KeralaEntertainment

സിനിമാ നയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷ് പുറത്തേക്ക്? എംഎൽഎയ്ക്കെതിരെ കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ രൂക്ഷവിമർശനം

കൊല്ലം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടുകൂടി കേരളക്കരയിൽ ആഞ്ഞടിക്കുന്ന ഒന്നായി മാറുകയാണ് മലയാള സിനിമ. പല താരങ്ങൾക്കും എതിരെയാണ് ഇപ്പോൾ തുറന്നുപറച്ചിലുമായി പല നടിമാരും എത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പല വിഗ്രഹങ്ങളും വീണുടയുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാളികൾ കാണുന്നതും. ബംഗാളി നടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനമാണ് രഞ്ജിത്തിന് നഷ്ടമായത്.

ആദ്യം മുതൽ രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സംസ്ഥാന സർക്കാർ എടുത്തിരുന്നത്. എന്നാൽ വിവാദങ്ങൾ കോളിളക്കങ്ങൾ സൃഷ്ടിച്ചതോടുകൂടി രഞ്ജിത്തിനെ സർക്കാർ കൈവിടുന്ന കാഴ്ചയും മലയാളികൾ കണ്ടു. അതിനു പിന്നാലെയാണ് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിനെതിരെ ആരോപണങ്ങൾ ഉയർന്നത്. ഇതോടെ ആരും പറയാതെ തന്നെ സിദ്ദിഖ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു ഒഴിഞ്ഞു.

ഇതിനു പിന്നാലെ ആ സ്ഥാനത്തേക്ക് ഉയർന്നുവന്നത് ബാബുരാജിന്റെ പേരാണ്. അതോടുകൂടി അടുത്ത ആരോപണം ബാബുരാജിന് മേലും ഉയർന്നു. ഇതേ തുടർന്ന് ഇന്നലെ താര സംഘടനയായ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടിരുന്നു.എന്നാൽ ഇത് സർക്കാരിനെയും കുഴയ്ക്കുന്ന ഒരു കേസ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. സിദ്ദിഖിനെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇന്ന് കേസെടുത്തിട്ടുണ്ട്. സിദ്ദിഖിനെ അറസ്റ്റ് ചെയ്താൽ സമാനമായ ആരോപണം നേരിടുന്ന സംവിധായകൻ രഞ്ജിത്തിനെ അറസ്റ്റ് ചെയ്യേണ്ടി വരും.

ബം​ഗാളി നടിയുടെ പരാതിയിൽ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ഇടത് സഹയാത്രികനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിനെ അറസ്റ്റ് ചെയ്താൽ, ലൈം​ഗികാരോപണം നേരിടുന്ന സിപിഎം എംഎൽഎയും നടനുമായ മുകേഷിനെതിരെയും കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യേണ്ടി വരും. അങ്ങനെ വന്നാൽ അത് സിപിഎമ്മിന് ഉണ്ടാക്കുന്ന പ്രത്യാഘാതം ചെറുതായിരിക്കില്ല.

സിനിമാമേഖലയിൽ ഉയരുന്ന ആരോപണങ്ങളെ രാഷ്ട്രീയമായി ഏറ്റെടുക്കേണ്ടതില്ലെന്ന് സിപിഎമ്മിൽ ധാരണ. മുകേഷിന്റെപേരിലുണ്ടായ ആരോപണങ്ങൾ നേരിടേണ്ടതും വിശദീകരിക്കേണ്ടതും അദ്ദേഹത്തിന്റെ വ്യക്തിപരമായ ബാധ്യതമാത്രമാക്കി നിർത്താനാണ് സിപിഎം തീരുമാനം.

എന്നാൽ എം. മുകേഷ് എം.എൽ.എ.യ്ക്കെതിരേ ഉണ്ടായ പരാതിയും ആരോപണവും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം ഉയരുന്നു. പാർട്ടി സമ്മേളനങ്ങൾ തുടങ്ങാനിരിക്കെ എം.എൽ.എ.യ്ക്കെതിരായ ആരോപണം ദോഷംചെയ്യുമെന്ന് അംഗങ്ങൾ പറഞ്ഞു. മുകേഷിനെതിരേ അംഗങ്ങൾ രൂക്ഷമായി പ്രതികരിച്ചതായാണ് വിവരം.

കൊല്ലത്ത് പ്രതിപക്ഷസംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങൾ പാർട്ടിക്ക് ദോഷമാകുമെന്നും അഭിപ്രായമുണ്ടായി. അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച സർക്കാർതീരുമാനം ഉചിതമായെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. പരാതി അതിഗൗരവത്തോടെ അന്വേഷിക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു.

കൊല്ലത്തെ സംഭവങ്ങൾ സംസ്ഥാനനേതൃത്വത്തെ അറിയിക്കാൻ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, ആരോപണത്തിന്റെപേരിൽ അദ്ദേഹം രാജിവെക്കേണ്ട ആവശ്യമില്ലെന്ന സംസ്ഥാനനേതൃത്വത്തിൻറെ നിലപാടിനൊപ്പമാണ് ജില്ലാനേതൃത്വവും. എം.എൽ.എ. എന്നനിലയിൽ മുകേഷ് ആരോപണമൊന്നും നേരിടുന്നില്ല. സിനിമാതാരം എന്നനിലയിലുള്ള ആരോപണത്തിൻറെപേരിൽ എം.എൽ.എ.സ്ഥാനം രാജിവെക്കേണ്ടതില്ല എന്ന നിലപാടിലാണ് പാർട്ടി. ഇത്തരം ആരോപണങ്ങളുടെപേരിൽ പ്രതിപക്ഷ എം.എൽ.എ.മാരൊന്നും രാജിവെച്ചിട്ടില്ല.

