കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടണമെന്നും, പുറത്തു വിടുന്നതിന് മുമ്പ് താനുള്‍പ്പടെ മൊഴി നല്‍കിയ വ്യക്തികള്‍ക്ക് അതിലെ ഉള്ളടക്കം അറിയണമെന്നും നടി രഞ്ജിനി ആവശ്യപ്പെട്ടു. തന്റെ ഹര്‍ജി കൂടി പരിഗണിച്ചതിന് ശേഷമേ റിപ്പോര്‍ട്ട് പുറത്തു വിടൂവെന്ന സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണെന്നും രഞ്ജിനി പറഞ്ഞു.
ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തു വിടാത്തതില്‍ സര്‍ക്കാരിനോട് നന്ദി പറയുന്നു. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് താനായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല. കോടതിയെ മാത്രമാണ് സമീപിച്ചത്. അതിന് തനിക്ക് നിയമപരമായ അവകാശമുണ്ട്. നല്‍കിയ മൊഴിയില്‍ എന്താണ് റിപ്പോര്‍ട്ടില്‍ വന്നതെന്നറിയാനുള്ള അവകാശം തനിക്കുണ്ട്. റിപ്പോര്‍ട്ട് ലഭിക്കുകയെന്ന കാര്യം തന്റെ മൗലികവകാശമാണെന്നും രഞ്ജിനി പറഞ്ഞു.
ഡബ്ല്യുസിസിയും വനിതാ കമ്മീഷനും ഇതിന്റെ കോപ്പി ചോദിക്കുമെന്ന് കരുതി. എന്നാല്‍ ആരും അക്കാര്യം ആവശ്യപ്പെട്ടില്ല.അത് അറിഞ്ഞപ്പോഴാണ് താന്‍ കോടതിയെ സമീപിച്ചതെന്നും രഞ്ജിനി പറഞ്ഞു.
‘തന്നെ വിമര്‍ശിക്കുന്നവര്‍ വിമര്‍ശിച്ചോട്ടെ. താന്‍ കോടതിയിലും നിയമ വ്യവസ്ഥയിലും പൂര്‍ണമായി വിശ്വസിക്കുന്നു. സിനിമ മേഖലയിലെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി കൊണ്ട് കാര്യമില്ല സിനിമയിലെ ഉന്നതര്‍ക്ക് കമ്മിറ്റിയെ സ്വാധീനിക്കാം. അങ്ങനെയാകുമ്പോള്‍ നീതി വീണ്ടും നിഷേധിക്കപ്പെടും’, രഞ്ജിനി പറഞ്ഞു.
Post Your Comments