ഷിതാക്കളോട് കാലിലെന്തോ കടിച്ചതായ വിവരം പറഞ്ഞതിന് പിന്നാലെ രക്ഷിതാക്കള്‍ നോക്കിയപ്പോഴാണ് കാലിലെ നിറം മാറ്റം ശ്രദ്ധിക്കുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. രക്ഷിതാക്കള്‍ അധ്യാപകര്‍ക്കെതിരെ പരാതിപ്പെട്ടതോടെ കുട്ടിയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണകാരണം പാമ്പുകടിയേറ്റാണെന്ന് തെളിഞ്ഞിരുന്നു. ഇതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കുട്ടിയുടെ കാലില്‍ ഒന്ന് നോക്കിയിരുന്നെങ്കില്‍ പാമ്പ് കടിച്ചതാണെന്ന് വ്യക്തമാവുമായിരുന്നുവെന്നും അത് പോലും ചെയ്യാതെയാണ് അധ്യാപകര്‍ കുട്ടിയെ വീട്ടിലേക്ക് അയച്ചതെന്നുമാണ് കുട്ടിയുടെ അമ്മ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെ രക്ഷിതാക്കള്‍ സംഘടിച്ച് സ്‌കൂളിനെതിരെ പ്രതിഷേധം നടത്തിയിരുന്നു.

Share
Leave a Comment