KeralaLatest NewsNews

വയനാട് ദുരന്തം: മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരം, തകര്‍ന്ന വീടുകളില്‍ മൃതദേഹം കുടുങ്ങിക്കിടക്കുന്നു

വയനാട്: വയനാട് മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരണ സംഖ്യ ഉയരുന്നു. 153 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. രാവിലെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ച മുതല്‍ നിരവധി മൃതദേഹങ്ങളാണ് കണ്ടെടുക്കുന്നത്. മുണ്ടക്കൈയിലെ തകര്‍ന്ന വീടുകളില്‍ നിന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത്. ഈ പ്രദേശത്ത് നിലവില്‍ നാലുവീടുകളില്‍ 8 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കസേരയില്‍ ഇരുന്ന അവസ്ഥയിലും മൃതദേഹങ്ങളുണ്ട് എന്നതാണ് ദയനീയമായ കാഴ്ച. എന്നാല്‍ തകര്‍ന്ന വീടിനുള്ളില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കല്‍ ദുഷ്‌കരമാണ്. വടംകെട്ടി വലിച്ചാണ് വീടുകളുടെ മേല്‍ക്കൂര മാറ്റുന്നത്. നിലവില്‍ ഒരു മൃതദേഹം മാറ്റിയിട്ടുണ്ട്. അതേസമയം, ബെയിലി പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.

Read Also: മുണ്ടക്കൈയില്‍ നിന്ന് 800 പേരെ രക്ഷിച്ചെന്ന് രക്ഷാപ്രവര്‍ത്തകര്‍; കുടുങ്ങിക്കിടന്നവരെയെല്ലാം സുരക്ഷിത സ്ഥാനത്തെത്തിച്ചു

രക്ഷാപ്രവര്‍ത്തനം ഒരു വശത്ത് നടക്കുമ്പോള്‍ മറുഭാഗത്ത് സംസ്‌കാര ചടങ്ങുകളും പുരോഗമിക്കുന്നുണ്ട്. മേപ്പാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാന്‍, കാപ്പം കൊല്ലി ജുമാ മസ്ജിദ് ഖബര്‍സ്ഥാന്‍, നെല്ലിമുണ്ട ജുമാമസ്ജിദ് ഖബ്ര്‍ സ്ഥാന്‍ എന്നിവിടങ്ങളില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള തയ്യാറെടുപ്പ് പുരോഗമിക്കുകയാണ്. നിലമ്പൂരില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ രണ്ടര മണിക്കൂറിനകം മേപ്പാടിയില്‍ എത്തിക്കും. ഇന്നലെ രാത്രിനിര്‍ത്തിയ രക്ഷാപ്രവര്‍ത്തനം രാവിലെ ആറ് മണിയോടെയാണ് സൈന്യം വീണ്ടും ആരംഭിച്ചത്. 4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാന്‍ കൂടുതല്‍ സൈന്യമെത്തും. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനാണ് പ്രഥമപരിഗണന. സൈന്യത്തിന് പിന്തുണ നല്‍കി സന്നദ്ധപ്രവര്‍ത്തകരും കൂടെയുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button