കൊല്ലം: ബി.എസ്.എൻ.എല്‍ റിട്ട. ജനറല്‍ മാനേജർ സി.പാപ്പച്ചനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുത്തവരെ തേടി പൊലീസ്. പാപ്പച്ചന്റേത് അപകടമരണമാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ മരണത്തില്‍ പാപ്പച്ചന്റെ മകള്‍ക്ക് ചില സംശയങ്ങള്‍ തോന്നിയതിനെ തുടർന്ന് നൽകിയ പരാതിയിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.
മെയ് 23ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് പാപ്പച്ചൻ മരിച്ചത്. 27നായിരുന്നു സംസ്കാരം നടന്നത്. കൊല്ലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പിന്നാലെ വീട്ടിലും പിന്നീട് പന്തളം കുടശ്ശനാട്ടും എത്തിച്ചതിനുശേഷമാണ് സംസ്കരിച്ചത്. പ്രതികളില്‍ ആരൊക്കെ ചടങ്ങുകളില്‍ പങ്കെടുത്തുവെന്നും അവർ പരസ്പരം സംസാരിച്ചോയെന്നും പരിശോധിക്കും.
പ്രതി മാഹീൻ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഈ ദൃശ്യങ്ങള്‍ പരിശോധിക്കും. കൂടാതെ പാപ്പച്ചന്റെ ബന്ധുക്കളും സുഹൃത്തുക്കളും അല്ലാതെ ചടങ്ങില്‍ പങ്കെടുത്തവർ ആരെല്ലാമാണെന്നും അന്വേഷിക്കും.
പാപ്പച്ചന്റെ പണം തട്ടിയെടുത്തതിനെ തുടർന്നുണ്ടായ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാൻ ബാങ്ക് മാനേജർ സഹപ്രവർത്തകന്റെ സഹായത്തോടെ ക്വട്ടേഷൻ നല്‍കിയായിരുന്നു കൊലപാതകം. കൊല്ലം തേവള്ളി കാവില്‍ ഹൗസില്‍ വാടകയ്ക്ക് താമസിക്കുന്ന സരിത (45), ബാങ്കിലെ എക്സിക്യുട്ടീവായിരുന്ന മരുത്തടി സ്വദേശി അനൂപ് (37), ക്വട്ടേഷൻ ഏറ്റെടുത്ത പോളയത്തോട് അനിമോൻ മൻസിലില്‍ അനിമോൻ (44), കടപ്പാക്കട പുത്തൻവീട്ടില്‍ മാഹീൻ (47), ഇരുവരുടെയും സുഹൃത്തായ പോളയത്തോട് സല്‍മാ മൻസിലില്‍ ഹാഷിഫ് (27) എന്നിവർ ഇപ്പോൾ അറസ്റ്റിലായിരിക്കുകയാണ്.
Post Your Comments