
ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് പ്രമുഖ സംവിധായകനെതിരെ നടപടിയുമായി ബംഗാളി സിനിമ സംഘടന. സെറ്റില്‍ വച്ച് അനുവാദം കൂടാതെ ചുംബിച്ചു എന്ന നടിയുടെ പരാതിയിലാണ് പ്രമുഖ ബംഗാളി സംവിധായകന്‍ അരിന്ദം സില്ലിനെ സിനിമ സംഘടനയായ ഡയറക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഈസ്റ്റേണ്‍ ഇന്ത്യ പുറത്താക്കിയത്.
അരിന്ദം സില്ലിനെ അനിശ്ചിതകാലത്തേക്കാണ് സസ്‌പെന്റ് ചെയ്തത്. സംഭവത്തില്‍ പ്രാഥമിക തെളിവുകള്‍ കണക്കിലെടുത്താണ് നടപടിയുണ്ടായിരിക്കുന്നത്. നടിയുടെ ആരോപണങ്ങളില്‍ അന്വേഷണം നടത്തി കാര്യങ്ങള്‍ ബോധ്യപ്പെടും വരെ സസ്‌പെന്റ് ചെയ്യുന്നുവെന്നാണ് അസോസിയേഷന്റെ നിലപാട്.
സിനിമ സെറ്റില്‍ വച്ച് മാസങ്ങള്‍ക്ക് മുന്‍പ് സംവിധായകന്‍ അതിക്രമം നടത്തിയതായാണ് ആരോപണമുള്ളത്. സെറ്റില്‍ ഒരു ഷോട്ട് വിശദീകരിക്കുന്നതിനിടെ അനുവാദം കൂടാതെ തന്റെ കവിളില്‍ ചുംബിച്ചതായാണ് നടിയുടെ ആരോപണം. നടി സംസ്ഥാന വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. കമ്മീഷന് മുന്നില്‍ ഹാജരായ സംവിധായകന്‍ സംഭവത്തില്‍ മാപ്പ് എഴുതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡയറക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഈസ്റ്റേണ്‍ ഇന്ത്യ സംവിധായകനെതിരേ നടപടിയെടുത്തിരിക്കുന്നത്.
Post Your Comments