കൊല്ലം: റൗഡി ലിസ്റ്റിലുള്ള അനിമോന്‍ ബാങ്ക് മാനേജരായ സരിതയുമായി സ്ഥിരം ഫോണില്‍ സംസാരിച്ചത് എന്തിനാണെന്ന സംശയമാണു ബിഎസ്എന്‍എല്‍ റിട്ട.എന്‍ജിനീയര്‍ സി.പാപ്പച്ചന്റെ അപകട മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ എത്തിച്ചത്. ബാങ്കിലെ തന്റെ നിക്ഷേപം സരിതയും ബാങ്ക് ജീവനക്കാരനായ അനൂപും തട്ടിയെടുത്തെന്നു സംശയിച്ച പാപ്പച്ചന്‍ അന്വേഷണം ആരംഭിച്ചതോടെ കൊലപ്പെടുത്താന്‍ പദ്ധതി തയാറാക്കി. സരിത ക്വട്ടേഷന്‍ നല്‍കിയതു സുഹൃത്തായ അനിമോനാണ്. അനിമോനും സരിതയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ പൊലീസിനു തെളിവായി.
Read Also: വയറുകീറി ആന്തരികാവയവങ്ങള്‍ പുറത്തുവന്ന നിലയില്‍ കോളേജ് അധ്യാപകന്റെ മൃതദേഹം
പന്തളം കുടശനാട് സ്വദേശിയാണെങ്കിലും ദീര്‍ഘകാലമായി കൊല്ലത്തായിരുന്നു പാപ്പച്ചന്‍ താമസിച്ചിരുന്നത്. ഭാര്യ മെറ്റില്‍ഡ കോട്ടയത്താണ്. മകന്‍ ജേക്കബ് കുവൈത്തിലും മകള്‍ ലക്‌നൗവിലുമാണു ജോലി ചെയ്യുന്നത്. അവസാനകാലത്ത് ഒറ്റയ്ക്കായിരുന്നു താമസം. പാപ്പച്ചനെ വാഹനം ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയ അനിമോനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ആദ്യം പൊലീസ് കേസെടുത്തത്. സംശയം തോന്നാത്തതിനാല്‍ ജാമ്യത്തില്‍വിട്ടു.
മകള്‍ക്കു തോന്നിയ സംശയമാണ് കേസില്‍ വഴിത്തിരിവുണ്ടാക്കിയത്. വീട്ടുകാരുമായി പിണക്കത്തിലായിരുന്ന പാപ്പച്ചന്റെ നിക്ഷേപത്തെക്കുറിച്ച് ആര്‍ക്കും അറിയില്ലെന്നു സരിതയ്ക്ക് അറിയാമായിരുന്നു. പാപ്പച്ചന്‍ അപകടത്തില്‍ കൊല്ലപ്പെട്ടാല്‍ ആരും സംശയിക്കില്ലെന്നും കരുതി. എന്നാല്‍, പിതാവിന്റെ ബാങ്ക് ഇടപാടുകള്‍ മകള്‍ അന്വേഷിച്ചതോടെ സംശയം ബലപ്പെട്ടു.
പിതാവിന്റെ മരണത്തെ തുടര്‍ന്നു നാട്ടിലെത്തിയ റേച്ചലിനോടു പാപ്പച്ചന് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വലിയ വായ്പ ഉണ്ടെന്നു ചിലര്‍ പറഞ്ഞു. ഇതിന്റെ വിവരം അന്വേഷിക്കാന്‍ ബാങ്കില്‍ എത്തിയ റേച്ചലിനോട് ബ്രാഞ്ച് മാനേജരായ സരിത ആദ്യം ഒന്നും പറഞ്ഞില്ല. പിന്നീട്, അവിടെനിന്ന് 25 ലക്ഷത്തോളം രൂപ വായ്പ എടുത്തിട്ടുണ്ടെന്നു പറഞ്ഞു. സംശയം തോന്നിയതോടെയാണു പൊലീസില്‍ പരാതി നല്‍കിയത്. റൗഡി ലിസ്റ്റിലുള്ള അനിമോനെ പൊലീസിനു നേരത്തേ അറിയാം. അയാളുടെ ഫോണ്‍ രേഖകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചപ്പോഴാണു സരിതയുമായുള്ള അടുപ്പം മനസ്സിലായത്.
ഗുണ്ടയുമായി സരിതയ്ക്ക് എന്താണ് ബന്ധമെന്നായി പൊലീസിന്റെ ആലോചന. ബാങ്കില്‍ രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ സരിതയും അനൂപും നടത്തിയ സാമ്പത്തിക തിരിമറിയുടെ വിവരങ്ങള്‍ ലഭിച്ചു. പാപ്പച്ചന്റെ അക്കൗണ്ടിലും തിരിമറി നടന്നതായി വ്യക്തമായി. ഈ തുക സരിതയുടെയും അനൂപിന്റെയും അക്കൗണ്ടിലെത്തിയിരുന്നു. ഇതിന്റെ വിഹിതം അനിമോനു ലഭിച്ചതായും മനസ്സിലാക്കി. </p>
Post Your Comments