കോഴിക്കോട്: പ്രിയപ്പെട്ട അര്‍ജുന്‍ ഇനി ജനഹൃദയങ്ങളില്‍ ജീവിക്കും. നാടിന്റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്‍ജുന്‍ നിത്യനിദ്രയിലേക്ക് മടങ്ങി. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ രാവിലെ 11.20ഓടെയാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചശേഷമാണ് അര്‍ജുന്റെ മൃതദേഹം ചിതയിലേക്ക് എടുത്തത്. 11.45ഓടെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ജുന്റെ ചിതയ്ക്ക് തീകൊളുത്തി.
അര്‍ജുന്റെ മൃതദേഹം ചിതയിലേക്ക് എടുക്കുമ്പോള്‍ ഒരു നാട് മാത്രമല്ല മലയാളികളൊന്നാകെയാണ് കണ്ണീരണിഞ്ഞത്. അത്രമേല്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായി അര്‍ജുന്‍ മാറിയിരുന്നു. ഓരോരുത്തരുടെയും കുടുംബത്തിലെ ഒരംഗം നഷ്ടമായ വേദനയാണ് കണ്ണാടിക്കല്‍ എത്തിയവര്‍ പങ്കിട്ടത്. കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുളള ഒരു അന്ത്യ യാത്രയ്ക്കുശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം ഇന്ന് രാവിലെയാണ് വീട്ടിലെത്തിച്ചത്. കുടുംബാംഗങ്ങളും നാട്ടുകാരും അവസാനമായി അര്‍ജുന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
കേരളത്തിന്റെ മുഴുവന്‍ കണ്ണീരോര്‍മയായാണ് അര്‍ജുന്‍ വിടവാങ്ങിയത്. ഷിരൂരിലെ ഗംഗാവലി പുഴയിലേക്ക് മല ഇടിഞ്ഞുവീണ് ലോറിയോടൊപ്പം കാണാതായി എഴുപത്തി രണ്ടാം ദിവസം കണ്ടെടുത്ത അര്‍ജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടുവളപ്പിലാണ് സംസ്‌കരിച്ചത്. ജനപ്രതിനിധികളും സാമൂഹിക സാംസ്‌കാരിക നേതാക്കളും അടക്കം ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
അര്‍ജുന്‍ തന്നെ പണി കഴിപ്പിച്ച അമരാവതി എന്ന വീടിന്റെ മുറ്റത്ത് ഒരു മണിക്കൂര്‍ നീണ്ട പൊതുദര്‍ശനത്തിന് ശേഷം സഹോദരന്‍ അഭിജിത്ത് ചിതയ്ക്ക് തീകൊളുത്തിയത്. അച്ഛനെ പ്രതീക്ഷയോടെ കാത്തിരുന്ന മൂന്നു വയസുകാരന്‍ മകന്‍ അയാന്‍ കണ്ടുനിന്നവരുടെ എല്ലാം കണ്ണുകളെ ഈറനണിയിച്ച നൊമ്പരമായി. അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ, സഹോദരിമാരായ അഞ്ജു, അഭിരാമി, അമ്മ ഷീല, അച്ഛന്‍ പ്രേമന്‍ എന്നിവര്‍ വിങ്ങിപ്പൊട്ടി യാത്രാമൊഴിയേകി.
മൃതദേഹം വഹിച്ചുള്ള ആംബുലന്‍സിനെ അനുഗമിച്ച് വിലാപയാത്ര ഒമ്പതരയോടെയാണ് കണ്ണാടിക്കലിലെ ജനങ്ങള്‍ തിങ്ങി നിറഞ്ഞ ‘അമരാവതി’ എന്ന വീടിനരികിലേക്ക് എത്തിയത്. അവിടെ നിന്നും വീട്ടിലേക്കുളള വഴി നീളെ ആംബുലന്‍സിനെ അനുഗമിച്ച് പുരുഷാരം ഒഴുകിയെത്തി. മുദ്രാവാക്യം വിളികളോടെ അര്‍ജുനെ നാട് ഏറ്റുവാങ്ങി. ആദ്യം ബന്ധുക്കള്‍ക്ക് മാത്രം കുറച്ച് സമയം അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സമയം നല്‍കി. പിന്നീട് നാട്ടുകാര്‍ക്കും അര്‍ജുന് ആദരമര്‍പ്പിക്കാനായി പല നാടുകളില്‍ നിന്നെത്തിയവര്‍ക്കുമായി പൊതുദര്‍ശനം നടന്നു. അര്‍ജുന്റെ ലോറി ഉടമ മനാഫ് പൊട്ടിക്കരഞ്ഞുകൊണ്ടാണ് അന്തിമോപചാരമര്‍പ്പിച്ചത്. ഈശ്വര്‍ മല്‍പെയും അന്തിമോപചാരമര്‍പ്പിച്ചു.
Leave a Comment