തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 65 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആറുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതി രാഹുലി(30)നെ തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആര്‍.രേഖ ആണ് ശിക്ഷിച്ചത്. പ്രതിയുടെ വീട്ടില്‍ കളിക്കാനെത്തിയ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലാണ് വിധി. പ്രതി കേസിൽ പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും പിഴ അടച്ചില്ലെങ്കില്‍ പ്രതി എട്ടുമാസം കൂടി അധികം തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. ആറുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
2023 ഏപ്രില്‍ മാസത്തിലെ മൂന്നുദിവസങ്ങളിലാണ് ആറുവയസ്സുകാരി പീഡനത്തിനിരയായത്. പ്രതിയുടെ വീട്ടില്‍ കളിക്കാനെത്തിയ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പീഡനത്തിനിടെ കുട്ടി ഉറക്കെ കരഞ്ഞപ്പോള്‍ കുട്ടിയുടെ വസ്ത്രം വായില്‍തിരുകി. സംഭവം പുറത്തുപറഞ്ഞാല്‍ മര്‍ദിക്കുമെന്നും ഭീഷണിപ്പെടുത്തി.
പീഡനത്തെത്തുടര്‍ന്ന് കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഗുരുതരമായ പരിക്കേറ്റിരുന്നു. വേദനയെത്തുടര്‍ന്ന് കരഞ്ഞപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അമ്മ ശ്രമിച്ചെങ്കിലും ഭയം കാരണം കുട്ടി സമ്മതിച്ചില്ല. നിര്‍ത്താതെ കരഞ്ഞതോടെ അമ്മ പിന്നീട് കുട്ടിയുമായി ജോലിചെയ്യുന്ന ഓഫീസിലെത്തി. ഇവിടെവെച്ചും കുട്ടി കരച്ചില്‍ തുടര്‍ന്നതോടെ അമ്മയുടെ സഹപ്രവര്‍ത്തക ഇക്കാര്യം ശ്രദ്ധിക്കുകയും കുട്ടിയുടെ സ്വകാര്യഭാഗം പരിശോധിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെയാണ് ഗുരുതരമായ പരിക്ക് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ആവര്‍ത്തിച്ച് ചോദിച്ചതോടെ ആറുവയസ്സുകാരി പീഡനവിവരം വെളിപ്പെടുത്തി. ഉടന്‍തന്നെ വീട്ടുകാര്‍ പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയിലും പീഡനം സ്ഥിരീകരിച്ചു.
വനിതാ പോലീസ് സ്റ്റേഷന്‍ എസ്.ഐ. ആശാചന്ദ്രന്‍, പേരൂര്‍ക്കട ഇന്‍സ്‌പെക്ടര്‍ വി. സൈജുനാഥ് എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ഒരുമാസം കൊണ്ടാണ് കേസില്‍ വിചാരണ പൂര്‍ത്തിയായത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍, ആര്‍.വൈ.അഖിലേഷ് അതിയന്നൂര്‍ എന്നിവര്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. പ്രോസിക്യൂഷന്‍ 15 സാക്ഷികളെ വിസ്തരിച്ചു. 25 രേഖകളും ഹാജരാക്കി.
Post Your Comments