മേപ്പാടി: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഡിഎന്‍എ ഫലം പ്രസിദ്ധീകരിക്കുന്നത് ഇനി നിര്‍ണായകം. മൃതദേഹം തിരിച്ചറിയുന്നതിനൊപ്പം കാണാതായവരുടെ പട്ടിക പുതുക്കാനാകും എന്നാണ് പ്രതീക്ഷ. മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ഉള്‍പ്പെടെ 401 ഡിഎന്‍എ പരിശോധന കഴിഞ്ഞു. ഇതില്‍ 349 ശരീര ഭാഗങ്ങള്‍ 248 പേരുടേതാണെന്ന് തിരിച്ചറിഞ്ഞു. 121 പുരുഷന്മാരും 127 സ്ത്രീകളെയുമാണ് തിരിച്ചറിഞ്ഞത്. 437 ശരീര ഭാഗങ്ങള്‍ ആണ് ഇതുവരെ കണ്ടെത്തിയത്. കൂടുതല്‍ അഴുകിയ ശരീര ഭാഗങ്ങളുടെ ഡിഎന്‍എ ഫലം ഇനിയും വൈകും. ബന്ധുക്കളുടെ ഡിഎന്‍എയുമായി ഒത്തുനോക്കി ആളെ തിരിച്ചറിയലാണ് അടുത്ത ഘട്ടം. 119 രക്ത സാമ്പിള്‍ ആണ് ഇതിനായി ശേഖരിച്ചത്. ഈ ഫലം കൂടി കിട്ടിയാല്‍ മരിച്ചവരുടെ എണ്ണത്തിലും ഇവരുടെ വിവരങ്ങളിലും വ്യക്തത വരും. സര്‍ക്കര്‍ കണക്കില്‍ ഇതുവരെ 231 ആണ് മരണമാണ് സ്ഥിരീകരിച്ചത്. 128 പേരെ കാണാതായിട്ടുണ്ട്.
അതേസമയം, ദുരന്തത്തിന് ഇരയായവരെ വാടകവീടുകളിലേക്ക് മാറ്റുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന. വാടകവീടുകള്‍ കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മരിച്ചവരുടെയും നഷ്ടപ്പെട്ട സ്വത്തിന്റെയും അവകാശികളാരെന്ന് ഉറപ്പാക്കാനുള്ള നിയമപ്രശ്‌നത്തിനും ഉടന്‍ പരിഹാരം കണ്ടെത്തും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന കഴിഞ്ഞ ദിവസം 110 കോടി കവിഞ്ഞിരുന്നു.
Post Your Comments