തിരുവനന്തപുരം: വെള്ളറടയില്‍ ബൈക്കിടിച്ച് പരിക്കേറ്റയാളെ മുറിയിലുപേക്ഷിച്ച് കടന്നുകളഞ്ഞവര്‍ നാട്ടുകാര്‍ തന്നെയായിരിക്കുമെന്ന നിഗമനത്തില്‍ പൊലീസ്. മരിച്ച സുരേഷിനെ പരിചയമുള്ളവരാകാം ഇടിച്ചിട്ടതെന്നും അതുകൊണ്ടാകാം മുറിയിലുപേക്ഷിച്ച ശേഷം സ്ഥലം വിട്ടതെന്നും വെള്ളറട സിഐ പ്രമോദ് പറഞ്ഞു.
തലക്കേറ്റ ക്ഷതമാകാം മരണത്തിന് കാരണമെന്നും സിഐ പറഞ്ഞു. ശരീരം ജീര്‍ണിച്ച അവസ്ഥയിലായിരുന്നു. ഇപ്പോഴൊന്നും പറയാന്‍ കഴിയില്ല. തമിഴ്‌നാട്ടിലുള്‍പ്പെടെ എല്ലായിടത്തേക്കും അന്വേഷണം വ്യാപിപ്പിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
വെള്ളറട ചൂണ്ടിക എന്ന സ്ഥലത്താണ് സംഭവമുണ്ടായിരിക്കുന്നത്. അമിതവേഗത്തിലെത്തിയ ബൈക്കാണ് സുരേഷിനെ ഇടിച്ചുവീഴ്ത്തിയത്. ബൈക്കിലെത്തിയ ഒരാള്‍ ലുങ്കിയാണ് ധരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ നാട്ടുകാരായിരിക്കുമെന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോഴുള്ളത്. അതേസമയം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് പേര്‍ പ്രദേശത്ത് വന്ന് സുരേഷിനെക്കുറിച്ച് അന്വേഷിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. സുരേഷിനെ മുറിയില്‍ ഉപേക്ഷിച്ചു പോയവര്‍ തന്നെ ആകാന്‍ സാധ്യത എന്ന് നാട്ടുകാര്‍ പറയുന്നു. ആ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
Post Your Comments