Latest NewsKeralaNews

‘അമ്മ’യില്‍ പൊട്ടിത്തെറി: മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും രാജിവച്ചു, ഭരണസമിതി പിരിച്ചു വിട്ടു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമയിലുണ്ടായ വെളിപ്പെടുത്തലില്‍ താരസംഘടന അമ്മയില്‍ പൊട്ടിത്തെറി. മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും രാജിവെച്ചു. നിലവിലെ അമ്മ ഭരണസമിതി പിരിച്ചുവിട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടറിനെ തുടര്‍ന്ന് സിനിമ രംഗത്തെ അതിക്രമങ്ങളില്‍ പരാതിയുമായി കൂടുതല്‍പ്പേര്‍ രംഗത്ത് എത്തിയതിന് പിന്നാലെ താര സംഘടനയായ അമ്മയില്‍ കടുത്ത ഭിന്നതയുണ്ടായിരുന്നു.

Read Also: നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ ഓട്ടോ ഡ്രൈവര്‍ അതിക്രൂരമായ ബലാത്സംഗത്തിനിരയാക്കി: സംഭവം നടന്നത് നാല് ദിവസങ്ങള്‍ക്ക് മുമ്പ്

ആരോപണവിധേയനായ ജോയിന്‍ സെക്രട്ടറി ബാബുരാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യവും ശക്തമാണ്. ആവശ്യം ശക്തമാക്കിയതില്‍ ഏറെയും അമ്മയിലെ വനിതാ അംഗങ്ങളാണ് എന്നാണ് വിവരം.

കഴിഞ്ഞ ദിവസം അമ്മയ്ക്ക് തെറ്റുപറ്റിയെന്ന് പരസ്യമായി പറഞ്ഞ് നടന്‍ പൃഥ്വിരാജ് രംഗത്ത് എത്തിയിരുന്നു. അമ്മയുടെ നിലപാട് ദുര്‍ബലമാണ്. പവര്‍ ഗ്രൂപ്പ് ഉണ്ടെങ്കില്‍ അത് ഇല്ലാതാകണം, ഞാന്‍ അനുഭവിച്ചിട്ടില്ല എന്നത് കൊണ്ട് അങ്ങനെ ഒരു ഗ്രൂപ്പ് ഇല്ലെന്ന് പറയന്‍ കഴിയില്ല. ഒരു പദവിയില്‍ ഇരിക്കുന്നവര്‍ ആരോപണം നേരിടുമ്പോള്‍ പദവി ഒഴിയുക തന്നെ വേണം. അമ്മ ശക്തമായ നിലപാട് എടുക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. എല്ലാവരും ഒത്തു ചേര്‍ന്നുള്ള സംഘടന സംവിധാനം ആണ് വേണ്ടത്, അതുടനെ വരും എന്നു പ്രതീക്ഷിക്കുന്നു. സിനിമയില്‍ ബഹിഷ്‌കരണവും വിലക്കും പാടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഇന്ന് നടത്താനിരുന്ന ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് യോഗം മാറ്റിവച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. നടനും അമ്മ പ്രസിഡന്റുമായ മോഹന്‍ലാലിന് യോഗത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ അസൗകര്യമുള്ളതിനാലാണ് യോഗം മാറ്റിവച്ചിരിക്കുന്നത് എന്നാണ് ഔദ്യോഗിക വിവരം വന്നത്. മോഹന്‍ലാല്‍ നിലവില്‍ ചെന്നൈയിലാണെന്നാണ് വിവരം. മോഹന്‍ലാലിന് നേരിട്ട് തന്നെ യോഗത്തില്‍ പങ്കെടുക്കണമെന്ന് പറഞ്ഞതുകൊണ്ടുമാണ് യോഗം മാറ്റിവച്ചത്. പുതിയ തീയതി ഉടന്‍ അറിയിക്കാമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചിരുന്നു. അതിനിടയിലാണ് കൂട്ടരാജിയുണ്ടായത്.

മോഹന്‍ലാലിന്റെ രാജിക്കത്തിന്റെ പൂര്‍ണ്ണരൂപം..

‘ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നു.

രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.

‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്‍പ്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവര്‍ക്കും നന്ദി, വിമര്‍ശിച്ചതിനും തിരുത്തിയതിനും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button