Latest NewsNewsIndia

ബ്രൂണെ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി മോദി: ആഡംബരത്തിന്റെ പര്യായമായ സുല്‍ത്താന് 7000 കാറുകളും 3000കോടിയുടെ വിമാനവും

ന്യൂഡല്‍ഹി: ബ്രൂണെ സന്ദര്‍ശനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച മോദി ബ്രൂണെയിലെത്തുന്നതോടെ ഈ രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും അദ്ദേഹം.

Read Also: ഖത്തറില്‍ 61 കോടിയുടെ വായ്പ തട്ടിപ്പു നടത്തിയ മലയാളിയെ കേന്ദ്രീകരിച്ച് കേരളത്തില്‍ ഇ.ഡി റെയ്ഡ്

രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ ഇന്ത്യ-ബ്രൂണെ ബന്ധം ശക്തിപ്പെടുത്തുകയും ഇരുരാജ്യങ്ങളും തമ്മില്‍ 40 വര്‍ഷമായുള്ള നയതന്ത്രബന്ധം പുതുക്കുകയുമാണ് ലക്ഷ്യമിടുന്നത്. ബ്രൂണെയുടെ ഭരണാധികാരിയായ ഹസനുല്‍ ബോല്‍കിയയുടെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം.

മോദിക്ക് ആതിഥേയനാകുന്ന ഹസനുല്‍ ബോല്‍കി, ലോകത്തിലെ ഏറ്റവും ധനികനായ ഭരണാധികാരികളില്‍ ഒരാളാണ്. ആഡംബരത്തിന്റെ മറുവാക്കായ അദ്ദേഹത്തിന്റെ ജീവിതം ലോകത്തിന് എന്നും കൗതുകമുണര്‍ത്തിയിട്ടുണ്ട്. ആഡംബര കാറുകളും കൊട്ടാരവും ആര്‍ഭാട ജീവിതരീതികളും കൊണ്ട് അദ്ദേഹം വാര്‍ത്തകളില്‍ ഇടംനേടാറുണ്ട്.

57 വര്‍ഷമായി ബ്രൂണെയുടെ ഭരണാധികാരിയായ ഹസനുല്‍ ബോല്‍കിയ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഭരണാധികാരിയായ രാജാവ് കൂടിയാണ്.

1967 മുതല്‍ ബ്രൂണെയുടെ രാജാവായ അദ്ദേഹം 1984-ല്‍ ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷം പ്രധാനമന്ത്രി സ്ഥാനവും വഹിക്കുന്നു. അതു മാത്രമല്ല, ധനമന്ത്രി, വിദേശകാര്യമന്ത്രി, സായുധസേനയുടെ കമാന്‍ഡര്‍, പോലീസ് മേധാവി, പെട്രോളിയം യൂണിറ്റ് മേധാവി, യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്ലര്‍, ഇസ്ലാം മതകാര്യ സമിതി പരമോന്നത തലവന്‍, ബ്രോഡ്കാസ്റ്റിങ് ആന്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് തലവന്‍ എന്നീ പദവികളെല്ലാം വഹിക്കുന്നത് അദ്ദേഹമാണ്.

2008-ലെ ഫോര്‍ബ്‌സ് മാസികയുടെ കണക്കുപ്രകാരം ബോല്‍കിയയുടെ ആസ്തി 1.4 ലക്ഷം കോടി രൂപയാണ്. ഡാര്‍ജിലിങ്ങിലെ പ്രത്യേക തോട്ടത്തില്‍ ഉത്പാദിപ്പിക്കുന്ന പ്രത്യേക തേയിലകൊണ്ടുള്ള ചായയാണ് അദ്ദേഹം കുടിക്കുന്നത്. ഇതിന്റെ വില ഒരു കിലോയ്ക്ക് ഒരു ലക്ഷത്തോളം രൂപയാണ്. മുടിവെട്ടാന്‍ മാത്രം ബോല്‍ക്കിയ ഏകദേശം 15 ലക്ഷം രൂപയാണ് ചെലവഴിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കാര്‍പ്രേമി കൂടിയായ അദ്ദേഹത്തിന്റെ ശേഖരത്തില്‍ ഏഴായിരത്തോളം ആഡംബര കാറുകളുണ്ടെന്നാണ് കണക്ക്. 600 റോള്‍സ് റോയ്‌സും 450 ഫെരാരി കാറുകളും ഇതില്‍ ഉള്‍പ്പെടുന്നു. സ്വര്‍ണത്തോട് ഭ്രമമുള്ളതിനാല്‍ 24 കാരറ്റ് സ്വര്‍ണം പൂശിയ കാറുകളും സ്വന്തമായുണ്ട്. 3000 കോടി രൂപ നല്‍കി വാങ്ങിയ ബോയിങ് 747 വിമാനത്തിലാണ് അദ്ദേഹം ലോകം ചുറ്റുന്നത്.

30 ബംഗാള്‍ കടുവകളുള്ള സ്വകാര്യ മൃഗശാലയും ബോല്‍കിയയ്ക്കുണ്ട്. 2550 കോടി രൂപയിലധികം വരുന്ന കൊട്ടാരത്തിലാണ് സുല്‍ത്താന്റെ താമസം. രണ്ട് ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ പരന്നുകിടക്കുന്ന വസതി ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരമായി ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരുന്നു. ഇതിന്റെ താഴികക്കുടത്തില്‍ 22 കാരറ്റ് സ്വര്‍ണം പൂശിയിരിക്കുന്നു. പ്രകാശത്തിന്റെ കൊട്ടാരം എന്നാണ് ഇത് അറിയപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button