KeralaLatest NewsNews

പാപ്പച്ചന്റെ കൊല നടന്നത് എങ്ങനെയെന്ന് വിശദീകരിച്ച് പൊലീസ്

കൊല്ലം: കൊല്ലം ആശ്രാമത്ത് സൈക്കിള്‍ യാത്രികനായ വയോധികന്‍ കാര്‍ തട്ടി മരിച്ചത് കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തില്‍ ബ്രാഞ്ച് മാനേജര്‍ സരിത, അക്കൗണ്ടന്റ് അനൂപ് എന്നിവരടക്കം 5 പേര്‍ അറസ്റ്റിലായി. അനിമോന്‍ അമിത വേഗത്തില്‍ കാര്‍ ഓടിച്ച് വന്ന് പാപ്പച്ചനെ ഇടിക്കുകയായിരുന്നുവെന്നും കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയത് സരിതയാണെന്നും പൊലീസ് പറയുന്നു. പണം തട്ടി എടുക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയത്. വ്യക്തമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണിതെന്നും പൊലീസ് കണ്ടെത്തി.

Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തി

റോഡിലൂടെ സൈക്കിളില്‍ പോവുകയായിരുന്ന പാപ്പച്ചന്‍ കാറിടിച്ചാണ് മരിച്ചത്. അപകട മരണമെന്ന് എഴുതി തള്ളുമായിരുന്ന സംഭവത്തില്‍ പാപ്പച്ചന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. റിട്ട. ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനായ പാപ്പച്ചന്റെ പേരിലുള്ള 80 ലക്ഷത്തോളം രൂപയുടെ നിക്ഷേപം തട്ടിയെടുക്കാന്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ബ്രാഞ്ച് മാനേജരായ യുവതി കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. 50 ലക്ഷം രൂപ പ്രതികള്‍ പലപ്പോഴായി തട്ടിയെടുത്തുവെന്നും പൊലീസ് പറയുന്നു.

ക്വട്ടേഷന്‍ ഏറ്റെടുത്ത സ്ഥിരം കുറ്റവാളി അനിമോന്‍ പാപ്പച്ചനെ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവ ദിവസം അനൂപാണ് പാപ്പച്ചനെ വിളിച്ച് വരുത്തിയത്. വരുന്ന വഴിക്കാണ് കാര്‍ കൊണ്ട് ഇടിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.

തലയ്ക്കും നെഞ്ചിനുമേറ്റ പരിക്കാണ് മരണകാരണം. മാഹീന്‍ എന്ന പ്രതി പാപ്പച്ചനെ ആശുപത്രിയില്‍ കൊണ്ട് പോകുന്നത് വൈകിപ്പിച്ചുവെന്നും കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ വിവേക് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാപ്പച്ചന്റെ അക്കൗണ്ടില്‍ നിന്നാണ് അനിമോന് ക്വട്ടേഷനുള്ള പണം നല്‍കിയത്. പ്രതികളുടെയും പാപ്പച്ചന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം കേസില്‍ നിര്‍ണായകമായി. ബ്രാഞ്ച് മാനേജരായ സരിതയും അക്കൗണ്ടന്‍് അനൂപും ചേര്‍ന്നാണ് എല്ലാം ആസൂത്രണം ചെയ്തത്. സരിത, അനൂപ്, ക്വട്ടേഷനെടുത്ത അനിമോന്‍, ഇയാളുടെ സുഹൃത്ത് മാഹീന്‍, കാര്‍ വാടകയ്‌ക്കെടുത്ത ഹാഷിഫ് എന്നിവരെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button