തൃശൂർ: പ്രണയിച്ച് വഞ്ചിച്ചയാളിൽ നിന്നും നീതി തേടി നാഗാലാൻഡ് സ്വദേശിനിയായ യുവതി ഒരു വർഷമായി തൃശ്ശൂരിൽ. പ്രണയിച്ച് ഗർഭിണിയാക്കിയ തൃശ്ശൂർ സ്വദേശി വാക്കുമാറിയതോടെ ഈ ഇരുപത്തിരണ്ടുകാരിക്ക് നഷ്ടമായത് സ്വന്തം കുടുംബത്തെയും ഗോത്രത്തെയുമാണ്. ജന്മനാട്ടിൽ കയറണമെങ്കിൽ പോലും ഈ യുവതിക്ക് ഇനി പഴയ കാമുകൻ വിവാഹം കഴിച്ച് വിവാഹ മോചനം നൽകണം. യുവാവിനെതിരെ തൃശ്ശൂരിൽ താമസിച്ച് കഴിഞ്ഞ ഒരു വർഷമായി നിയമപോരാട്ടം നടത്തുകയാണ് ഈ യുവതി.
നാഗാലാൻഡിലെ ദിമാപുരിലെ ഗോത്രവർഗ കുടുംബാംഗമാണ് യുവതി. അച്ഛൻ പ്രാദേശിക ഗോത്രവർഗ സമുദായാംഗവും അമ്മ നേപ്പാൾ സ്വദേശിനിയുമാണ്. അമ്മയുടെ പൗരത്വം ലഭിച്ച പെൺകുട്ടിയുടെ തിരിച്ചറിയൽ രേഖകളൊക്കെയും നേപ്പാളിൽ നിന്നുള്ളതാണ്. പെൺകുട്ടി ഖത്തറിൽ ജോലിക്കെത്തിയ സമയത്താണു തൃശൂർ കയ്പമംഗലം സ്വദേശിയുമായി അടുപ്പത്തിലാകുന്നത്. വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ചു പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നു പരാതിയിൽ പറയുന്നു. ഗർഭഛിദ്രം നടത്തിയാൽ വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ചു പെൺകുട്ടിയെ യുവാവ് നാഗാലാൻഡിലേക്കയച്ചു. ഗോത്രവർഗ കലാപം നടക്കുന്ന സമയമായിട്ടുപോലും പെൺകുട്ടി പോയി ഗർഭഛിദ്രം നടത്തി. തിരിച്ചെത്തിയപ്പോൾ യുവാവ് മുങ്ങി.
ആദ്യമായി ഒന്നിച്ചുകഴിഞ്ഞ പുരുഷനെത്തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ ഊരുവിലക്കും എന്നതാണു പെൺകുട്ടിയുടെ ഗോത്രത്തിന്റെ രീതി. യുവാവ് വിവാഹത്തിൽനിന്നു പിന്മാറിയതോടെ ഗോത്രവും കുടുംബവും പെൺകുട്ടിയെ പുറത്താക്കി. വിവാഹം കഴിച്ച ശേഷം വിവാഹമോചനം നേടിയെത്തിയാൽ മാത്രമേ പെൺകുട്ടിയോടു സംസാരിക്കാൻ പോലും കുടുംബം കൂട്ടാക്കൂ.
ഇതോടെയാണു വിവാഹമെന്ന ആവശ്യം ഉന്നയിച്ചു പെൺകുട്ടി ഒരുവർഷം മുൻപു തൃശൂരിലെത്തിയത്. ബിഎസ്പി പ്രവർത്തക രശ്മി മോഹനന്റെ സഹായത്തോടെ കയ്പമംഗലം പൊലീസിൽ പരാതി നൽകി. കേസ് പിൻവലിച്ചാൽ വിവാഹം കഴിക്കാമെന്നു യുവാവ് വീണ്ടും വാഗ്ദാനം നൽകി. കേസ് പിൻവലിക്കാൻ യുവതി തയാറായതോടെ യുവാവ് വീണ്ടും നയം മാറ്റി. ഖത്തറിലേക്കു മടങ്ങുകയും ചെയ്തു. ഇതോടെ, ചതിയിൽ മനംനൊന്ത പെൺകുട്ടി പീഡന പരാതിയുമായി ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു. ജില്ലാ കോടതിയിലും ഹൈക്കോടതിയിലും നിയമപോരാട്ടം തുടരുകയാണ് യുവതി. ഹോസ്റ്റലിലാണ് താമസം. കോടതി നിർദേശപ്രകാരം പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കേസ് പിൻവലിച്ച് തിരിച്ചുപോകാൻ എത്ര പണം വേണമെങ്കിലും നൽകാമെന്നാണ് യുവാവും ബന്ധുക്കളും പറയുന്നത് എന്നാണ് യുവതി പറയുന്നത്. എന്നാൽ, തനിക്കു വേണ്ടതു പണമോ പ്രണയമോ അല്ല, നാഗാലാൻഡിലുള്ള തന്റെ കുടുംബമാണെന്ന നിലപാടിലാണ് യുവതി. അതിനു വേണ്ടി ഒരു വർഷമല്ല, ഒരായുസ്സു മുഴുവൻ പോരാടുമെന്നും യുവതി കൂട്ടിച്ചേർത്തു.
Post Your Comments