മലപ്പുറം: ഇന്ന് നാലരക്ക് മാധ്യമങ്ങളെ കാണുമെന്നറിയിച്ച് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. ഫേസ്ബുക്ക് കുറിപ്പിലാണ് അന്‍വര്‍ ഇക്കാര്യം അറിയിച്ചത്. വിശ്വാസങ്ങള്‍ക്കും വിധേയത്വത്തിനും താല്‍ക്കാലികതക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്. നീതിയില്ലെങ്കില്‍ നീ തീയാവുക എന്നാണല്ലോ.. വൈകിട്ട് നാലരയ്ക്ക് മാധ്യമങ്ങളെ കാണും- ഇങ്ങനെയായിരുന്നു കുറിപ്പ്.
കഴിഞ്ഞ ദിവസം എടവണ്ണ റിദാന്‍ ബാസില്‍ കൊലക്കേസില്‍ പ്രതികരണവുമായി അന്‍വര്‍ രംഗത്തെത്തിയിരുന്നു. എഡിജിപി ലോ ആന്‍ഡ് ഓര്‍ഡര്‍ ചുമതലയില്‍ ഈ കേസുമായി ബന്ധമുണ്ടെന്ന് താന്‍ സംശയിക്കുന്ന വ്യക്തി തുടരുന്നിടത്തോളം കാലം ഈ കേസില്‍ നീതിപൂര്‍വ്വമായ അന്വേഷണം ഉണ്ടാകില്ലെന്ന് വ്യക്തമായെന്ന് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. എടവണ്ണ റിദാന്‍ ബാസില്‍ കൊലക്കേസില്‍ ദുരൂഹത ഉണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും പല തവണ ആവര്‍ത്തിച്ചിരുന്നു. ഈ കേസ് പ്രത്യേക അന്വേഷണ സംഘം നേരിട്ട് വീണ്ടും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് കത്തും നല്‍കിയിരുന്നുവെന്ന് അന്‍വര്‍ പറഞ്ഞു.
Post Your Comments