KeralaLatest News

‘ഒരു നിമിഷം പോലും മുകേഷ് ആ സ്ഥാനത്ത് തുടരരുത്, സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കരുത്’: കർശന നിലപാടുമായി സിപിഐ

കൊച്ചിയിലെ നടിയുടെ പരാതിയില്‍ മുകേഷിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയ പശ്ചാത്തലത്തില്‍ മുകേഷ് എംഎല്‍എ സ്ഥാനത്ത് തുടരുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ച് സിപിഐ. മുകേഷിനെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് കരുതാനാകില്ലെന്ന് സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു പറഞ്ഞു. മുകേഷിനെതിരായ ആരോപണങ്ങള്‍ സര്‍ക്കാരിനും മുന്നണിയ്ക്കും അവമതിപ്പ് ഉണ്ടാക്കിയെന്ന് അദ്ദേഹം വിലയിരുത്തി.

മുകേഷ് ഉചിതമായ തീരുമാനമെടുക്കണമെന്നും സര്‍ക്കാരിനേയും ഇടത് മുന്നണിയേയും കൂടുതല്‍ പ്രതിസന്ധിയിലാക്കരുതെന്നും പ്രകാശ് ബാബു ട്വന്റിഫോറിനോട് പറഞ്ഞു. ഇക്കാര്യത്തില്‍ സിപിഐ തങ്ങളുടെ നിലപാട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.മുകേഷിന് ഇനിയും എംഎല്‍എ സ്ഥാനത്തുതുടരാന്‍ അര്‍ഹതയില്ലെന്ന നിലപാട് ആനി രാജയും ആവര്‍ത്തിച്ചു. ഇനിയൊരു നിമിഷം പോലും മുകേഷ് ആ സ്ഥാനത്ത് തുടരരുതെന്ന് ആനി രാജ തുറന്നടിച്ചു.

ആരോപണം ഉയര്‍ന്നുവന്നപ്പോള്‍ തന്നെ മുകേഷ് സ്ഥാനം ഒഴിയേണ്ടതായിരുന്നു. അദ്ദേഹം ഇനിയും രാജിവച്ചൊഴിയുന്നില്ലെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും ആനി രാജ ട്വന്റിഫോറിനോട് പ്രതികരിച്ചു.തന്നെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു മുകേഷിനെതിരെ നടി സമര്‍പ്പിച്ച പരാതി.

പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഐപിസി 354 പ്രകാരമാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. നാടകമേ ഉലകം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മുകേഷ് തന്നോട് ലൈംഗിക അതിക്രമം കാട്ടിയെന്നായിരുന്നു നടിയുടെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button