പങ്കാളി നിങ്ങളുടെ ഫോൺ എടുക്കുമ്പോൾ അറിയാതെ ഒരു
‘വെപ്രാളം’ ഉണ്ടാകാറുണ്ടോ? വീട്ടിൽ പോകുന്നതിനു മുമ്പ് ചാറ്റ് ക്ലിയർ ഓപ്ഷൻ കൊടുത്ത് എല്ലാം തൂത്തു വൃത്തിയാക്കാറുണ്ടോ? ചാറ്റിനിടയിൽ ഭാര്യയോ കുട്ടികളോ വന്നാൽ ദേഷ്യം തോന്നാറുണ്ടോ? എന്നാല്‍ നിങ്ങൾ വലിയൊരു അപകടത്തിന്റെ ആദ്യ പടവിലാണു നിൽക്കുന്നത്. കുറച്ചു നാൾ കഴിഞ്ഞാൽ തൊട്ടടുത്തിരിക്കുന്ന നിങ്ങളുടെ ഹൃദയപ്പാതിയെ ചതിച്ചു തുടങ്ങിയേക്കാമെന്നതിന്റെ സൂചനകളാണ് ഇതൊക്കെ.
അതോടെ നിങ്ങളുടെ കുടുംബ ജീവിതത്തിന്റെ അടിത്തറ ഏതു നിമിഷം വേണമെങ്കിലും ഇളകിത്തുടങ്ങാം.. ദാമ്പത്യം എന്നെന്നേക്കുമായി സ്വിച്ച് ഓഫ് ആകാതിരിക്കാൻ സൈബർ ലോകത്തിരിക്കുമ്പോൾ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചു നോക്കു ജീവിതത്തിന്റെ നിറങ്ങള്‍ വീണ്ടെടുക്കാം
1. സമയം ഓർക്കുക– ‘ഏതു സമയത്തും ഒരു മൊബൈൽ…..’ വീട്ടിൽ നിന്ന് ഇടയ്ക്കിടെ ഈ പരാതി കേൾക്കുന്നുണ്ടെങ്കിൽ സൂക്ഷിക്കുക, കുടുംബത്തിനു നൽകേണ്ട സമയം നിങ്ങൾ വേണ്ടവിധം ഉപയോഗപ്പെടുത്തുന്നില്ല എന്നതിന്റെ തെളിവാണ് ഈ പരാതി. ഇതു പരിഹരിക്കാൻ എളുപ്പത്തിൽ കഴിയും. വീടിനുളളിൽ എത്ര സമയം ഓൺലൈനാകുമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. പങ്കാളിയും കുട്ടികളും സംസാരിക്കുമ്പോൾ മൊബൈലിൽ ചാറ്റ് ചെയ്യരുത്. കിടപ്പറയിലേക്ക് മൊബൈലിലൂടെ ആരെയും കയറ്റില്ലെന്നു പ്രതിജ്ഞ ചെയ്യുക.
2. സുതാര്യമാകട്ടെ എല്ലാം– സ്വകാര്യത വരുമ്പോഴാണ് പലപ്പോഴും കുഴപ്പങ്ങളുണ്ടാകുന്നത്. നിങ്ങൾ ആരോടാണ് സംസാരിക്കുന്നതെന്ന് പങ്കാളിയും അറിയുമ്പോൾ രഹസ്യങ്ങൾക്ക് സ്ഥാനമില്ലാതാകുന്നു. മൊബൈൽ പാസ് വേഡുകൾ പരസ്പരം മറച്ചു വയ്ക്കേണ്ട കാര്യമില്ല. പരസ്പരം അറിയുന്നതു കൊണ്ടു കുഴപ്പമില്ല എന്ന ബന്ധങ്ങളാണ് ജീവിതത്തിൽ ഏറ്റവും നല്ലത്.
3 . പ്രണയിച്ചു തുടങ്ങാം– വീട്ടിൽ നിറം നഷ്ടപ്പെടുമ്പോഴാണ് പലരും പുതുനിറം തേടിപ്പോകുന്നത്. അതിനൊറ്റ മരുന്നേയുളളൂ. ദാമ്പത്യത്തിൽ പ്രണയം നിറയ്ക്കുക. അതിനുളള വഴികളും അവസരങ്ങളും സ്വയം ഉണ്ടാക്കുക.
4. വഴിമാറട്ടെ മെസേജുകൾ– നിങ്ങൾ ആരോടാണോ ചാറ്റ് ചെയ്യാനിഷ്ടപ്പെടുന്നത്, അവർക്കയക്കുന്ന മെസേജുകൾ പങ്കാളിക്ക് അയച്ചു നോക്കൂ….പ്രണയം നിറച്ച ഫോർവേഡ് മെസേജുകളും അൽപം കൊച്ചു വർത്തമാനങ്ങളും ഒക്കെ പങ്കാളിയോടുളള ചാറ്റിൽ ഉൾപ്പെടുത്തുക.
5. ചുറ്റും നോക്കുക– വെർച്വൽ ലോകം സ്വപ്നമാണെന്ന തിരിച്ചറിവിലേക്ക് എത്തണം. വെറുതെയിരിപ്പും ജീവിത വിരസതയുമാണ് ചാറ്റിങ്ങിലേക്കുളള വഴി തുറക്കുന്നത്. ഒഴിവു സമയങ്ങൾ ബുദ്ധിപരമായി ഉപയോഗിക്കുക. ജീവിതത്തിൽ രസമില്ലാതാകുന്നതിന്റെ കാരണം കണ്ടെത്തി പരിഹരിക്കുക….
Post Your Comments