
ഷിരൂര്‍: മണ്ണിടിച്ചിലില്‍ അകപ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താന്‍ മത്സ്യത്തൊഴിലാളികളുടെ 8 അംഗ സംഘം ഗംഗാവലി പുഴയില്‍ തിരച്ചില്‍ നടത്തും. മത്സ്യത്തൊഴിലാളികളുടെ ‘ഈശ്വര്‍ മാല്‍പെ’ സംഘം ദൗത്യം ഏറ്റെടുത്തു. സമാന സാഹചര്യങ്ങളില്‍ നേരത്തെയും പ്രവര്‍ത്തിച്ചിട്ടുള്ള സംഘമാണിത്. അടിയൊഴുക്കുള്ള പുഴയില്‍ ഇറങ്ങി പരിചയമുള്ളവരാണ് സംഘത്തിലുള്ളവര്‍. നിരവധി പേരെ ഇവര്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്. നിരവധി മൃതദേഹങ്ങള്‍ പുഴയില്‍നിന്ന് എടുത്തിട്ടുണ്ട്. ഉഡുപ്പി ജില്ലയിലാണ് മാല്‍പെ.
Read Also: കശ്മീരില്‍ പാക് ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു: 4 സൈനികര്‍ക്ക് പരുക്കേറ്റു
അതേസമയം, എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി അര്‍ജുനായി തിരച്ചില്‍ നടത്തുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പൊന്റൂണ്‍ ബ്രിഡ്ജുകള്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍, ചില സാങ്കേതിക തടസ്സങ്ങളുണ്ടായി. രാജസ്ഥാനില്‍നിന്ന് സാങ്കേതിക സംഘം ഇന്നെത്തും.
നദിയിലെ അടിയൊഴുക്ക് ഇന്നലെ 5.5 നോട്‌സ് (മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗം) ആയിരുന്നു. 2 മുതല്‍ 3 നോട്‌സ് വരെ ഒഴുക്കില്‍ പുഴയിലിറങ്ങി പരിശോധിക്കാന്‍ നാവിക സേന സംഘം സന്നദ്ധരാണ്. 3.5 നോട്‌സ് (മണിക്കൂറില്‍ 6.4 കിലോമീറ്റര്‍ വേഗം) ആണെങ്കിലും പരിശോധനയ്ക്കു തയാറായേക്കും. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ പുഴയിലിറങ്ങുന്നത് അപകടമാണ്. ജില്ലാ ഭരണകൂടം പുഴ പരിചയമുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സഹായം തേടിയത് ഈ സാഹചര്യത്തിലാണ്.
Post Your Comments