തുമ്പയും തുളസിയും മുക്കുത്തിപ്പൂവും പിന്നെ മനസില്‍ നിറയെ ആഹ്ളാദവുമായി പൊന്നോണം എത്തിക്കഴിഞ്ഞു.അസുര ചക്രവര്‍ത്തി മഹാബലി തന്റെ പ്രിയപ്പെട്ട പ്രജകളെ കാണാന്‍ എത്തുന്ന ദിവസമാണ് തിരുവോണമെന്നാണ് വിശ്വാസം. തിരുവോണ നാളില്‍ പ്രജകളെ കാണാനെത്തുന്ന മഹാബലിയെ സ്വീകരിക്കുന്നതിനായാണ് പൂക്കളം ഒരുക്കിയിരുന്നതെന്നാണ് ഐതീഹ്യം.കേരളത്തിന്റെ പഴമയുടെയും പെരുമയുടെയും തനിമയുടെയുമെല്ലാം മഹോത്സവം കൂടിയാണ് ഓണം.
ചിങ്ങ മാസത്തിലെ അത്തം മുതൽ പത്തു നാൾ തിരുവോണം വരെ മുറ്റത്ത് പൂക്കളം തീർത്തും സദ്യ ഒരുക്കിയും ഓണകളിക്കളിൽ ഏർപ്പെട്ടും ആഹ്ലാദത്തോടെ മലയാളികൾ ഓണം ആഘോഷിക്കുകയാണ്. എല്ലാ മാന്യ വായനക്കാർക്കും ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലിയുടെ പോന്നോണാശംസകൾ. ഓണം എന്ന് കേട്ടാൽ ആദ്യം ഓർമ്മ വരുന്നത് ഓണത്തപ്പനെയാണ്. ഓണത്തപ്പനെ വരവേൽക്കാനാണ് പൂക്കളം ഒരുക്കുന്നതെന്നാണ് ഐതിഹ്യം. ഓണത്തപ്പന്റെ മറ്റൊരു പേരാണ് തൃക്കാക്കരയപ്പൻ.
ഈ തൃക്കാക്കരയപ്പൻ വാമനൻ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ മാവേലി ആണെന്നാണ് ചിലരുടെ വിശ്വാസം. എന്നാൽ ഇത് പാതാളത്തിലേക്ക് മാവേലിയെ ചവിട്ടിതാഴ്ത്തിയ വാമനനാണെന്ന് മറ്റൊരു കൂട്ടർ പറയുന്നത്. എന്നാൽ ഇതൊന്നുമല്ല തൃക്കാക്കര അമ്പലത്തിൽ ഉത്സവത്തിന് പോകാൻ കഴിയാത്തവർ വീടുകളിൽ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കണമെന്നും ആഘോഷങ്ങൾ നടത്തണമെന്ന് കേരള ചക്രവർത്തിയായ പെരുമാൾ കല്പിച്ചതിനെ തുടർന്നാണ് ഈ ആചാരം നിലവിൽ വന്നതെന്ന് മറ്റൊരു ഐതീഹ്യം.
അത്തം മുതൽ ഉത്രാടം വരെയുള്ള പൂക്കളം വർണാഭമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. തിരുവോണ നാൾ വീട്ടിലേക്ക് എത്തുന്ന മഹാബലി തമ്പുരാനെ ആദരിച്ച് ആനയിച്ച് കൊണ്ടുവന്ന് കിഴക്കുവശത്തുകൂടി വീടിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നു. മഹാവിഷ്ണുവിൻ്റെ സമീപം അണിയിച്ച് ഒരുക്കിയ പീഠത്തിൽ മഹാബലി തമ്പുരാനെ ഇരുത്തുന്നു. പിന്നീട് കോടിയുടുപ്പിച്ച് ആദരിച്ച് മലർ, അവൽ, അട തുടങ്ങിയവ നിവേദിക്കുന്നു. ഇത്തരം ചടങ്ങുകളാണ് തിരുവോണനാളിൽ പ്രതീകാത്മകമായി ആചരിച്ചു വരുന്നത്.
കളിമണ്ണ് കൊണ്ടാണ് സാധാരണയായി തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നത്. മണ്ണ് കുഴച്ച്, നിറം വരുത്താൻ ഐടിക പൊടിയും ചേർത്താണ് തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നത്. 5 തൃക്കാക്കരയപ്പൻമാരെയാണ് സാധാരണയായി കുടിവെക്കുന്നത്. ഉത്രാടദിവസം നാക്കിലയിൽ വേണം ഓണത്തപ്പനെ കുടിയിരുത്താൻ എന്നാണ് വിശ്വാസം. നടുവിൽ ഒരു വലിയ ഓണത്തപ്പനെയും ഇരുഭാഗത്തുമായി രണ്ട കുഞ്ഞ് ഓണത്തപ്പൻമാരെയും കുടിയിരുത്തും.ഒന്നാം ഓണം മുതൽ അഞ്ചാം ഓണം വരെ ഓണത്തപ്പനെ പൂജിക്കും. എന്നും രാവിലെയും വൈകിട്ടും പൂജിക്കാറുണ്ട്.
Post Your Comments