കോടിയേരിയുടെ മൃതദേഹം എ.കെ.ജി. സെന്ററില്‍ പൊതുദര്‍ശനത്തിനുവെച്ചില്ല: മുഖ്യമന്ത്രിയ്ക്ക് എതിരെ അൻവര്‍

കോടിയേരി ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ഇങ്ങനെ ഒരു പത്രസമ്മേളനം തനിക്ക് നടത്തേണ്ടിവരില്ലായിരുന്നു

കൊച്ചി : കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം എകെജി സെന്ററില്‍ പൊതുദർശനത്തിന് വെച്ചില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി പത്രസമ്മേളനത്തിന് വരുന്ന സമയത്ത് ഒരു പാർട്ടി സഖാവ് തനിക്ക് മെസ്സേജ് അയച്ചെന്ന് എംഎൽഎ പി വി അൻവർ.

‘ഏറ്റവും പ്രിയപ്പെട്ട നേതാവായിരുന്നു കോടിയേരി സഖാവ്. ആ മനുഷ്യന്റെ മരണം നടന്നിട്ട് തിരുവനന്തപുരം എ.കെ.ജി. സെന്ററില്‍ മൃതദേഹം വെച്ചിട്ടില്ല. കേരളത്തില്‍ ഉടനീളമുള്ള സഖാക്കള്‍ അതിനുവേണ്ടി കാത്തിരുന്നതാണ്. തിരുവനന്തപുരം തൊട്ട് കണ്ണൂര് വരെ ഒരുപാട് സഖാക്കള്‍ ഉണ്ടായിരുന്നു. അന്ന് വൈകുന്നേരം മുഖ്യമന്ത്രിക്കും കുടുംബത്തിനും യുറോപ്പിലേക്ക് പോണം. അതിനുവേണ്ടിയാണ് അദ്ദേഹം അങ്ങനെ ചെയ്തത്,’- അൻവർ പറഞ്ഞു. കോടിയേരി ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ഇങ്ങനെ ഒരു പത്രസമ്മേളനം തനിക്ക് നടത്തേണ്ടിവരില്ലായിരുന്നുവെന്നും പിവി അൻവർ പറഞ്ഞു.

read also: മുഖ്യമന്ത്രി ചതിച്ചു, പിണറായി എന്ന സൂര്യന്‍ കെട്ടുപോയി: യുദ്ധപ്രഖ്യാപനവുമായി അന്‍വര്‍

തൃശ്ശൂരില്‍ ബി.ജെ.പിയുടെ രാഷ്ട്രീയതന്ത്രം വിജയിച്ചു ചില അഡ്ജസ്റ്റ്മെന്റുകള്‍ നടത്തേണ്ട ആവശ്യമുള്ള വ്യക്തിയായിരിക്കാം എ.ഡി.ജി.പി.ക്ക് നിർദേശം നല്‍കിയതെന്നും പി.വി. അൻവർ പറഞ്ഞു. കേരളത്തില്‍ ബി.ജെ.പിക്ക് സീറ്റ് ഉണ്ടാക്കിക്കൊടുക്കേണ്ട ആവശ്യം ആർക്കാണോ ആ വ്യക്തിയായിരിക്കാം എ.ഡി.ജി.പി.ക്ക് നിർദേശം കൊടുത്തിട്ടുണ്ടാകുക. അതാരാണെന്ന് എനിക്കറിയില്ല, നിങ്ങള്‍ അന്വേഷിച്ചോളൂ. നേരത്തെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളന സമയത്ത് ഇതിന്റെ പിന്നില്‍ അൻവർ ആണോ എന്ന് നിങ്ങള്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞില്ലേ, നിങ്ങള്‍ അന്വേഷിച്ചോളൂ എന്ന്. അതുപോലെ ആർക്കാണോ ഇവിടെ ബി.ജെ.പിക്ക് സീറ്റുണ്ടാക്കിക്കൊടുത്ത് സൗകര്യം പറ്റേണ്ടതെന്ന് നിങ്ങള്‍ അന്വേഷിച്ചോളൂ എന്ന് പി.വി. അൻവർ പറഞ്ഞു.

Share
Leave a Comment