വാഷിങ്ടണ്‍: പേജര്‍, വോക്കി ടോക്കി സ്‌ഫോടനപരമ്പരകള്‍ക്കു പിന്നാലെ ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം കൂടി അരങ്ങേറിയതോടെ മധ്യപൂര്‍വദേശത്തു യുദ്ധഭീതി പടരുന്നു. ഇസ്രയേലിന്റെ വ്യോമാക്രമണം യുദ്ധപ്രഖ്യാപനമാണെന്നാണ് ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറല്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയത്. മധ്യപൂര്‍വദേശത്ത് കാര്യങ്ങള്‍ കൂടുതല്‍ കലുഷിതമായ സാഹചര്യത്തില്‍, സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തി സര്‍വ സന്നാഹങ്ങളുമായി യുഎസും രംഗത്തുണ്ട്.
Read Also: കൊച്ചിയിലെ അഞ്ച് ‘ഹാജി അലി’ ഔട്ട്‌ലെറ്റുകളില്‍ റിസീവറുടെ നടപടി
മധ്യപൂര്‍വദേശത്ത് ഉഗ്രശക്തിയുള്ള ആയുധങ്ങളും പടക്കപ്പലുകളുമായി സൈനികസാന്നിധ്യം വര്‍ധിപ്പിക്കുകയാണ് കാലങ്ങളായി യുഎസ്. 40,000 സൈനികരും പന്ത്രണ്ടോളം യുദ്ധക്കപ്പലുകളും വ്യോമസേനയുടെ നാലു പോര്‍വിമാനങ്ങളും ആ സൈനിക വ്യൂഹത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഇസ്രയേല്‍- ലബനന്‍ സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ ഇത് 50,000 ആയി ഉയര്‍ന്നു. സഖ്യകക്ഷികളെ സംരക്ഷിക്കുന്നതിനും ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും യുഎസ് വര്‍ഷങ്ങളായി ഇവിടെ സൈനികശക്തി ബലപ്പെടുത്തുകയാണ്
യുദ്ധം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ് എന്ന് പ്രഖ്യാപിച്ച ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗല്ലന്റ്, കഴിഞ്ഞ ആഴ്ച നിരവധി തവണ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഇവിടെ സേനാവിന്യാസം വര്‍ധിപ്പിക്കുന്നതിന്റെ സൂചനകളൊന്നും യുഎസ് നിലവില്‍ നല്‍കിയിട്ടില്ല. നിലവിലുള്ള സൈന്യത്തോട് അവിടെ തുടരാനാണ് നിര്‍ദേശം.
യുദ്ധത്തിലേക്ക് നീങ്ങുന്നതിനെതിരെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, യുദ്ധമുണ്ടാകുന്ന സാഹചര്യത്തില്‍ ഇസ്രയേലിനു യുഎസ് സൈനികപിന്തുണ നല്‍കാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല.
Post Your Comments