തിരുവനന്തപുരം: പാർട്ടിക്കും സർക്കാരിനും നഷ്ടപ്പെട്ട ജനകീയത തിരിച്ചുപിടിക്കാൻ സിപിഎം. പാർട്ടി പ്രവർത്തകർക്കും നേതൃത്വത്തിനും സർക്കാരിനുമുള്ള സമഗ്രമായ മാർഗനിർദ്ദേശമാണ് ഇതിനായി തയ്യാറാക്കുന്നത്. സർക്കാരിന്റെയും പാർട്ടിയുടെയും പ്രവർത്തന ശൈലിയിൽ കാതലായ മാറ്റം വേണമെന്നാണ് പ്രധാന നിർദ്ദേശം. ജനവിശ്വാസം ആർജിക്കാൻ കഴിയുന്ന രാഷ്ട്രീയ മുഖവുമായാകണം തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിടേണ്ടത് എന്നാണ് നേതൃത്വത്തിന്റെ പ്രധാനപ്പെട്ട നിർദ്ദേശം.
ക്ഷേമപെൻഷൻ എല്ലാമാസവും മുടങ്ങാതെ നൽകുകയും കുടിശ്ശിക അടുത്തവർഷത്തോടെ തീർക്കുകയും ചെയ്യണമെന്ന നിർദേശമാണ് സർക്കാരിന് പ്രധാനമായും നൽകുന്നത്. അടിസ്ഥാനജനവിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ മുടങ്ങരുത്. പദ്ധതികൾ സമയബന്ധിതമായി തീർക്കുകയും സർക്കാരിന്റെ പ്രവർത്തനങ്ങൾ ധാരാളിത്തമുള്ളതാണെന്ന തോന്നൽ ജനങ്ങളിലുണ്ടാകാതിരിക്കുകയും വേണം. സർക്കാർ പ്രവർത്തനം കൂടുതൽ മെച്ചപ്പെടണം. ലൈഫ് ഭവനപദ്ധതിനടപടികൾ വേഗത്തിലാക്കണം. തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പ്രത്യേക ശ്രദ്ധപുലർത്തണം.
അടിസ്ഥാനവിഭാഗങ്ങളുടെ വോട്ടുചോർച്ചയിൽ പാർട്ടി അംഗങ്ങൾക്ക് ജനങ്ങളുമായി ബന്ധമില്ലാത്തതും കാരണമാണ്. ജനങ്ങൾക്കൊപ്പംനിന്ന് പ്രവർത്തിക്കാൻ ആളില്ലാതാകുന്ന സ്ഥിതിയുണ്ടാകുന്നു. സർക്കാർപദ്ധതികളിൽ കേന്ദ്രസഹായം ലഭിക്കാത്തത് തുറന്നുകാണിക്കാൻ ഓരോ മേഖലയിലെയും സംഘടനകൾ പ്രക്ഷോഭത്തിനിറങ്ങണം. പാർട്ടിയുടെ താഴെത്തട്ടിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച പരാതിയുണ്ടായാൽ അത് അടിയന്തരമായി ഇടപെട്ട് പരിഹരിക്കണമെന്നും മാർഗരേഖ പറയുന്നു. സംസ്ഥാനസമിതിയോഗം തിങ്കളാഴ്ച അവസാനിക്കും.
Post Your Comments