Latest NewsKeralaIndia

വിമാനം തകര്‍ന്ന് കാണാതായ സൈനികരുടെ മൃതദേഹം 56 വർഷത്തിന് ശേഷം കണ്ടെത്തി: തോമസ് ചെറിയാന്റെ സംസ്കാരം ഇലന്തൂരില്‍

പത്തനംതിട്ട: 56 വർഷത്തിന് ശേഷം വിമാനം തകര്‍ന്ന് ഉണ്ടായ അപകടത്തിൽ കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി. മരിച്ചവരിൽ ഒരു മലയാളിയും ഉണ്ട്. ഇലന്തൂര്‍ ഒടാലില്‍ ഒ എം തോമസിന്റെ മകന്‍ തോമസ് ചെറിയാന്‍ ആണ് അപകടത്തിൽ മരിച്ച മലയാളി. ഇരുപത്തിയൊന്ന് വയസുള്ളപ്പോൾ ആയിരുന്നു അപകടം. ഹിമാചല്‍ പ്രദേശിലെ രോത്താങ് പാസിലെ മഞ്ഞുമലയില്‍ നിന്നും ആണ് തോമസിന്റെയും മറ്റു മൂന്നുപേരുടെയും മൃതദേഹം പ്രത്യേക തിരച്ചില്‍ സംഘം കണ്ടെത്തിയത്.മല്‍ഖന്‍ സിങ്, ശിപായി ആയിട്ടുള്ള നാരായണ്‍ സിങ് എന്നിവരുടെ മൃതദേഹങ്ങളാണ് തോമസ് ചെറിയാന്റെ ഭൗതിക അവശിഷ്ടങ്ങള്‍ക്കൊപ്പം ലഭിച്ചിട്ടുള്ളത്. നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയതില്‍ മല്‍ഖാന്‍ സിങ്, ശിപായി നാരായണ്‍ സിങ്, ക്രാഫ്റ്റ്സ്മാന്‍ തോമസ് ചെറിയാന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. തിരിച്ചറിയാത്ത ഒരു മൃതദേഹം റാന്നി കാട്ടുര്‍ സ്വദേശിയായ സൈനികന്റെതാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

എയര്‍ ഫോഴ്‌സില്‍ ക്രാഫ്റ്റസ്മാന്‍ ആയിരുന്നു തോമസ്. 1968 ഫെബ്രുവരി ഏഴിന് ചണ്ഡിഗഡില്‍ നിന്നും ലേയിലേക്ക് പോയ ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ എ എന്‍-12 വിമാനമാണ് കാണാതായത്. 102 യാത്രക്കാരാണ് ഇരട്ട എന്‍ജിനുള്ള ടര്‍ബോ പ്രൊപ്പല്ലര്‍ ട്രാന്‍സ്‌പോര്‍ട്ട് എയര്‍ ക്രാഫ്ടില്‍ ഉണ്ടായിരുന്നത്. തിരംഗ മൗണ്ടന്‍ റസ്‌ക്യൂ ടീമും ഇന്ത്യന്‍ ആര്‍മിയുടെ ഡോഗ്ര സ്‌കൗട്ട്‌സും ചേര്‍ന്ന് നടത്തിയ സംയുക്ത തിരച്ചിലിലാണ് ഭൗതിക അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തോമസിന്റെ മരണ വിവരം ലെഫ്റ്റനന്റ് അജയ് ചൗഹാന്‍ ആറന്മുള പോലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ച വൈകീട്ട് അറിയിച്ചു. അവിടെ നിന്ന് വിവരം ഇലന്തൂരിലെ ബന്ധുക്കള്‍ക്ക് കൈമാറുകയായിരുന്നു.

2003 ല്‍ എ ബി വാജ്‌പേയി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങില്‍ നിന്നുള്ള പര്‍വതാരോഹകരാണ് ഈ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ആദ്യമായി കണ്ടെത്തിയത്. നിരവധി ശ്രമങ്ങള്‍ക്കൊടുവിലായിരുന്നു ഇത്. 2005, 06,13,19 വര്‍ഷങ്ങളിലും ഡോഗ്ര സ്‌കൗട്ട്‌സ് തിരച്ചില്‍ തുടര്‍ന്നിരുന്നു. 2019 വരെ അഞ്ചു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ചന്ദ്രഭാഗ പര്‍വത പര്യവേഷക സംഘമാണ് ഇപ്പോള്‍ നാലു മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിരിക്കുന്നത്. തോമസ് ചെറിയാന്‍ കൊല്ലപ്പെടുമ്പോള്‍ പത്തനംതിട്ട ജില്ല ഉണ്ടായിരുന്നില്ല. ഇലന്തൂരും പത്തനംതിട്ടയുമടക്കം കൊല്ലം ജില്ലയിലാണ് ഉള്‍പ്പെട്ടിരുന്നത്. ആര്‍മി രേഖകളില്‍ ഇപ്പോഴും തോമസിന്റെ അഡ്രസ് കൊല്ലം ജില്ല വച്ചാണ്. ഇ എം എ കോര്‍പ്‌സിലെ സി എഫ് എന്‍ ആയിരിക്കുമ്പോഴാണ് തോമസ് കൊല്ലപ്പെടുന്നത്.

പത്തനംതിട്ട കാതോലിക്കേറ്റ് സ്‌കൂളില്‍ നിന്ന് എസ് എസ് എല്‍ സിയും കോളജില്‍ നിന്ന് പ്രീ ഡിഗ്രിയും പൂര്‍ത്തിയാക്കിയ തോമസ് സൈനിക സേവനത്തിന്റെ ഭാഗമായി പോകുമ്പോഴാണ് വിമാനം റഡാറുകളില്‍ നിന്ന് അപ്രത്യക്ഷമായത്.

ഏലിയാമ്മ ആണ് ‘അമ്മ. തോമസ് തോമസ്, തോമസ് വര്‍ഗീസ്, മേരി വര്‍ഗീസ്, പരേതനായ തോമസ് മാത്യു എന്നിവര്‍ സഹോദരങ്ങളാണ്. ഭൗതിക ശരീരം ഇലന്തൂരില്‍ എത്തിച്ചു കാരൂര്‍ സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സംസ്‌കരിക്കും. 56 വര്‍ഷക്കാലം തങ്ങളുടെ ജേഷ്ഠ പിതാവിന്റെതടക്കം കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തിയ സൈന്യത്തോടും സര്‍ക്കാരിനോടും ഏറെ കടപ്പാടുണ്ടെന്ന് തോമസ് ചെറിയാന്റെ ജ്യേഷ്ഠ സഹോദരപുത്രനായ ഷൈജു കെ മാത്യു പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button