Latest NewsInternational

ഇറാന്‍ ചെയ്തത് വലിയ തെറ്റ്: കനത്ത വില നൽകേണ്ടി വരുമെന്ന് നെതന്യാഹു

ടെല്‍ അവീല്‍: ഇറാന്റെ ആക്രമണത്തിന് പിന്നാലെ പ്രതികരിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്‍ വലിയ തെറ്റ് ചെയ്തുവെന്നും ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും നെതന്യാഹു പറഞ്ഞു. ആര് ആക്രമണം നടത്തിയാലും തിരിച്ചടിയുണ്ടാകുമെന്നും നെതന്യാഹു അറിയിച്ചു. . ഇറാന്‍ ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെ ജെറുസലേമില്‍ വിളിച്ചു ചേര്‍ത്ത മന്ത്രിസഭായോഗത്തിലാണ് ബെഞ്ചമിന്‍ നെതന്യാഹു ഇക്കാര്യം പറഞ്ഞത്.

ഇറാന്റെ മിസൈല്‍ ആക്രമണം പരാജയപ്പെട്ടുവെന്നും നെതന്യാഹു പറഞ്ഞു. വ്യോമപ്രതിരോധ സംവിധാനത്തിന്റെ മികവാണ് മിസൈല്‍ ആക്രമണം പരാജയപ്പെടാന്‍ കാരണമെന്നും നെതന്യാഹു പറഞ്ഞു. അമേരിക്കയുടെ പിന്തുണയ്ക്ക് നെതന്യാഹു നന്ദി പറഞ്ഞു. ഇറാന് നേരെ പ്രത്യാക്രമണം ഉടനുണ്ടാകുമെന്ന് ഐഡിഎഫ് വക്താവ് ഡാനിയേല്‍ ഹഗാരിയും പറഞ്ഞു. ഇറാന്‍ പ്രത്യാക്രമണം നേരിടേണ്ടി വരുമെന്ന് അമേരിക്കയും പറഞ്ഞു. ഇറാന്റെ മിസൈലുകള്‍ വെടിവെച്ചിടാന്‍ അമേരിക്കന്‍ പ്രസിഡന്റെ ജോ ബൈഡന്‍ നിര്‍ദേശിച്ചു.

ലെബനന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഇറാന്റെ മിസൈല്‍ വര്‍ഷം. ടെല്‍ അവിവീലും ജെറുസലേമിലും ഇറാന്‍ മിസൈല്‍ തൊടുത്തുവിട്ടു. നാനൂറോളം മിസൈലുകള്‍ ഇസ്രയേലിന് മേല്‍ പതിച്ചതായാണ് വിവരം. എന്നാൽ ആകാശത്ത് വെച്ച് തന്നെ ഇസ്രായേൽ ഇതിനെ നിർവീര്യമാക്കി. ആക്രമണം സ്ഥിരീകരിച്ച് ഇസ്രയേല്‍ ആണ് ആദ്യം രംഗത്തെത്തിയത്. ഇതിന് പിന്നാലെ ഇറാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം നടക്കുന്നതിനൊപ്പം വെടിവെയ്പും നടന്നു. വടക്കന്‍ ടെല്‍ അവീവിലെ ജാഫയിലാണ് ആക്രമണം നടന്നത്.

ഭീകരാക്രമണ സ്വഭാവമുള്ള വെടിവെയ്പാണ് നടന്നതെന്ന് ഇസ്രയേല്‍ അധികൃതര്‍ പറഞ്ഞു. ആള്‍ക്കൂട്ടത്തിന് നേരെ തോക്കുധാരികളായ രണ്ട് പേര്‍ വെടിയുതിര്‍ത്തുകയായിരുന്നു. വെടിവെയ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇറാന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പൗരന്മാര്‍ സുരക്ഷിത സ്ഥലങ്ങളില്‍ തുടരണമെന്ന് നിര്‍ദേശമുണ്ട്. അതിനിടെ ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസിയും ജാഗ്രതാ നിര്‍ദേശം നല്‍കി. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരണമെന്നും ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button