വയനാട്: ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലിനിടെ ചാലിയാറിന്റെ തീരത്ത് 2 ശരീര ഭാഗങ്ങള്‍ കണ്ടെത്തി. മുണ്ടേരി ഇരുട്ടുകുത്തിയില്‍ നിന്നും ചാലിയാര്‍ കൊട്ടുപാറ കടവില്‍ നിന്നുമാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. സൂചിപ്പാറ മേഖലയില്‍ അടക്കം ഇന്നും തെരച്ചില്‍ തുടരുകയാണ്. ഏഴ് സംഘങ്ങളായാണ് കലക്കന്‍ പുഴ മുതല്‍ സൂചിപ്പാറ മൂന്നാം വെള്ളച്ചാട്ടം വരെ തെരച്ചില്‍ നടത്തുന്നത്. ഫയര്‍ഫോഴ്‌സ്, എന്‍ഡിആര്‍എഫ്, ഫോറസ്റ്റ്, സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ വിവിധയിടങ്ങളിലെ തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം, ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച വിദഗ്ധ സംഘം ഉരുള്‍പൊട്ടല്‍ മേഖലയില്‍ വിശദമായ പരിശോധന നടത്താനും ഈ പ്രദേശങ്ങള്‍ ജനവാസയോഗ്യമാണോയെന്നതില്‍ ശുപാര്‍ശ നല്‍കാനും അടുത്തയാഴ്ച സ്ഥലം സന്ദര്‍ശിക്കും. നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സിലെ മുന്‍ ശാസ്ത്രജ്ഞന്‍ ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള 6 അംഗ സംഘമാണ് ഇതിനായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. ദുരന്തബാധിതരെ മാറ്റി പാര്‍പ്പിക്കാനായി സര്‍ക്കാര്‍ പരിഗണിക്കുന്ന ഭൂമിയും സംഘം പരിശോധിക്കും. ഉരുള്‍പ്പൊട്ടലില്‍ രേഖകള്‍ നഷ്ടമായവര്‍ക്ക് അത് വീണ്ടും നല്‍കുന്നതിനായുള്ള നടപടികള്‍ രണ്ട് ക്യാംപുകളിലായി തുടങ്ങിയിട്ടുണ്ട്. മേപ്പാടി സെന്റ് ജോസഫ് സ്‌കൂളിലും ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും ക്യാമ്പുകളില്‍ കഴിയുന്നുവരില്‍ നിന്ന് വിവരം ശേഖരണം നടത്തിയാണ് ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുന്നത്.
Post Your Comments