തിരുവല്ല: സി.സി.സജിമോനെ കോട്ടാലി ബ്രാഞ്ച് സമ്മേളനത്തിൽ ലോക്കൽ സമ്മേളന പ്രതിനിധിയായി തിരഞ്ഞെടുത്തത് വിവാദമാകുന്നു. പീഡനക്കേസിൽ ആരോപണവിധേയനായി സിപിഎം ലോക്കൽ കമ്മിറ്റിയിൽനിന്നു പുറത്താക്കപ്പെട്ടതാണ് സി.സി.സജിമോൻ. രണ്ടുമാസം മുൻപാണ് സിപിഎം തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റിയിൽനിന്നും സജിമോനെ പുറത്താക്കിയത്.
വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 2017 ൽ ആണ് സജിമോൻ ആദ്യം പാർട്ടിയിൽ നിന്നും പുറത്താകുന്നത്. അന്ന് പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡിഎൻഎ പരിശോധനയിലും സജിമോൻ അട്ടിമറി നടത്താൻ ശ്രമിച്ചു. രക്ത പരിശോധനയിൽ കൃത്രിമം നടത്താൻ സഹായിച്ച പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. പിന്നീട് പൊലീസുകാരനെ തിരിച്ചെടുത്തു. രണ്ട് വർഷങ്ങൾക്ക് ശേഷം സജിമോൻ പാർട്ടിയിൽ തിരിച്ചെത്തി.
2022ൽ സിപിഎം വനിതാ നേതാവിനെ കാറിൽ കയറ്റി കൊണ്ടു പോയി ലഹരി നൽകി നഗ്നദ്യശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസിലും പ്രതിയായിരുന്നു സജിമോൻ. തുടർന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കഴിഞ്ഞ ഡിസംബറിൽ വീണ്ടും പാർട്ടിയിൽനിന്നു പുറത്താക്കി. ഒരേ വിഷയത്തിൽ തനിക്ക് എതിരെ രണ്ട് നടപടി ഉണ്ടായി എന്ന് കാണിച്ച് സജിമോൻ സിപിഎം കൺട്രോൾ കമ്മിഷന് പരാതി നൽകി. കൺട്രോൾ കമ്മിഷൻ നടപടി റദ്ദാക്കിയതോടെ ആണ് സജിമോൻ പാർട്ടിയിൽ തിരിച്ചെത്തിയത്.
പീഡനക്കേസിനെ തുടർന്നു പുറത്താക്കപ്പെട്ട സജിമോനെ ലോക്കൽ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തിരുന്നു. ലോക്കൽ കമ്മിറ്റിയിൽ ബഹളവും കയ്യാങ്കളിയും ഉണ്ടായതിനെ തുടർന്ന് തീരുമാനം റദ്ദാക്കി. സജിമോനെതിരെ അന്ന് വ്യാപകമായി പോസ്റ്ററുകളും പതിച്ചിരുന്നു.
Post Your Comments