KeralaIndia

കൊല്ലത്ത് പുതിയ റെയിൽവെ പാതയും റെയിൽവെ സ്റ്റേഷനും വരും; പുതിയ നിർദ്ദേശം റെയിൽവെയുടെ സജീവ പരി​ഗണനയിൽ

കൊല്ലം: കൊല്ലത്ത് പുതിയ റെയിൽവെ പാതയും റയിൽവെ സ്റ്റേഷനും നിർമ്മിക്കണമെന്ന് ശുപാർശ. കൊല്ലം റെയിൽവേ സ്റ്റേഷനിലെ എഞ്ചിനീയറിങ് വിഭാഗമാണ് തിരുവനന്തപുരം ഡിവിഷന് ഇത്തരമൊരു ശുപാർശ നൽകിയിരിക്കുന്നത്. കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും തിരുവനന്തപുരം ഭാ​ഗത്തേക്കുള്ള പാതയിലെ 700 മീറ്റർ ദൂരത്തോളമുള്ള എട്ട് ഡി​ഗ്രി വളവ് നിവർത്തുക പ്രായോ​ഗികമല്ലെന്നും അതിനാൽ ഇരവിപുരത്തുനിന്നു കല്ലുംതാഴത്തേക്ക് ബൈപാസ് നിർമിക്കണമെന്നുമാണ് ശുപാർശ. കല്ലുംതാഴത്ത് പുതിയ റയിൽവെ സ്റ്റേഷൻ നിർമ്മിക്കണമെന്നും നിർദ്ദേശമുണ്ട്.

കൊല്ലം ജം​ഗ്ഷൻ റയിൽവെ സ്റ്റേഷനിൽ നിന്നും തിരുവനന്തപുരം ഭാ​ഗത്തേക്കുള്ള പാതയിലെ എട്ട് ഡിഗ്രിയുള്ള കൊടും വളവ് വരുന്ന 700 മീറ്റർ ദൂരത്തിൽ വെറും 30 കിലോമീറ്റർ വേഗതയിൽ മാത്രമേ ട്രെയിൻ ഓടിക്കാൻ കഴിയുകയുള്ളൂ. ഇവിടെ നിവർത്തൽ സാദ്ധ്യമല്ല. ഈ പശ്ചാത്തലത്തിലാണ് പുതിയ റെയിൽവേ സ്റ്റേഷനും റെയിൽ പാതയും എന്ന നിർദേശം വന്നിരിക്കുന്നത്.

വളവ് നിവർത്തിയെടുക്കാൻ കഴിയാതെ വരുമ്പോൾ അത് വന്ദേഭാരത്, ജനശതാബ്ദി, സൂപ്പർഫാസ്റ്റ് ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കാനുള്ള നീക്കത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് തന്നെ മൂന്നാമതൊരു പാത നിർമ്മിക്കേണ്ടത് അത്യാവശ്യമാണെന്നാണ് കൊല്ലം റെയിൽവേ സ്റ്റേഷനിലെ എഞ്ചിനീയറിങ് വിഭാഗം നൽകിയിരിക്കുന്ന ശുപാർശ.നാഗർകോവിൽ, എറണാകുളം മാതൃകയിൽ ഇരവിപുരത്തുനിന്നു കല്ലുംതാഴത്തേക്ക് ബൈപാസ് നിർമിക്കണമെന്നാണ് ശുപാർശയിലുള്ളത്.

കൊല്ലം ബൈപാസിനോട് (ദേശീയപാത) ചേർന്ന് കല്ലുംതാഴത്ത് റെയിൽവേ സ്റ്റേഷൻ നിർമിച്ചുകൊണ്ട് പുതിയ റെയിൽവേ ലൈൻ സ്ഥാപിക്കണമെന്ന നിർദേശം തിരുവനന്തപുരം ഡിവിഷന്റെ സജീവ പരിഗണനയിലാണ്. കല്ലുംതാഴം വഴിയാണ് നിലവിൽ എറണാകുളം- തിരുവനന്തപുരം ലൈനും കൊല്ലം- പുനലൂർ- ചെങ്കോട്ട ലൈനും കടന്നുപോകുന്നത്. ഇരവിപുരത്തുനിന്നു കല്ലുംതാഴംവരെ ഏകദേശം ഒമ്പതുകിലോമീറ്റർ ദൂരത്തിൽ റെയിൽവേ ബൈപാസ് നിർമിച്ചാൽ നിർമാണച്ചെലവ് കുറയുമെന്നും എൻജിനിയറിങ് വിഭാഗം ചൂണ്ടിക്കാണിക്കുന്നു.

തിരുവനന്തപുരം ഭാഗത്ത് നിന്ന് വരുന്ന ട്രെയിനുകൾ എസ്എൻ കോളേജ് കഴിഞ്ഞാൽ സ്റ്റേഷൻവരെ എത്താൻ പത്ത് മുതൽ പതിനഞ്ച് മിനിറ്റ് വരെ എടുക്കുന്നുണ്ട്. കൊല്ലം സ്റ്റേഷനിൽനിന്നു തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകളുടെ അവസ്ഥയും സമാനമാണ്. എന്നാൽ, നഗരമദ്ധ്യത്തിലെ ഈ ഭാഗത്ത് നിലവിലെ ലൈനിലെ വളവ് നിവർത്തുക അസാദ്ധ്യമാണ്. ലൈനിന്റെ ഇരുവശവും വീടുകളും വ്യാപാരസ്ഥാപനങ്ങളും റോഡുമാണ്. ഇക്കാര്യം പരിഗണിച്ചാണ് ബൈപാസ് എന്ന നിർദേശം എഞ്ചിനീയറിങ് വിഭാഗം മുന്നോട്ടുവച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button