കോഴിക്കോട്: കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കൊല്ലപ്പെട്ട അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് അര്‍ജുന് ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ്. അര്‍ജുന്റെ പേരില്‍ താന്‍ ഒരു തരത്തിലുമുള്ള പി ആര്‍ വര്‍ക്കോ പണപ്പിരിവോ നടത്തിയിട്ടില്ലെന്ന് മനാഫ് മാധ്യമങ്ങളോട് പറഞ്ഞു. പണപ്പിരിവ് നടന്നോയെന്ന് ആര്‍ക്കും അന്വേഷിക്കാം. താന്‍ അര്‍ജുന്റെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന് തെളിഞ്ഞാല്‍ നിയമനടപടി സ്വീകരിക്കാമെന്നും മനാഫ് പറഞ്ഞു. വൈകാരികമായി പ്രതികരിച്ചതിന് മനാഫ് അര്‍ജുന്റെ കുടുംബത്തോട് മാപ്പുചോദിച്ചു. കുടുംബത്തിനെതിരായ സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്നും പരസ്പരം ചെളിവാരിയെറിഞ്ഞ് ഷിരൂരിലെ ചരിത്ര ദൗത്യത്തിന്റെ മഹത്വം ഇല്ലാതാക്കരുതെന്നും മനാഫ് അഭ്യര്‍ത്ഥിച്ചു.
Read Also: കിരീടത്തിലെ കീരിക്കാടന്‍ ജോസിലൂടെ ജനപ്രിയനായ നടന്‍ മോഹന്‍ രാജ് അന്തരിച്ചു
വാഹനത്തിന്റെ ആര്‍സി ഉടമ മുബീനും മനാഫിനൊപ്പം വാര്‍ത്താ സമ്മേളനത്തിന് എത്തിയിരുന്നു. ഇത് കുടുംബം ഒന്നാകെ നടത്തിവരുന്ന ബിസിനസാണെന്നും മനാഫ് തന്റെ നേര്‍ സഹോദരനാണെന്നും മുബീന്‍ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങള്‍ അര്‍ജുന് 75000 ശമ്പളം നല്‍കിയതിന് തെളിവുണ്ടെന്നും അര്‍ജുന്‍ ഒപ്പിട്ടത് ഉള്‍പ്പെടെ കണക്കുപുസ്തകത്തില്‍ ഉണ്ടെന്നും മനാഫ് പറഞ്ഞു. ശമ്പളത്തിന്റെ കാര്യമെല്ലാം വെളിപ്പെടുത്തിയത് ഇന്‍ഷുറന്‍സ് തുക ആ കുടുംബത്തിന് കൂടുതല്‍ കിട്ടിക്കോട്ടെയെന്ന് കരുതിയിട്ടാണ്. മുക്കത്തെ സ്‌കൂള്‍ പണം തരാമെന്ന് പറഞ്ഞപ്പോള്‍ അത് അര്‍ജുന്റെ മകന് നല്‍കാമെന്നാണ് കരുതിയത്. അതിന് മകന്റെ അക്കൗണ്ട് നമ്പര്‍ ചോദിച്ചതാണ് തന്റെ തെറ്റ്. ഇതെല്ലാം കുടുംബത്തെ വേദനിപ്പിച്ചെങ്കില്‍ താന്‍ മാപ്പുചോദിക്കുന്നുവെന്നും മനാഫ് പറഞ്ഞു.
യൂട്യൂബ് ചാനലുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്കും മനാഫ് മറുപടി പറഞ്ഞു. ഒരു സുരക്ഷിതബോധത്തിനും വാര്‍ത്തകള്‍ കൃത്യമായി മാധ്യമങ്ങളെ അറിയിക്കാനുമാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ഇന്നലെ വരെ പതിനായിരം സബ്സ്‌ക്രൈബേഴ്സ് ഉണ്ടായിരുന്ന ചാനല്‍ ഇന്ന് രണ്ടരലക്ഷത്തിലെത്തി നില്‍ക്കുന്നു. എല്ലാവരും ചേര്‍ന്ന് ഇത് മറ്റൊരു ലെവലില്‍ എത്തിച്ചു. അര്‍ജുന്‍ വീട്ടിലെത്തിയ ശേഷം താന്‍ അതില്‍ ഒന്നും പോസ്റ്റ് ചെയ്തിട്ടുമില്ല. യൂട്യൂബ് ചാനലിന്റെ ചിത്രം മാറ്റിയിട്ടുണ്ടെന്നും എളുപ്പത്തില്‍ ആളുകള്‍ക്ക് തിരിച്ചറിയാനാണ് ലോറിയുടമ മനാഫ് എന്ന് ചാനലിന് പേരിട്ടതെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു.
Post Your Comments