ആരോപണങ്ങളുടെപേരിൽ മന്ത്രിസ്ഥാനം രാജിവെക്കുന്നവരെ തെറ്റുകാരല്ലെന്നുകണ്ടാൽ തിരികെക്കൊണ്ടുവരാനാകും. എന്നാൽ, എം.എൽ.എ.സ്ഥാനം രാജിവെച്ചാൽ പാർട്ടി തീരുമാനിച്ച് മാത്രം തിരികെക്കൊണ്ടുവരാനാവില്ല. ആരോപണങ്ങളിൽ അന്വേഷണം തുടങ്ങുംമുൻപേ രാജിയാവശ്യം അംഗീകരിക്കേണ്ടെന്നാണ് നിലപാട്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ സിനിമാതാരം കൂടിയായ സി.പി.എം. എം.എൽ.എ. എം.മുകേഷിനെതിരേ ഉയർന്ന പരാതികൾ പാർട്ടി സമ്മേളനങ്ങളിൽ ചർച്ചയാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുകേഷിനെ സ്ഥാനാർഥിയാക്കിയതിനെതിരേ പാർട്ടി ജില്ലാ കമ്മിറ്റിമുതൽ ലോക്കൽ കമ്മിറ്റിവരെ വിമർശനം നേരിട്ടിരുന്നു.

പാർട്ടി എം.എൽ.എ.തന്നെ ആരോപണവിധേയനായതിൽ സമ്മേളന പ്രതിനിധികൾ രൂക്ഷവിമർശനം ഉന്നയിക്കാനാണ് സാധ്യത. ചൊവ്വാഴ്ച ചേർന്ന പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് ഈ ആശങ്ക പങ്കുവെച്ചിരുന്നു. 2016-ൽ കൊല്ലം നിയമസഭാ മണ്ഡലത്തിൽ മത്സരിപ്പിച്ചപ്പോൾമുതൽ മുകേഷിനോട് പാർട്ടിയിലെ ഒരുവിഭാഗത്തിന് എതിർപ്പുണ്ടായിരുന്നു.

സിനിമ-സാംസ്കാരിക രംഗത്തുനിന്ന് ഒരാളെ മത്സരിപ്പിക്കുക എന്നപേരിൽ മുകേഷിനെ സംസ്ഥാനനേതൃത്വമാണ് അവതരിപ്പിച്ചത്. ജില്ലാ കമ്മിറ്റിക്ക് ഇതംഗീകരിക്കേണ്ടിവന്നു. അന്ന് സിറ്റിങ് എം.എൽ.എ. ആയിരുന്ന പി.കെ.ഗുരുദാസന് ഒരവസരംകൂടി നൽകണമെന്ന് ആവശ്യമുണ്ടായിരുന്നതാണ്. ഗുരുദാസൻ ഒഴിഞ്ഞാൽ രണ്ടാംനിരയിലെ നാല് പ്രമുഖ നേതാക്കൾ മത്സരിക്കാൻ താത്‌പര്യത്തോടെ രംഗത്തുണ്ടായിരുന്നു. ഇതൊഴിവാക്കാൻ ഒത്തുതീർപ്പ് സ്ഥാനാർഥി എന്നനിലയിലാണ് മുകേഷിനെ അവതരിപ്പിച്ചത്.

ജയിച്ചശേഷം മുകേഷിന്റെ പ്രവർത്തനത്തിനെതിരേ പലഘട്ടങ്ങളിലും പരാതികളുയർന്നു. പാർട്ടി പ്രാദേശികനേതാക്കളെ കണ്ടാൽ അറിയില്ലെന്നുവരെ ആക്ഷേപമുണ്ടായി. മുകേഷിന് രണ്ടാമതും അവസരം കൊടുത്തപ്പോഴും പാർട്ടിയിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. രണ്ടാംതവണ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞത് ചൂണ്ടിക്കാട്ടി അവർ വിമർശനവുമുയർത്തി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്താനാകാതെ ഒടുവിൽ സി.പി.എം. നേതൃത്വം മുകേഷിനെത്തന്നെ മത്സരിപ്പിക്കുകയായിരുന്നു. മുകേഷിന് താത്‌പര്യം ഇല്ലാതിരുന്നിട്ടും സംസ്ഥാനത്തെ മുതിർന്ന നേതാവിനെക്കൊണ്ട് സംസാരിച്ച് സമ്മതിപ്പിക്കുകയായിരുന്നു എന്നാണ് വിവരം.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് മുകേഷിന്റെ സ്ഥാനാർഥിത്വം പല ഘടകങ്ങളിലും ചർച്ചയാകുകയും വലിയ വിമർശനമായി വരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിഷയം പാർട്ടി സമ്മേളനങ്ങളിൽ പ്രതിഫലിക്കുമെന്ന ആശങ്ക നേതാക്കൾ പങ്കുവയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button