News

മാത്യൂസിന്റെയും ശർമ്മിളയുടെയും വിവാഹം നടത്തിയതും സുഭ​ദ്ര, കൊലപാതകത്തിന് ശേഷം ദമ്പതികൾ ഇപ്പോഴും ഒളിവിൽ തന്നെ

ആലപ്പുഴ: എറണാകുളം സ്വദേശിനിയായ സുഭ്രദ്രയെ കലവൂരിൽ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ ദുരൂഹത അകലുന്നില്ല. സുഭ​​ദ്രയുടെ സുഹൃത്തുക്കളായ ദമ്പതികൾ സുഭദ്രയെ കൊന്നുകുഴിച്ചു മൂടിയെന്നാണ് പ്രാഥമിക നി​ഗമനം. കലവൂർ കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസും ഭാര്യ ശർമ്മിളയും ചേർന്ന് സ്വർണത്തിനായി നടത്തിയ കൊലപാതകമാകാം എന്നും പൊലീസ് സംശയിക്കുന്നു. എന്നാൽ, ഒളിവിൽ പോയ ഇരുവരെയും കണ്ടെത്തിയാൽ മാത്രമേ കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരൂ. മാത്യൂസും ശർമ്മിളയും കേരളം വിട്ടിരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

വർഷങ്ങളായി കൊല്ലപ്പെട്ട സുഭ​ദ്രയുടെ സുഹൃത്തുക്കളാണ് മാത്യൂസും ശർമ്മിളയും. നാലു വർഷം മുമ്പ് ഇരുവരും തമ്മിലുള്ള വിവാഹത്തിന് മുൻകൈ എടുത്തതും സുഭ​ദ്രയായിരുന്നു. ശർമ്മിളയുടെ ബന്ധുവെന്നാണ് മാത്യൂസിന്റെ കുടുംബാം​ഗങ്ങളോട് സുഭദ്ര പറഞ്ഞിരുന്നത്. വിവാ​ഹ സമയത്താണ് മാത്യൂസിന്റെ മാതാപിതാക്കൾ ആദ്യമായി സുഭദ്രയെ കാണുന്നത്. തന്റെ ആന്റിയാണെന്നു പറഞ്ഞാണു ശർമിള സുഭദ്രയെ പരിചയപ്പെടുത്തിയത്. കർണാടകയിലെ ഉഡുപ്പി സ്വദേശിയായ ശർമിള എറണാകുളത്തെ ഒരു അനാഥാലയത്തിലെ അന്തേവാസിയായിരുന്നു. സന്യാസിനിയായ മകൾ വഴിയാണ് ഈ ആലോചന എത്തിയതെന്നും മാത്യൂസിന്റെ മാതാപിതാക്കൾ പറയുന്നു.

തുടർന്ന് മാത്യൂസിന്റെ ബന്ധുക്കൾ ഉഡുപ്പിയിൽ ശർമിളയുടെ ബന്ധുവീടുകളിൽ പോയിരുന്നു. സുഭദ്രയും ഒപ്പമുണ്ടായിരുന്നു. ഭാഷ അറിയാത്തതിനാൽ സുഭദ്രയാണ് അവരോടെല്ലാം സംസാരിച്ചത്. കാട്ടൂർ സെന്റ് മൈക്കിൾസ് പള്ളിയിൽ വച്ചായിരുന്നു വിവാഹം. ചടങ്ങിൽ ശർമിളയുടെ ബന്ധുവായി സുഭദ്ര മാത്രമാണു പങ്കെടുത്തത്. വിവാഹശേഷം മാത്യൂസിന്റെ കുടുംബവീട്ടിലാണു ദമ്പതികൾ ഏതാനും മാസം താമസിച്ചത്. സുഭദ്ര ഇടയ്ക്കിടെ ശർമിളയെ കാണാൻ വരാറുണ്ടായിരുന്നെന്നും മാത്യൂസിന്റെ കുടുംബം വ്യക്തമാക്കുന്നു.

കൊച്ചി സ്വദേശിനി സുഭദ്രയെ കൊലപ്പെടുത്തിയതു സ്വർണാഭരണങ്ങൾ കൈക്കലാക്കാനായിരുന്നെന്നു സൂചന. സ്ഥിരമായി സ്വർണാഭരണങ്ങൾ ധരിക്കാറുള്ള സുഭദ്രയുടെ മൃതദേഹത്തിൽ പക്ഷേ, ആഭരണങ്ങൾ ഇല്ലായിരുന്നു. മാത്യൂസും ശർമിളയും ആലപ്പുഴയിലെയും ഉഡുപ്പിയിലെയും സ്ഥാപനങ്ങളിൽ സ്വർണം പണയം വച്ചെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഉഡുപ്പിയിൽ ശർമിളയെന്നു സംശയിക്കുന്ന സ്ത്രീ ഒറ്റയ്ക്കാണു സ്വർണം പണയം വയ്ക്കാനെത്തിയത്. ആലപ്പുഴ നഗരത്തിലെ ഒരു ജ്വല്ലറിയിലും ശർമിള തനിച്ചെത്തി സ്വർണം പണയംവച്ചതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button