കോഴിക്കോട്: അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന്റെ ഓരോ ഘട്ടത്തിലും വലിയ പിന്തുണയാണ് ലഭിച്ചതെന്നും എല്ലാവര്ക്കും നന്ദിയുണ്ടെന്നും അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന് മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തിന്റെ വൈകാരികത മാര്‍ക്കറ്റ് ചെയ്തുവെന്നും അര്‍ജുനെ കണ്ടെത്തിയശേഷം സഹോദരി അഞ്ജു നടത്തിയ പ്രതികരണത്തില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നടന്നുവെന്നും ജിതിന് ആരോപിച്ചു. ഇത്തരത്തില്‍ വൈകാരികമായ മാര്‍ക്കറ്റിങ് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും കുടുംബം പ്രതികരിച്ചു.
Read Also: ഇപ്പോള്‍ ഡയറ്റ് പ്ലാന്‍ മാറ്റി: അരിക്കൊമ്പന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് തമിഴ്നാട് വനംവകുപ്പ്
ലോറിയുടമ മനാഫ് അര്‍ജുന്റെ പേരില്‍ ഫണ്ട് പിരിവ് നടത്തുന്നുവെന്ന് കുടുംബം ആരോപിച്ചു. ഫണ്ട് പിരിവിന്റെ ആവശ്യം കുടുംബത്തിന് ഇല്ല. ജീവിക്കാനുള്ള സാഹചര്യം ഞങ്ങള്‍ക്ക് ഉണ്ട്. പൊള്ളയായ കാര്യങ്ങള്‍ ആണ് നടക്കുന്നത്. ഞങ്ങളെ കുത്തി നോവിക്കരുത്. പൈസ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കട്ടെ. മനാഫും സംഘവും പൈസയുമായി വീട്ടില്‍ വന്നിരുന്നു. 2000 രൂപയാണ് മനാഫ് തന്നത്. അത് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു. വൈകാരികത ചൂഷണം ചെയ്ത് മാര്‍ക്കറ്റ് ചെയ്യുന്നു. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ ഞങ്ങള്‍ക്ക് പ്രതികരിക്കേണ്ടിവരും. അര്‍ജുന്റെ പേരില്‍ മനാഫ് നടത്തുന്ന ഫണ്ട് പിരിവ് നിര്‍ത്തണമെന്ന് കുടുബം ആവശ്യപ്പെട്ടു.
അര്ജുന് 75,000 രൂപ സാലറി ഇല്ല. യൂട്യൂബ് ചാനലുകള്‍ സൈബര്‍ ആക്രമണം നടത്തുന്നുവെന്നും കമന്റുകള്‍ ഏറെ വേദനിപ്പിക്കുന്നുവെന്നും കുടുംബം പറഞ്ഞു. സര്‍ക്കാര്‍ അര്‍ജുന്റെ ഭാര്യക്കും, മകനും ജീവിക്കാനുള്ള അവസരം ഉണ്ടാക്കിയിട്ടുണ്ടെന്നും ജിതിന് കൂട്ടിച്ചേര്‍ത്തു.
മനാഫിന് അമ്മയുമായും കുടുംബവുമായും ഒരുപാട് ബന്ധമുണ്ടെന്നത് പച്ചക്കള്ളമാണ്. അമ്മയെ ഉപയോഗിച്ച് മാര്‍ക്കറ്റ് ചെയ്യുകയാണ്. ഈശ്വര്‍ മല്‍പേയും, മനാഫും ചേര്‍ന്ന് നാടകം കളിക്കുകയായിരുന്നു. മനാഫ് യൂട്യൂബ് ചാനല്‍ നടത്തി കാഴ്ചക്കാരുടെ എണ്ണം എടുക്കുകയായിരുന്നു. ട്രഡ്ജര്‍ കൊണ്ടുവരില്ലെന്ന് പറഞ്ഞ് ഞങ്ങളെ നിരുത്സാഹപ്പെടുത്തി. ലോറിയുടെ കൃത്യമായ സ്ഥാനം ജില്ലാ ഭരണകൂടം കുടുംബത്തെ അറിയിച്ചിരുന്നു. പക്ഷെ മാധ്യമങ്ങളോട് ഈ കാര്യങ്ങള്‍ പറയുന്നതില്‍ വിലക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അത് പറയാതിരുന്നത്. കാര്‍വാര്‍ എസ്പി മനാഫിനെതിരെ പരാതി നല്കാന് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം ഇത് മുഴുവന്‍ വഴിത്തിരിച്ച് വിടാന്‍ ശ്രമിക്കുകയാണെന്ന് എസ് പിയും പറഞ്ഞിരുന്നുവെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന് മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments