കൊച്ചി: ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍റെ ലോറിയും മൃതദേഹ ഭാഗങ്ങളും ഗംഗാവാലി പുഴയിൽ നിന്നും കണ്ടെത്തിയതിന് പിന്നാലെ വൈകാരികമായി പ്രതികരിച്ച് മമ്മൂട്ടി. 72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് നമ്മളും നമ്മളെക്കാൾ അർജുന്റെ കുടുംബവും കാത്തിരുന്നുവെന്ന് മമ്മൂട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. ഒടുവിൽ ഇന്ന് വിട പറയേണ്ടി വന്ന അർജുന് ആദരാഞ്ജലികൾ നേരുന്നതായും മമ്മൂട്ടി കുറിച്ചു.
നേരത്തെ നടി മഞ്ജു വാര്യരും വേദന പങ്കുവച്ച് രംഗത്തെത്തിയിരുന്നു. മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ എന്നാണ് മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒരു പിടി ചാരമാകാനെങ്കിലും ഒരോർമയെന്നും പ്രിയപ്പെട്ട അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കുമെന്നും മഞ്ജു അഭിപ്രായപ്പെട്ടു.
അതിനിടെ അർജുന്‍റെ ലോറിയും മൃതദേഹ ഭാഗങ്ങളും കണ്ടെത്തിയതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയിരുന്നു. ജൂലൈ 16 ന് കാണാതായ അർജുന് വേണ്ടിയുള്ള ദൗത്യം 71 ദിവസത്തിനിപ്പുറം അവസാനിക്കുമ്പോൾ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇത് പ്രതിസന്ധിഘട്ടമാണെന്ന് പ്രതിപക്ഷ നേതാവ് ഓർമ്മിപ്പിച്ചു. അവരെ ചേര്‍ത്ത് പിടിക്കുകയാണ് ഇനി നമുക്ക് ചെയ്യാനുള്ളതെന്നും സതീശൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
ജീവിതത്തില്‍ ഒരിക്കലും അര്‍ജുനെ നേരില്‍ കണ്ടിട്ടില്ലാത്ത എത്രയോ പേര്‍ നേരിട്ടും പ്രാര്‍ഥനയോടെയും ഈ ദൗത്യത്തിന്റെ ഭാഗമായെന്നും കേരള – കര്‍ണ്ണാടക സര്‍ക്കാരുകള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മാധ്യമങ്ങള്‍, എല്ലാവരുടെയും സ്‌നേഹത്തിന് നന്ദിയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. മൃതദേഹം അര്‍ജുന്റേതാണോയെന്ന് സ്ഥിരീകരിക്കാനുള്ള സാങ്കേതിക നടപടി ക്രമങ്ങള്‍ അവശേഷിക്കുന്നുവെന്നും രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാ ദൗത്യങ്ങളില്‍ ഒന്നായിരുന്നു ഷിരൂരിലേതെന്നും സതീശൻ കുറിച്ചിട്ടുണ്ട്. നിരന്തരം ഉണ്ടായ മണ്ണിടിച്ചില്‍, കുത്തി ഒഴുകുന്ന പുഴ. അങ്ങനെ നിരവധി പ്രതിസന്ധികള്‍ മറികടന്നാണ് ഇന്ന് ആ വാർത്തയെത്തിയതെന്നും അദ്ദേഹം ചൂണ്ടികാട്ടി.
Post Your Comments