മണാലി: കുളുമണാലിയില്‍ മേഘവിസ്‌ഫോടനം. എന്‍എച്ച് 3 അടച്ചു. അഞ്ജലി മഹാദേവ മേഖലയില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍. മണ്ഡിയ, കിന്നൗര്‍, കാന്‍ഗ്ര ജില്ലകളില്‍ 15 റോഡുകള്‍ അടച്ചു. ബുധനാഴ്ച വൈകിട്ടുണ്ടായ സംഭവത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അടല്‍ ടണലിന്റെ നോര്‍ത്ത് പോര്‍ട്ടല്‍ വഴി ലാഹൗളില്‍ നിന്നും സ്പിതിയില്‍ നിന്നും മണാലിയിലേക്ക് പോകുന്ന വാഹനങ്ങള്‍ റോഹ്താങ്ങിലേക്ക് തിരിച്ചുവിട്ടതായി പൊലീസ് അറിയിച്ചു. ആവശ്യമെങ്കില്‍ മാത്രം യാത്ര ചെയ്യാനും ജാഗ്രതയോടെ വാഹനം ഓടിക്കാനും വഴിയില്‍ ഉണ്ടായേക്കാവുന്ന അപകടത്തെക്കുറിച്ച് ബോധവാനായിരിക്കാനും പൊലീസ് യാത്രക്കാരോട് നിര്‍ദേശിച്ചു.
മാണ്ഡിയിലെ 12, കിന്നൗറിലെ രണ്ട്, കാന്‍ഗ്ര ജില്ലയില്‍ ഒന്ന് ഉള്‍പ്പെടെ മൊത്തം 15 റോഡുകള്‍ വാഹനഗതാഗതത്തിനായി അടച്ചു. ബുധനാഴ്ച രാത്രി സംസ്ഥാനത്ത് 62 ട്രാന്‍സ്ഫോര്‍മറുകള്‍ തകരാറിലായതായി സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു. ജൂലൈ 28 വരെ അടുത്ത നാല് ദിവസത്തേക്ക് ഹിമാചല്‍ പ്രദേശിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ബുധനാഴ്ച ‘യെല്ലോ’ അലര്‍ട്ട് പ്രഖ്യാപിച്ചു.
Post Your Comments