തെക്കേ ഇന്ത്യയിൽ ഏറെ പ്രസിദ്ധിയാർജ്ജിച്ച ഒരു ദേവി ക്ഷേത്രമാണ് കന്യാകുമാരി ദേവി ക്ഷേത്രം. ബാണാസുരൻ എന്ന അസുരനെ വധിച്ച നിത്യകന്യകയായ ദേവി കുടികൊള്ളുന്ന ഈ ക്ഷേത്രം പരശുരാമൻ പ്രതിഷ്ഠിച്ചതാണ് എന്നാണ് വിശ്വാസം. സുചീന്ദ്രനാഥനുമായുള്ള വിവാഹം മുടങ്ങിയതിനാൽ നിത്യകന്യകയായി നിൽക്കുന്ന ദേവി ഭക്തരുടെ വിവാഹം നടത്തിക്കൊടുക്കുന്ന വരദായിനിയാണ്.
read also: ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ചു, നവവധുവിന് ദാരുണാന്ത്യം
ഐതീഹ്യം
ആദിപരാശക്തിയുടെ എല്ലാ അവതാരങ്ങളിലും ശിവൻ അവതരിക്കുകയും അവർ തമ്മിൽ വിവാഹിതരാകുകയും ചെയ്തിട്ടുണ്ട്. ദേവി കന്യാകുമാരിയും സുന്ദരേശ്വരനുമായി മാത്രം വിവാഹം നടന്നില്ല. കോഴി കൂവുന്നതിന് മുൻപ് എത്താം എന്ന് ഭഗവാൻ വാക്ക് കൊടുത്തിരുന്നു. യാത്രാമദ്ധ്യേ കോഴി കൂവുന്നത് കേട്ട് ഭഗവാൻ തിരിച്ചുപോയി. കല്ല്യാണം മുടങ്ങി. കോഴിയായി നാരദനാണ് കൂവിയത്. കല്ല്യാണം മുടങ്ങി ദേവി കന്യകയായി നിന്നാലേ ബാണാസുരനെ വധിക്കാൻ കഴിയൂ. അതിനാൽ ദേവന്മാരുടെ ആവശ്യപ്രകാരമാണ് നാരദൻ ഇങ്ങനെ പ്രവർത്തിച്ചത്. കന്യാകുമാരി ദേവിയോട് ഭ്രമം തോന്നിയ ബാണാസുരന്റെ വിവാഹാഭ്യർത്ഥന ദേവി നിരസിച്ചതിനാൽ യുദ്ധത്തിനായി വന്ന ബാണാസുരനെ ദേവി ചക്രായുധം കൊണ്ട് കൊല്ലുകയാണ് ഉണ്ടായത്.
കന്യാകുമാരി ജില്ലയിൽ കടൽ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ ദേവിയുടെ വൈരമൂക്കൂത്തി ഏറെ പ്രസിദ്ധമാണ്. ക്ഷേത്രത്തിലേക്ക് വടക്കേ വാതിലിലൂടെ വേണം പ്രവേശിക്കാൻ. കിഴക്കേ വാതിൽ സ്ഥിരമായി അടച്ചിടുന്നു. ചില വിശേഷ ദിവസങ്ങളിൽ മാത്രമാണ് ആ വാതിൽ തുറക്കുന്നത്. രാവിലെ 4.30 നു നട തുറക്കും. 11.45 ന് നട അടയ്ക്കും. പിന്നെ വൈകിട്ട് 4 ന് നടതുറന്ന് 8 ന് അടയ്ക്കും.
ദേവിയുടെ കളികൂട്ടുകാരായിരുന്ന വിജയസുന്ദരിയുടെയും, ബാലസുന്ദരിയുടെയും ശ്രീകോവിലുകളും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രമണ്ഡപത്തിലെ നാലു തൂണുകളിൽ തട്ടിയാൽ വീണ, മൃദംഗം, ജലതരംഗം, ഓടക്കുഴൽ എന്നിവയുടെ നാദം കേൾക്കാം. ചുവന്ന സാരിയും നെയ്യ് വിളക്കുമാണ് ദേവിക്കുള്ള പ്രധാന വഴിപാട്.
മെയ് മാസത്തിലെ ചിത്രാപൗർണമി ഉത്സവമാണ്. സെപ്തംബർ– ഒക്ടോബറിൽ 9 ദിവസം നീണ്ടുനിൽക്കുന്ന നവരാത്രിയും കൊണ്ടാടുന്നു. മെയ്– ജൂൺ മാസത്തിലെ 10 ദിവസം നീണ്ടു നിൽക്കുന്ന വൈശാഖോത്സവത്തിന് ദേവിയെ തോണിയിൽ ഒമ്പതാം ദിവസം വെള്ളത്തിലൂടെ എഴുന്നള്ളിക്കും.
Post Your Comments