Latest NewsKeralaNews

നിപ ബാധിതനായ 14കാരന് ഹൃദയാഘാതം ഉണ്ടായി,ഓസ്ട്രേലിയയില്‍ നിന്നുള്ള മരുന്ന് നല്‍കുന്നതിന് തൊട്ടുമുന്‍പ് മരണം

കോഴിക്കോട്: നിപ ബാധിതനായ 14 കാരന്‍ മരിച്ചത് ഓസ്‌ട്രേലിയയില്‍ നിന്നുള്ള മരുന്ന് നല്‍കുന്നതിന് തൊട്ടുമുന്‍പ്. കഴിഞ്ഞ ദിവസമാണ് പുനെയില്‍ സൂക്ഷിച്ചിരുന്ന മോണോക്ലോണല്‍ ആന്റിബോഡിക്കായി കേരളം ഔദ്യോഗികമായി ആവശ്യപ്പെട്ടത്. രോഗ ലക്ഷണങ്ങള്‍ തുടങ്ങി അഞ്ച് ദിവസത്തിനുള്ളില്‍ മരുന്ന് രോഗിക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. മറ്റു പോംവഴികളില്ലാത്തത് കൊണ്ടാണ് പത്ത് ദിവസം പിന്നിട്ടിട്ടും മരുന്ന് നല്‍കാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

READ ALSO: സംസ്ഥാനത്ത് വീണ്ടും നിപ മരണം: നിപ ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 14കാരന്‍ മരിച്ചു

ഓസ്‌ട്രേലിയയില്‍ നിന്ന് ആന്റിബോഡി മരുന്നും പുണെയില്‍ പ്രതിരോധ വാക്‌സിനും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു. ഇത് നല്‍കുന്നതിന് മുന്‍പ് 10.50 ഓടെ കുട്ടിക്ക് ഹൃദയാഘാതം ഉണ്ടായി. 11.30 ഓടെ മരണം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമ്പോള്‍ കുട്ടി അബോധാവസ്ഥയാരുന്നു. വെന്റിലേറ്ററിലേക്കാണ് കുട്ടിയെ ഷിഫ്റ്റ് ചെയ്തിരുന്നത്. ഇന്ന് രാവിലെ മുതല്‍ മൂത്രത്തിന്റെ അളവ് കുറഞ്ഞു. ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കുട്ടിയുടെ അച്ഛനും അച്ഛന്റെ സഹോദരനും അടക്കം മൂന്നുപേര്‍ മെഡിക്കല്‍ കോളേജില്‍ ഐസോലേഷനിലാണ്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നാലുപേര്‍ ഐസോലേഷനിലാണ്. അതില്‍ ഒരാള്‍ക്ക് ഐസിയുവിലാണ്. ഹൈറിസ്‌കിലുള്ള മുഴുവന്‍ ആളുകളുടേയും സാമ്പിള്‍ പരിശോധിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് 14 കാരന്‍. ഈ മാസം 10 നാണ് കുട്ടിക്ക് പനി ബാധിച്ചത്. ആദ്യം വീടിന് സമീപത്തെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് പനി കുറയാതെ വന്നതോടെ അടുത്തുള്ള ആശുപത്രിയിലും ചികിത്സതേടി. അവിടെ നിന്നും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്രവ പരിശോധനാഫലം പോസറ്റീവ് ആയതോടെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button